| Monday, 2nd October 2017, 11:03 am

ഹാദിയയെ ഈ നരകയാതനയിലേക്ക് തള്ളി വിട്ടതില്‍ എസ്.ഡി.പി.ഐയ്ക്കും ഷെഫിന്‍ ജഹാനുമുള്ള പങ്ക്; ഷാഹിന എഴുതുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഹാദിയ കേസില്‍ കോടതി വിധിയും വിധിയ്ക്ക് പിന്നിലെ സാഹചര്യവും വിശദീകരിക്കുകയാണ് കെ.കെ ഷാഹിന.

കോടതിയെ കബളിപ്പിക്കാനായി രഹസ്യമായി ഹാദിയയുടെ വിവാഹം നടത്തി എന്ന കോടതിയുടെ തോന്നലാണ് ഹാദിയയുടെ ഇപ്പോഴത്തെ ദുരിതത്തിലേക്ക് നയിച്ചത് .കോടതിയില്‍ നിന്നും സ്വന്തം അഭിഭാഷകരില്‍ നിന്ന് പോലും കാര്യങ്ങള്‍ മറച്ചു വെച്ച് കോടതിയെ പറ്റിക്കാന്‍ നോക്കിയ സൃഗാലബുദ്ധിയാണ് സര്‍വ കുഴപ്പങ്ങള്‍ക്കും കാരണമായതെന്നും ഷാഹിന പറയുന്നു.

വഹാബികള്‍ ,വഹാബിസ്റ്റ് അപ്പോളജിസ്റ്റുകള്‍ ,അമാനവാക്രികള്‍ ,സംഘികള്‍ എന്നിവര്‍ വായിക്കണമെന്നില്ല .കാരണം അവര്‍ എന്ത് പറഞ്ഞാലും ഞാന്‍ ഗൗനിക്കില്ല . എനിക്കെതിരെ എന്തോ വലിയ പ്രചാരണം നടക്കുന്നു എന്നും ഞാന്‍ മറുപടി പറയണമെന്നും പലരും ഇന്‍ബോക്‌സില്‍ വന്നു പറയുന്നുണ്ട് . മറുപടി അര്‍ഹിക്കുന്നവര്‍ക്കേ അത് കൊടുക്കാറുള്ളൂ എന്നാണ് അവരോട് പറയാനുള്ളത് .നിങ്ങള്‍ എന്റെ പഴയ പോസ്റ്റുകള്‍ നോക്കൂ .അനാക്രി അമാനവാദികളടെ മണ്ടത്തരങ്ങള്‍ അഡ്രസ് ചെയ്യുന്ന ഒറ്റ പോസ്റ്റ് പോലും നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല .ഈ പോസ്റ്റും അവരെ ഉദ്ദേശിച്ചല്ല .അവരെ ഞാന്‍ ശ്രദ്ധിക്കില്ല ,എങ്ങനൊക്കെ തല കുത്തി മറിഞ്ഞാലും കാര്യമില്ല .ആ ബ്രോസ് വെറുതെ സമയം പാഴാക്കുകയാണ് . എന്നു പറഞ്ഞാണ് ഷാഹിന തന്റെ പോസ്റ്റ് ആരംഭിക്കുന്നത്.


Also Read:   ഗുജറാത്തില്‍ നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ ദളിത് യുവാവിനെ തല്ലിക്കൊന്നു


ഷാഹിനയുടെ പോസ്റ്റിലേക്ക്.,

ഹാദിയക്കേസിനെ കുറിച്ച് തന്നെ വീണ്ടും .നേരത്തെ KJ Jacob എഴുതിയ ഒരു പോസ്റ്റിനോടുള്ള പ്രതികരണമെന്ന നിലയില്‍ എഴുതാനുദ്ദേശിച്ചത് വിപുലീകരിച്ച ഒരു കുറിപ്പാണിത് . കുറച്ചു നീണ്ട പോസ്റ്റാണ് .ക്ഷമിക്കുക .
