| Wednesday, 2nd August 2017, 6:43 pm

സോഷ്യല്‍ മീഡിയയിലെ ഖാപ് പഞ്ചായത്തുകാരെ അവര്‍ അത്മഹത്യചെയ്താല്‍ നിങ്ങള്‍ക്ക് സന്തോഷമാകുമോ; കാമുകനൊപ്പം പോയ പെണ്‍കുട്ടിയെ ക്രൂശിക്കുന്നവര്‍ക്ക് മറുപടിയുമായി മാധ്യമപ്രവര്‍ത്തക

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍:കാമുകനൊപ്പം പോയതിന്റെ പേരില്‍ സോഷ്യല്‍മീഡിയയില്‍ പെണ്‍കുട്ടിയെ ക്രൂശിക്കുന്ന “ഖാപ് പഞ്ചായത്തുകാരോട്” അഭ്യര്‍ത്ഥനയുമായി മാധ്യമപ്രവര്‍ത്തക ഷാഹിന നഫീസ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാഹിന രംഗത്തെത്തിയത്.

സോഷ്യല്‍ മീഡിയയിലെ ഖാപ് പഞ്ചായത്ത് പിരിച്ചു വിടണമെന്ന അഭ്യര്‍ത്ഥനയോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമല്ല. ആ പെണ്‍കുട്ടി കാമുകന്റെ കൂടെ പോയി സുഖിക്കുകയല്ല അവള്‍ വീട്ടില്‍ തന്നെയുണ്ട്
അവള്‍ക്കു പ്രണയമുണ്ടായിരുന്നു .വരനോട് അത് പറയുകയും ചെയ്തിരുന്നു.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നപോലെ വരനെ തേച്ചിട്ടു പോയ വധു, അവള്‍ക്ക് പ്രണയമുണ്ടെന്നു പറഞ്ഞിട്ടും അത് അവഗണിച്ചു സ്ത്രീധനം മോഹിച്ചു താലി കെട്ടിയ വരന്‍ എന്നീ രണ്ടു ബൈനറികളിലല്ല കാര്യങ്ങള്‍ കിടക്കുന്നത് എന്നും ഷാഹിന പറയുന്നു. പെണ്‍കുട്ടിയുടെ അച്ഛനോടും അച്ഛന്റെ സുഹൃത്തിനോടും കൂടാതെ വരനോടും വരന്റെ ചേച്ചിയോടും സംസാരിച്ച ശേഷമാണ് സത്യാവസ്ഥ വെളിപ്പെടുത്തി ഷാഹിനയുടെ പോസ്റ്റ്.

പെണ്‍കുട്ടിയും അവളുടെ അച്ഛനുമമ്മയും ഇത് വരെ വീട്ടില്‍ നിന്നും പുറത്തിറങ്ങിയിട്ടില്ല. ബന്ധുക്കള്‍ പോലും തിരിഞ്ഞു നോക്കുന്നില്ല. നാട്ടില്‍ അവര്‍ തികച്ചും ഒറ്റപ്പെട്ടിരിക്കുകയാണ് എന്നും ഷാഹിന പറയുന്നു.

ഈ കാമുകന്‍ ഇപ്പോള്‍ എവിടെയാണ് എന്നറിയില്ല. ഭയന്ന് കാണും .ഇത്രയും ദയാരഹിതമായ ഒരു ലോകത്തെ ഭയന്ന് ഇവരില്‍ ആരെങ്കിലുമൊക്കെ ആത്മഹത്യ ചെയ്താല്‍ എല്ലാവര്‍ക്കും സന്തോഷമാകുമോ? ക്ഷമയും സഹാനുഭൂതിയും കാണിക്കാന്‍ കഴിയില്ല എന്നറിയാം. .ആത്മഹത്യയിലേക്കു തള്ളി വിടാതിരിക്കുകയെങ്കിലും ചെയ്യണം എന്ന അഭ്യര്‍ത്ഥനയോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.


