ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം ബി.ജെ.പിയില്‍ ചേര്‍ന്ന ഷഹ്‌സാദ് അലി പൗരത്വ നിയമത്തെ എതിര്‍ത്തിരുന്നില്ലെന്ന് ബി.ജെ.പി വക്താവ് നിഘാത് അബ്ബാസ്. ന്യൂസ് 18 നോടായിരുന്നു നിഘാതിന്റെ പ്രതികരണം.
‘ഷഹ്‌സാദ് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചിട്ടില്ല. അദ്ദേഹം ഷഹീന്‍ബാഗ് നിവാസിയും സാമൂഹ്യപ്രവര്‍ത്തകനുമാണ്. അദ്ദേഹം പ്രതിഷേധത്തിനെതിരായിരുന്നു.’
പ്രതിഷേധക്കാരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിക്കാനാണ് ഷഹ്‌സാദ് ശ്രമിച്ചതെന്നും നിഘാത് കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഷഹീന്‍ബാഗിലെ സമര തലവന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു എന്ന തരത്തിലായിരുന്നു പാര്‍ട്ടിവൃത്തങ്ങള്‍ പ്രചരിപ്പിച്ചത്. ദേശീയ മാധ്യമങ്ങളും ഇതേ തരത്തിലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ ഇതിനെതിരെ സമരക്കാര്‍ രംഗത്തെത്തിയിരുന്നു.
ഷഹ്‌സാദ് അലിയെ സമരപന്തലില്‍ വിരലിലെണ്ണാവുന്ന ദിവസങ്ങളില്‍ മാത്രമാണ് കണ്ടിട്ടുള്ളതെന്ന് പ്രതിഷേധത്തില്‍ എല്ലാദിവസവും പങ്കെടുത്ത വനിതാ വളന്റിയര്‍മാര്‍ പറയുന്നു.
‘പ്രതിഷേധത്തില്‍ ഭാഗമായ നിരവധി പേരില്‍ ഒരാള്‍ മാത്രമാണ് ഷഹ്‌സാദ് അലി’, സമരത്തിലെ വനിതാ വളന്റിയറായ കെഹ്കാഷ ന്യൂസ് 18 നോട് പറഞ്ഞു. സമരത്തില്‍ തുടക്കം മുതല്‍ അവസാനം വരെ ഉണ്ടായിരുന്ന ആളാണ് കെഹ്കാഷ. ഷഹ്‌സാദിനെ എല്ലാവര്‍ക്കും അറിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സാധാരണക്കാരായ സ്ത്രീകള്‍ മുന്നോട്ടുവന്ന് നടത്തിയ സമരമാണ് ഷഹിന്‍ബാഗിലേതെന്നും അതിന് നേതാവില്ലായിരുന്നെന്നും കെഹ്കാഷ പറഞ്ഞു. കുറച്ചുപേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു എന്ന വാര്‍ത്ത വന്നാല്‍ ഞങ്ങളെല്ലാവരും നിലപാട് മാറ്റി എന്നല്ല അര്‍ത്ഥമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഷഹ്‌സാദിനെ സമരസ്ഥലത്ത് സ്ഥിരമായി കണ്ടിരുന്നില്ലെന്ന് സ്റ്റേജിന്റെ ചുമതലയുണ്ടായിരുന്ന റിതു കൗഷിക് പറയുന്നു.
‘അദ്ദേഹത്തെ ആര്‍ക്കുമറിയില്ല. ചില ദിവസങ്ങളില്‍ സമരപന്തലില്‍ വന്നിരുന്നു. എന്നാല്‍ സ്റ്റേജിലേക്ക് വന്നിട്ടില്ല. ഇപ്പോള്‍ അദ്ദേഹത്തെ സമരത്തിലെ പ്രധാനി എന്നാണ് വിളിക്കുന്നത്. സമരം നടത്തിയത് പ്രധാനമായും സ്ത്രീകളാണ്. ഒരാള്‍ കുറച്ചുദിവസം പ്രതിഷേധ പന്തലില്‍ വരികയും പിന്നീട് ഒരു രാഷ്ട്രീയപാര്‍ട്ടിയില്‍ ചേരുന്നതും വലിയ കാര്യമാകുന്നതെങ്ങനെയാണ്’, റിതു ചോദിക്കുന്നു.
ഷഹ്‌സാദ് ഒരുതരത്തിലും ഷഹിന്‍ബാഗ് സമരം നയിച്ചിട്ടില്ലെന്നാണ് സമരവളന്റിയര്‍മാര്‍ പറയുന്നത്. ഷഹ്‌സാദിന്റെ പേര് പോലും കേട്ട് പരിചയമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സാമൂഹ്യപ്രവര്‍ത്തകനായ ഷഹ്സാദ് അലി, ഡോ. മെഹ്റീന്‍, തബാസും ഹുസൈന്‍ എന്നിവരാണ് ഞായറാഴ്ച ബി.ജെ.പിയില്‍ ചേര്‍ന്നത്. ബി.ജെ.പി ദേശീയ വൈസ് പ്രസിഡണ്ട് ശ്യാം ജാജു, ദല്‍ഹി പ്രസിഡണ്ട് ആദേശ് ഗുപ്ത എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ബി.ജെ.പി പ്രവേശം.
ബി.ജെ.പി മുസ്‌ലിങ്ങളുടെ ശത്രുവല്ല എന്ന് തെളിയിക്കാനാണ് പാര്‍ട്ടിയില്‍ ചേരുന്നതെന്നാണ് ഷഹ്സാദ് പറഞ്ഞത്.
അതേസമയം പൗരത്വ നിയമത്തിനെതിരെ ഷഹീന്‍ബാഗില്‍ സംഘടിപ്പിച്ച പ്രതിഷേധം ബി.ജെ.പിയുടെ തിരക്കഥയായിരുന്നെന്നാണ് ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചത്.