പ്രാഥമികമായി പറയാനുള്ളത് ഈ പോസ്റ്റ് ആരെ അഡ്ഡ്രസ്സ് ചെയ്യാന്‍ ഉദ്ദേശിക്കുന്നു എന്നുള്ളതാണ് .വഹാബികള്‍ ,വഹാബിസ്റ്റ് അപ്പോളജിസ്റ്റുകള്‍ ,അമാനവാക്രികള്‍ ,സംഘികള്‍ എന്നിവര്‍ വായിക്കണമെന്നില്ല .കാരണം അവര്‍ എന്ത് പറഞ്ഞാലും ഞാന്‍ ഗൗനിക്കില്ല . എനിക്കെതിരെ എന്തോ വലിയ പ്രചാരണം നടക്കുന്നു എന്നും ഞാന്‍ മറുപടി പറയണമെന്നും പലരും ഇന്‍ബോക്‌സില്‍ വന്നു പറയുന്നുണ്ട് . മറുപടി അര്‍ഹിക്കുന്നവര്‍ക്കേ അത് കൊടുക്കാറുള്ളൂ എന്നാണ് അവരോട് പറയാനുള്ളത് .നിങ്ങള്‍ എന്റെ പഴയ പോസ്റ്റുകള്‍ നോക്കൂ .അനാക്രി അമാനവാദികളടെ മണ്ടത്തരങ്ങള്‍ അഡ്രസ് ചെയ്യുന്ന ഒറ്റ പോസ്റ്റ് പോലും നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല .ഈ പോസ്റ്റും അവരെ ഉദ്ദേശിച്ചല്ല .അവരെ ഞാന്‍ ശ്രദ്ധിക്കില്ല ,എങ്ങനൊക്കെ തല കുത്തി മറിഞ്ഞാലും കാര്യമില്ല .ആ ബ്രോസ് വെറുതെ സമയം പാഴാക്കുകയാണ് .
തെരഞ്ഞെടുപ്പ് ഫലമൊക്കെ ഒരു സൂചനയായി എടുക്കാമെങ്കില്‍ കേരളത്തിലെ 99 ശതമാനം മുസ്ലീങ്ങളും എല്‍ ഡി എഫിലോ യു ഡി എഫിലോ ആണ് . അവരോടാണ് സംസാരിക്കാന്‍ ശ്രമിക്കുന്നത് .(എസ് ഡി പി ഐ ,വെല്‍ഫയര്‍ പാര്‍ട്ടി എന്നിവര്‍ക്കൊക്കെ ചേര്‍ത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആകെ കിട്ടിയത് ഒരു ശതമാനത്തില്‍ താഴെ വോട്ടാണ്) . അത് പോലെ ബി ജെ പി യെ പടിക്കു പുറത്തു തന്നെ നിര്‍ത്തുന്ന 86 ശതമാനത്തോളം വരുന്ന സമാധാനകാംക്ഷികളായ ഹിന്ദുക്കളോടും ,ഇതര വിഭാഗങ്ങളോടും മാത്രമേ സംസാരമുള്ളൂ .
കോടതിയെ കബളിപ്പിക്കാനായി രഹസ്യമായി ഹാദിയയുടെ വിവാഹം നടത്തി എന്ന കോടതിയുടെ തോന്നലാണ് ഹാദിയയുടെ ഇപ്പോഴത്തെ ദുരിതത്തിലേക്ക് നയിച്ചത് .കോടതിയില്‍ നിന്നും സ്വന്തം അഭിഭാഷകരില്‍ നിന്ന് പോലും കാര്യങ്ങള്‍ മറച്ചു വെച്ച് കോടതിയെ പറ്റിക്കാന്‍ നോക്കിയ സൃഗാലബുദ്ധിയാണ് സര്‍വ കുഴപ്പങ്ങള്‍ക്കും കാരണമായത് .ഇക്കാര്യം പൊതു സമൂഹം ചര്‍ച്ച ചെയ്യാതിരിക്കാനാണ് ഈ നെഞ്ചത്തടിയും നിലവിളിയും ഹിസ്ടീരിക് ആയ തരത്തിലുള്ള ചാപ്പ കുത്തലുകളും നടത്തുന്നത് .ad hominem attack നടത്തി ഹേറ്റ് ക്യാംപയിന്‍ അഴിച്ചു വിട്ടു സര്‍വരെയും നിശ്ശബ്ദരാക്കാം എന്നതാണ് ഇക്കൂട്ടരുടെ വിചാരം .അങ്ങനെ ,ഹാദിയയെ വീട്ടു തടങ്കലിലേക്ക് തള്ളി വിട്ടത് തങ്ങള്‍ തന്നെയാണ് എന്ന കാര്യം മറച്ചു വെക്കാം എന്നാണ് ഇവര്‍ വിചാരിക്കുന്നത് .ചാടിക്കളിക്കെടാ കുട്ടിരാമാ എന്ന് തങ്ങള്‍ പറയുമ്പോള്‍ ചാടാനും ആടാനും തയ്യാറുള്ള ഒറ്റ ബുദ്ധികളായ കുറെ മനുഷ്യാവകാശക്കാരെ ഈ നാടകത്തിന് “ചിയര്‍ ഗേള്‍സ് ” ആയി കിട്ടും എന്നും ഇക്കൂട്ടര്‍ക്ക് നന്നായി അറിയാം .