Also Read പ്രണയബന്ധം വീട്ടുകാരെയും വരനെയും മുമ്പേ അറിയിച്ചിരുന്നു; ഗുരുവായൂരില്‍ കാമുകനൊപ്പം പോയതിന്റെ പേരില്‍ പെണ്‍കുട്ടിയെ ക്രൂശിക്കുന്നവര്‍ അറിയാന്‍


ഗുരുവായൂരില്‍വെച്ച് ഞായറാഴ്ചയായിരുന്നു പെണ്‍കുട്ടിയുടെ വിവാഹം. താലികെട്ടു കഴിഞ്ഞതിനു പിന്നാലെ പെണ്‍കുട്ടി വരന്റെ ചെവിയില്‍ കാമുകന്‍ വന്നിട്ടുണ്ടെന്നും അവനൊപ്പം പോകുമെന്ന് അറിയിച്ചെന്നും തുടര്‍ന്ന് വരന്‍ രോഷാകുലനായെന്നും ഇത് വലിയ അടിപിടിക്കു വഴിവെച്ചെന്നുമായിരുന്നു വാര്‍ത്ത. തുടര്‍ന്ന് എട്ടുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയശേഷം വരന്‍ വിവാഹബന്ധത്തില്‍ പിന്മാറുകയാണുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

വാര്‍ത്ത സോഷ്യല്‍ മീഡിയകളിലടക്കം വലിയ ചര്‍ച്ചകള്‍ക്കു വഴിവെച്ചിരുന്നു. ഇതോടെ പെണ്‍കുട്ടിയെ കുറ്റപ്പെടുത്തിയും അവരുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചും “തേപ്പുകാരി”യെന്നു വിളിച്ച് അധിക്ഷേപിച്ചും മറ്റും നിരവധി പേര്‍ രംഗത്തുവന്നിരുന്നു.
വീട്ടുകാരോടും വരനോടും പ്രണയബന്ധത്തിന്റെ കാര്യം മറച്ചുവെച്ച് പെണ്‍കുട്ടി ചതിച്ചെന്നും “കല്ല്യാണ വേളയില്‍ ലഭിക്കുന്ന സ്വര്‍ണവുമായി മുങ്ങാനാണ്” ഇത്തരത്തില്‍ ചെയ്തതെന്നുമൊക്കെ പറഞ്ഞായിരുന്നു അധിക്ഷേപം.

വിവാഹം മുടങ്ങിയതിനു പിന്നാലെ വരന്റെ വീട്ടില്‍ നടത്തിയ ആഘോഷവും സോഷ്യല്‍ മീഡിയ പെണ്‍കുട്ടിയെ ആക്രമിക്കുന്നതായി ഉപയോഗിച്ചിരുന്നു. “ആ ദുരന്തം തലയില്‍ നിന്നൊഴിഞ്ഞതിന്റെ സന്തോഷത്തിന്” എന്ന തലക്കെട്ടില്‍ വരന്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത റിസപ്ഷന്റെ ഫോട്ടോകളും പെണ്‍കുട്ടിയെ അധിക്ഷേപിക്കാന്‍ സോഷ്യല്‍ മീഡിയ വലിയ തോതില്‍ ഉപയോഗിച്ചിരുന്നു.


Dont miss it ഗുരുവായൂര്‍ കേസില്‍ വരന് നീതി ലഭിച്ചില്ലെങ്കില്‍ അതിന് ഉത്തരവാദി പെണ്ണല്ല


എന്നാല്‍ പെണ്‍കുട്ടി പ്രണയബന്ധമുള്ള കാര്യം മുമ്പേ തന്നെ വീട്ടുകാരെയും വരനെയും അറിയിച്ചിരുന്നതായി ബന്ധുക്കളും സുഹൃത്തുക്കളും വെളിപ്പെടുത്തിയിരുന്നു. പ്രണയബന്ധമുള്ള കാര്യം വീട്ടുകാരെ അറിയിച്ചപ്പോള്‍ അവര്‍ അംഗീകരിക്കാന്‍ തയ്യാറായില്ല എന്നാണ് ഇവര്‍ പറയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടി ഇക്കാര്യം വരനെയും അറിയിച്ചിരുന്നു. എന്നാല്‍ “നീ പഴയ കാര്യം മറന്നേക്ക്” എന്ന രീതിയിലായിരുന്നു വരന്റെ പ്രതികരണം. ഇതോടെ പ്രതിസന്ധിയിലായ പെണ്‍കുട്ടി ഗത്യന്തരമില്ലാതെ വിവാഹദിവസം കാമുകനൊപ്പം പോകാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

