ഗണപതിയുടെ വിഗ്രഹത്തിനെ കൈകൂപ്പി വണങ്ങി നില്‍ക്കുന്ന മകന്റെ ചിത്രം ഫേസ്ബുക്കിലിട്ട ഷാരൂഖ് ഖാന് മതമൗലീകവാദികളുടെ സൈബര്‍ ആക്രമണം. വിനായക ചതുര്‍ത്ഥിയോട് അനുബന്ധിച്ച് അബ്രാമിന്റെ ഗണപതി “പപ്പ” വീടെത്തി എന്ന കമന്റോടെയാണ് ഷാരൂഖ് മകന്റെ ഫോട്ടോ പോസ്റ്റ് ചെയ്തത്.
എന്നാല്‍ വിഗ്രഹാരാധന നടത്തി മുസ്ലിമായ നിങ്ങള്‍ ഇസ്ലാം മതത്തിനെ അപകീര്‍ത്തിപ്പെടുത്തിയെന്നും മുസ്‌ലിമായ താങ്കള്‍ എന്തിനാണ് ഇത്തരം ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നതെന്ന കമന്റുമായി നിരവധി പേരാണ് രംഗത്തെത്തിയത്. “”വിഗ്രഹാരാധന നടത്തി മുസ്ലിമായ നിങ്ങള്‍ ഇസ്ലാം മതത്തിനെ അപകീര്‍ത്തിപ്പെടുത്തി, നിങ്ങളെ കുറിച്ചോര്‍ത്തു ലജ്ജിക്കുന്നു””
എന്താണ് നിങ്ങളുടെ മതമെന്നും മുസ്‌ലിം പേര് വെച്ച് കൊണ്ട് ഇത്തരം പ്രവര്‍ത്തി ചെയ്യുന്നത് തെറ്റാണെന്നും മതത്തെ അപമാനിക്കരുതെന്നും തുടങ്ങി നിരവധി അപകീര്‍ത്തിപരമായ കമന്റുകളാണ് മൗലികവാദികളിടുന്നത്.
അതേസമയം ഷാരൂഖിനെ പിന്തുണച്ച് കൊണ്ടും അഭിനന്ദിച്ചു കൊണ്ടും നിരവധി രംഗത്തുവന്നിട്ടുണ്ട്. നിങ്ങളാണ് യഥാര്‍ത്ഥ മനുഷ്യനെന്നും മതചിന്തയില്ലാത്തയാളാണെന്നും നിങ്ങളോട് ബഹുമാനമുണ്ടെന്നും തുടങ്ങി ഷാരൂഖിനെ അഭിനന്ദിക്കുന്നവരുമുണ്ട്.
അതേസമയം ഷാരൂഖ് ഖാന് പിന്തുണയുമായി നടി ശബാന ആസ്മിയും രംഗത്തെത്തിയിട്ടുണ്ട്. “ഗണേഷ്ജി എല്ലാ മഹാരാഷ്ട്രക്കാരുടെയും ദൈവമാണ്, അതുകൊണ്ടാണ് മുംബൈ കര്‍മ്മഭൂമിയാക്കിയിട്ടുള്ള ഷാരൂഖ് ഖാന്‍ ഗണപതിയെ ആരാധിക്കുന്നത്” ശബാന കുറിച്ചു. ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഹിന്ദുവാണ് എന്നും ശബാന ആസ്മി ട്വിറ്ററില്‍ കുറിച്ചു.
രണ്ടുദിവസം മുന്‍പ്, മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും വീട്ടില്‍ നടത്തിയ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളിലും ഷാരൂഖ് ഖാനും ഭാര്യ ഗൗരിയും പങ്കെടുത്തിരുന്നു. ഷാരൂഖിനെ കൂടാതെ ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍, കരീന കപൂര്‍ ഖാന്‍, രേഖ, ഹേമാ മാലിനി, കരണ്‍ ജോഹര്‍ തുടങ്ങിയവരും അംബാനിയുടെ വീട്ടിലെ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്കായി എത്തിയിരുന്നു.