ഈ കേസിന്റെ ചരിത്രം ,പശ്ചാത്തലം എന്നിവ ഇനിയും പലര്‍ക്കും വ്യക്തമല്ല എന്ന് തോന്നുന്നു . ഇത്തരമൊരു ഹര്‍ജിയില്‍ (ഹേബിയസ് കോര്‍പ്പസ് ) പെണ്‍കുട്ടികളുടെ ഇഷ്ടത്തിന് വിടുക എന്നതാണ് ഒരു വ്യവസ്ഥാപിതമായ നിയമതത്വം .ഹാദിയക്ക് മുന്‍പും ,ഹാദിയക്ക് ശേഷവും ഹൈക്കോടതിയിലും പല കീഴ്ക്കോടതികളിലുമായി സമാനമായ കേസുകള്‍ വന്നു .അവയില്‍ എല്ലാം പെണ്‍കുട്ടികള്‍ കോടതിയില്‍ അവരുടെ താത്പര്യം അറിയിക്കുകയും അത് മാനിച്ചു കൊണ്ടുള്ള വിധികള്‍ കോടതികള്‍ പുറപ്പെടുവിക്കുകയും ചെയ്തു .ഹാദിയയുടെ കേസില്‍ അസാധാരണമായ ഈ വിധി എന്ത് കൊണ്ടുണ്ടായി എന്നതിന്റെ പശ്ചാത്തലം പരിശോധിക്കേണ്ടതുണ്ട് .
ഹാദിയയുടെ വിഷയവുമായി ബന്ധപ്പെട്ടു അവരുടെ അച്ഛന്‍ രണ്ടു പ്രാവശ്യം ഹര്‍ജി കൊടുത്തു എന്ന കാര്യം എല്ലാവര്‍ക്കും അറിയാം എന്ന് കരുതുന്നു .ഈ കോലാഹലങ്ങള്‍ക്കിടയില്‍ വിസ്മരിച്ചു കൂടാത്ത ഒരു കാര്യമാണ് അത് . ഹാദിയയെ തന്റെ കൂടെ അയക്കണം എന്ന അശോകന്റെ ആവശ്യം നിരാകരിച്ചു ഹാദിയയെ സ്വതന്ത്രയായി വിടുകയാണ് ആദ്യത്തെ ഹര്‍ജിയില്‍ ഹൈക്കോടതി ചെയ്തത് .അതേ ഹൈക്കോടതി (മറ്റൊരു ഡിവിഷന്‍ ബെഞ്ച് ) രണ്ടാമത്തെ ഹര്‍ജിയില്‍ ,ഹാദിയയുടെ ഇച്ഛക്ക് വിരുദ്ധമായി ,ആദ്യത്തെ ഹര്‍ജിയിലെ വിധിക്കു കടക വിരുദ്ധമായി ,അവരെ അച്ഛന്റെ കസ്റ്റഡിയില്‍ വിട്ടു . സാഹചര്യങ്ങള്‍ എന്ത് തന്നെയായാലും ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത ഒരു വിധിയാണിത് . സുപ്രീം കോടതി ഈ വിധി റദ്ദാക്കും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു
എന്ത് കൊണ്ട് ഹൈക്കോടതിക്ക് മനം മാറ്റമുണ്ടായി ? സ്വന്തം അധികാരപരിധി ലംഘിച്ചു കൊണ്ട് ,ഒരു പൗരന്റെ മൗലികാവകാശം തന്നെ ഇല്ലാതാക്കുന്ന ഒരു വിധി എന്ത് കൊണ്ട് പുറപ്പെടുവിച്ചു ?
2016 ജനുവരി 6 മുതല്‍ ഹാദിയയെ കാണാനില്ലെന്നു കാണിച്ചു അശോകന്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ ഹാദിയ ഹൈക്കോടതിയില്‍ അപേക്ഷ കൊടുക്കുന്നു .മുതിര്‍ന്ന അഭിഭാഷകന്‍ പി കെ ഇബ്രാഹിം മുഖേന നല്‍കുന്ന ഈ അപേക്ഷ കോടതി അനുവദിക്കുന്നു .തുടര്‍ന്ന് ഒന്‍പതാം എതിര്‍കക്ഷിയായി ഹാദിയയെ ചേര്‍ക്കുന്നു ( അഖില അശോകന്‍ @ ആദിയ എന്നാണ് അപ്പോള്‍ പേര് രേഖപ്പെടുത്തിയിരിക്കുന്നത് ).