ഷാഹിന നഫീസയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സോഷ്യല്‍ മീഡിയയിലെ ഈ ഖാപ് പഞ്ചായത്ത് ദയവു ചെയ്ത് പിരിച്ചു വിടണം എന്ന് ഒരു അഭ്യര്‍ത്ഥനയുണ്ട് . സങ്കീര്‍ണമാണ് കാര്യങ്ങള്‍ .ആ പെണ്‍കുട്ടിയുടെ അച്ഛന്റെ അടുത്ത സുഹൃത്തിനോട് ഞാന്‍ സംസാരിച്ചു .വരനോടും അവന്റെ ചേച്ചിയോടും സംസാരിച്ചു .
1.ആ പെണ്‍കുട്ടി കാമുകന്റെ കൂടെ പോയി സുഖിക്കുകയല്ല .അവള്‍ വീട്ടില്‍ തന്നെയുണ്ട്.
2.അവള്‍ക്കു പ്രണയമുണ്ടായിരുന്നു .വരനോട് അത് പറയുകയും ചെയ്തിരുന്നു.
3.വരനെ തേച്ചിട്ടു പോയ വധു , അവള്‍ക്ക് പ്രണയമുണ്ടെന്നു പറഞ്ഞിട്ടും അത് അവഗണിച്ചു സ്ത്രീധനം മോഹിച്ചു താലി കെട്ടിയ വരന്‍ എന്നീ രണ്ടു ബൈനറികളിലല്ല കാര്യങ്ങള്‍ കിടക്കുന്നത് .
4.പത്തൊമ്പത് വയസ്സേ ഉള്ളൂ ആ പെണ്‍കുട്ടിക്ക് . കാമുകനും അത്രയൊക്കെയേ പ്രായമുള്ളൂ .വരന്‍ എന്ന് പറയുന്ന ആ ആണ്‍കുട്ടിക്ക് ഇരുപത്താറു വയസ്സേ ഉള്ളൂ .
5.ആ പെണ്‍കുട്ടിയും അവളുടെ അച്ഛനുമമ്മയും ഇത് വരെ വീട്ടില്‍ നിന്നും പുറത്തിറങ്ങിയിട്ടില്ല .അറിഞ്ഞത് ശരിയാണെങ്കില്‍ ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നില്‍ക്കേണ്ട ബന്ധുക്കള്‍ പോലും തിരിഞ്ഞു നോക്കുന്നില്ല . നാട്ടില്‍ അവര്‍ തികച്ചും ഒറ്റപ്പെട്ടിരിക്കുകയാണ്.
6.ഈ കാമുകന്‍ ഇപ്പോള്‍ എവിടെയാണ് എന്നറിയില്ല.
ഭയന്ന് കാണും .ഇത്രയും ദയാരഹിതമായ ഒരു ലോകത്തെ ഭയന്ന് ഇവരില്‍ ആരെങ്കിലുമൊക്കെ ആത്മഹത്യ ചെയ്താല്‍ എല്ലാവര്‍ക്കും സന്തോഷമാകുമോ ? ക്ഷമയും സഹാനുഭൂതിയും കാണിക്കാന്‍ കഴിയില്ല എന്നറിയാം. .ആത്മഹത്യയിലേക്കു തള്ളി വിടാതിരിക്കുകയെങ്കിലും ചെയ്യണം .
വിശദമായി എഴുതാം .ഇതൊരു ആമുഖമായി എടുത്താല്‍ മതി . ദയവു ചെയ്തു ക്രൂരമായ ഈ വേട്ടയാടല്‍ നിര്‍ത്തണം .ഞാന്‍ നേരത്തെ ഇട്ട പോസ്റ്റുകളിലെ ചര്‍ച്ചകളും ദയവു ചെയ്ത് അവസാനിപ്പിക്കണം . അവരുടെ നാട്ടിലെ പരിചയമുള്ള രാഷ്ട്രീയനേതാക്കളോട് ഇടപെടണം എന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട് . അത്രയും ഗുരുതരമാണ് സ്ഥിതി .

Latest Stories

We use cookies to give you the best possible experience. Learn more