ന്യൂദൽഹി: വിദേശകാര്യ മന്ത്രാലയവും ദേശീയ സുരക്ഷാ ഏജൻസിയും പരാജയപ്പെട്ടിടത്ത് ഷാരൂഖ് ഖാൻ ഇടപെട്ടതുകൊണ്ടാണ് ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരെ ഖത്തർ വിട്ടയച്ചതെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി.
അടുത്ത രണ്ട് ദിവസങ്ങളിൽ യു.എ.ഇയും ഖത്തറും സന്ദർശിക്കുമെന്നും ഇന്ത്യയുടെ ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കുമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എക്‌സിലെ പോസ്റ്റിനെ കടന്നാക്രമിക്കുകയായിരുന്നു സുബ്രഹ്മണ്യൻ സ്വാമി.
ഖത്തറിൽ പോകുമ്പോൾ സിനിമാ താരം ഷാരൂഖ് ഖാനെയും മോദി കൊണ്ടുപോകണമെന്ന് അദ്ദേഹം പറഞ്ഞു.
‘സിനിമാ താരം ഷാരൂഖ് ഖാനെയും മോദി ഒപ്പം കൊണ്ടുപോകണം. വിദേശകാര്യമന്ത്രാലയവും ദേശീയ സുരക്ഷ ഏജൻസിയും ഖത്തർ ഷെയ്ഖിനെ അനുനയിപ്പിക്കുന്നതിൽ പരാജയപ്പെട്ടപ്പോൾ മോദി ഷാരൂഖ് ഖാനോട് ഇടപെടുവാൻ അപേക്ഷിച്ചു. അങ്ങനെയാണ് നമ്മുടെ നാവിക ഉദ്യോഗസ്ഥരെ മോചിപ്പിക്കുവാനുള്ള വിലയേറിയ ഇടപാട് ഖത്തർ ഷെയ്ഖിൽ നിന്നുണ്ടാകുന്നത്,’ മോദിയുടെ പോസ്റ്റിന് മറുപടിയായി സ്വാമി എക്‌സിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് കസ്റ്റഡിയിലുള്ള എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരെ മോചിപ്പിക്കുകയാണെന്ന് ഖത്തറിലെ കോടതി അറിയിച്ചത്.
തുടർന്ന് മോചനത്തെ സ്വാഗതം ചെയ്യുന്നതായും ഖത്തർ അമീറിന് നന്ദി അറിയിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തുവിട്ടിരുന്നു.
നേരത്തെ വധശിക്ഷക്ക് വിധിച്ച നാവിക ഉദ്യോഗസ്ഥരുടെ ശിക്ഷ ഇന്ത്യയും ഖത്തറും തമ്മിലുള്ള ചർച്ചകളെ തുടർന്ന് ഇളവ് ചെയ്തിരുന്നു.
Content Highlight: Shahrukh Khan intervened to release navy officers from Qatar says Subrahmanyan Swamy