ഷഹ്‌സാദ് അലി ബി.ജെ.പി അനുകൂല സംഘടനയുടെ മുന്‍ സെക്രട്ടറി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
Shaheen Bagh protest
ഷഹ്‌സാദ് അലി ബി.ജെ.പി അനുകൂല സംഘടനയുടെ മുന്‍ സെക്രട്ടറി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th August 2020, 9:28 am

ന്യൂദല്‍ഹി: ഷഹീന്‍ബാഗിലെ പൗരത്വ നിയമ വിരുദ്ധ സമരത്തിലെ നേതാവ് എന്ന നിലയില്‍ പ്രചരിപ്പിക്കുന്ന ഷഹ്‌സാദ് അലി ബി.ജെ.പി അനുകൂല സംഘടനയുടെ മുന്‍ നേതാവ്. ഉത്തര്‍പ്രദേശ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ ഉലമ കൗണ്‍സിലിന്റെ ദല്‍ഹി യൂണിറ്റ് സെക്രട്ടറിയായിരുന്നു ഷഹ്‌സാദ്.

ഇക്കാര്യം അദ്ദേഹം സ്ഥിരീകരിച്ചിട്ടുമുണ്ട്.


നേരത്തെ ഷഹ്‌സാദിന്റെ രാഷ്ട്രീയ ബന്ധം വെളിപ്പെടുത്തി വിവരാവകാശപ്രവര്‍ത്തകനായ സാകേത് ഗോഖലെ രംഗത്തെത്തിയിരുന്നു. 2019 ലാണ് ഷഹ്‌സാദിനെ രാഷ്ട്രീയ ഉലമ കൗണ്‍സില്‍ സെക്രട്ടറിയായി നിയമിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം ബി.ജെ.പിയില്‍ ചേര്‍ന്ന ഷഹ്‌സാദ് അലി പൗരത്വ നിയമത്തെ എതിര്‍ത്തിരുന്നില്ലെന്ന് ബി.ജെ.പി വക്താവ് നിഘാത് അബ്ബാസ് പറഞ്ഞിരുന്നു.

‘ഷഹ്‌സാദ് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചിട്ടില്ല. അദ്ദേഹം ഷഹീന്‍ബാഗ് നിവാസിയും സാമൂഹ്യപ്രവര്‍ത്തകനുമാണ്. അദ്ദേഹം പ്രതിഷേധത്തിനെതിരായിരുന്നു.’

പ്രതിഷേധക്കാരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിക്കാനാണ് ഷഹ്‌സാദ് ശ്രമിച്ചതെന്നും നിഘാത് കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഷഹീന്‍ബാഗിലെ സമര തലവന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു എന്ന തരത്തിലായിരുന്നു പാര്‍ട്ടിവൃത്തങ്ങള്‍ പ്രചരിപ്പിച്ചത്. ദേശീയ മാധ്യമങ്ങളും ഇതേ തരത്തിലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ ഇതിനെതിരെ സമരക്കാര്‍ രംഗത്തെത്തിയിരുന്നു.

ഷഹ്‌സാദ് അലിയെ സമരപന്തലില്‍ വിരലിലെണ്ണാവുന്ന ദിവസങ്ങളില്‍ മാത്രമാണ് കണ്ടിട്ടുള്ളതെന്ന് പ്രതിഷേധത്തില്‍ എല്ലാദിവസവും പങ്കെടുത്ത വനിതാ വളന്റിയര്‍മാര്‍ പറയുന്നു.

‘പ്രതിഷേധത്തില്‍ ഭാഗമായ നിരവധി പേരില്‍ ഒരാള്‍ മാത്രമാണ് ഷഹ്‌സാദ് അലി’, സമരത്തിലെ വനിതാ വളന്റിയറായ കെഹ്കാഷ ന്യൂസ് 18 നോട് പറഞ്ഞു. സമരത്തില്‍ തുടക്കം മുതല്‍ അവസാനം വരെ ഉണ്ടായിരുന്ന ആളാണ് കെഹ്കാഷ. ഷഹ്‌സാദിനെ എല്ലാവര്‍ക്കും അറിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സാധാരണക്കാരായ സ്ത്രീകള്‍ മുന്നോട്ടുവന്ന് നടത്തിയ സമരമാണ് ഷഹിന്‍ബാഗിലേതെന്നും അതിന് നേതാവില്ലായിരുന്നെന്നും കെഹ്കാഷ പറഞ്ഞു. കുറച്ചുപേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു എന്ന വാര്‍ത്ത വന്നാല്‍ ഞങ്ങളെല്ലാവരും നിലപാട് മാറ്റി എന്നല്ല അര്‍ത്ഥമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഷഹ്‌സാദിനെ സമരസ്ഥലത്ത് സ്ഥിരമായി കണ്ടിരുന്നില്ലെന്ന് സ്റ്റേജിന്റെ ചുമതലയുണ്ടായിരുന്ന റിതു കൗഷിക് പറയുന്നു.

‘അദ്ദേഹത്തെ ആര്‍ക്കുമറിയില്ല. ചില ദിവസങ്ങളില്‍ സമരപന്തലില്‍ വന്നിരുന്നു. എന്നാല്‍ സ്റ്റേജിലേക്ക് വന്നിട്ടില്ല. ഇപ്പോള്‍ അദ്ദേഹത്തെ സമരത്തിലെ പ്രധാനി എന്നാണ് വിളിക്കുന്നത്. സമരം നടത്തിയത് പ്രധാനമായും സ്ത്രീകളാണ്. ഒരാള്‍ കുറച്ചുദിവസം പ്രതിഷേധ പന്തലില്‍ വരികയും പിന്നീട് ഒരു രാഷ്ട്രീയപാര്‍ട്ടിയില്‍ ചേരുന്നതും വലിയ കാര്യമാകുന്നതെങ്ങനെയാണ്’, റിതു ചോദിക്കുന്നു.

ഷഹ്‌സാദ് ഒരുതരത്തിലും ഷഹിന്‍ബാഗ് സമരം നയിച്ചിട്ടില്ലെന്നാണ് സമരവളന്റിയര്‍മാര്‍ പറയുന്നത്. ഷഹ്‌സാദിന്റെ പേര് പോലും കേട്ട് പരിചയമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സാമൂഹ്യപ്രവര്‍ത്തകനായ ഷഹ്സാദ് അലി, ഡോ. മെഹ്റീന്‍, തബാസും ഹുസൈന്‍ എന്നിവരാണ് ഞായറാഴ്ച ബി.ജെ.പിയില്‍ ചേര്‍ന്നത്. ബി.ജെ.പി ദേശീയ വൈസ് പ്രസിഡണ്ട് ശ്യാം ജാജു, ദല്‍ഹി പ്രസിഡണ്ട് ആദേശ് ഗുപ്ത എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ബി.ജെ.പി പ്രവേശം.

ബി.ജെ.പി മുസ്‌ലിങ്ങളുടെ ശത്രുവല്ല എന്ന് തെളിയിക്കാനാണ് പാര്‍ട്ടിയില്‍ ചേരുന്നതെന്നാണ് ഷഹ്സാദ് പറഞ്ഞത്.

അതേസമയം പൗരത്വ നിയമത്തിനെതിരെ ഷഹീന്‍ബാഗില്‍ സംഘടിപ്പിച്ച പ്രതിഷേധം ബി.ജെ.പിയുടെ തിരക്കഥയായിരുന്നെന്നാണ് ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Shahzad Ali Shaheenbagh BJP