തുടര്‍ന്ന് കോടതിയില്‍ നേരിട്ട് ഹാജരായ ഹാദിയ താന്‍ സ്വമേധയാ ഇസ്ലാം സ്വീകരിച്ചതാണെന്ന് കോടതിയെ അറിയിക്കുന്നു .മതം പഠിക്കാനായി സത്യസരണിയില്‍ ചേര്‍ന്നതിന്റെ രേഖകള്‍ ഹാജരാക്കുന്നു .ഹാദിയയുടെ വാദങ്ങള്‍ അംഗീകരിച്ച കോടതി , ഹാദിയയെ അവളുടെ ഇഷ്ടത്തിന് വിട്ടു കേസ് തീര്‍പ്പാക്കുന്നു (25 ജനുവരി 2016 ).മാതാപിതാക്കള്‍ക്ക് വേണമെങ്കില്‍ അവളെ സന്ദര്‍ശിക്കാനുള്ള അനുവാദവും കൊടുക്കുന്നു .
ഇപ്പോഴത്തെ വിധിക്ക് കാരണമായ രണ്ടാമത്തെ ഹര്‍ജിയുമായി അശോകന്‍ വീണ്ടും കോടതിയില്‍ എത്തുന്നത് 2016 ഓഗസ്റ്റ് 8 നാണ് .മകളെ വിദേശത്തേക്ക് കടത്താന്‍ സാധ്യത ഉണ്ടെന്നാരോപിച്ചായിരുന്നു ഈ ഹര്‍ജി . ഹര്‍ജി വാദം കേള്‍ക്കാനായി 22 / 08 ലേക്ക് പോസ്റ്റ് ചെയ്യുന്നു .സൈനബയുടെ വീട്ടില്‍ താമസിച്ചിരുന്ന ഹാദിയയെ കണ്ടെത്താന്‍ “കഴിഞ്ഞില്ലെന്ന് പോലീസ് കോടതിയില്‍ അറിയിക്കുന്നു . തുടര്‍ന്ന്‌കേസ് 25 ലേക്ക് പോസ്റ്റ് ചെയ്യുന്നു .അന്നേ ദിവസം അഭിഭാഷകനോടൊപ്പം കോടതിയില്‍ ഹാജരായ ഹാദിയ പഴയ നിലപടുകള്‍ തന്നെ ആവര്‍ത്തിക്കുന്നു . എന്നാല്‍ ഒരു മാസമായി അവള്‍ മിസ്സിംഗ് ആണെന്നും സൈനബയുടെ വീട്ടില്‍ തുടര്‍ന്നും താമസിക്കുന്നത് സുരക്ഷിതമല്ലെന്നുമുള്ള അശോകന്റെ വാദം പരിഗണിച്ചു ഹാദിയയെ താല്‍കാലികമായി ഹോസ്റ്റലില്‍ താമസിപ്പിക്കാന്‍ കോടതി ഉത്തരവിടുന്നു .
പിന്നീട് 27 സെപ്റ്റംബര്‍ 2016 ന് ഹാദിയ വീണ്ടും കോടതിയില്‍ ഹാജരാവുന്നു . ഹോസ്റ്റലില്‍ താമസിക്കാനോ അച്ഛന്റെ കൂടെ പോകാനോ താത്പര്യമില്ലെന്ന് അറിയിക്കുന്നു . ഇഷ്ടമുള്ളിടത്ത് താമസിക്കാന്‍ അനുവദിക്കണമെന്നും അപേക്ഷിക്കുന്നു .ഈ അപേക്ഷ കോടതി അംഗീകരിക്കുന്നു . പ്രായപൂര്‍ത്തിയായ ഒരു യുവതിയെ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി മാതാപിതാക്കളുടെ കൂടെ വിടാനോ ഹോസ്റ്റലില്‍ നിര്‍ത്താനോ കഴിയില്ലെന്ന് കോടതി നിരീക്ഷിക്കുന്നു .തുടര്‍ന്ന് സൈനബയോടൊപ്പം പോകണമെന്ന അപേക്ഷ അനുവദിച്ചു കോടതി ഹാദിയയെ അവരുടെ ഇഷ്ടത്തിന് വിട്ടു .കേസ് കൂടുതല്‍ വാദം കേള്‍ക്കാനായി മാറ്റി വെക്കുന്നു .
2016 നവംബര്‍ 11 ന് അശോകന്റെ അഭിഭാഷകന്‍ ,ഹാദിയ പഠിക്കാന്‍ പോകാതെ അനിശ്ചിതമായി സൈനബയുടെ വീട്ടില്‍ താമസിക്കുന്നതില്‍ അശോകനുള്ള ഉല്‍ക്കണ്ഠ കോടതിയെ അറിയിക്കുന്നു .അഖിലയുടെ ഹൌസ് സര്‍ജന്‍സി മുടങ്ങിക്കിടക്കുന്നതിലുള്ള ഉല്‍ക്കണ്ഠയും കോടതിയെ ബോധിപ്പിക്കുന്നു .
കേസിലെ നിര്‍ണായകമായ വഴിത്തിരിവ് ഇനിയാണ് ഉണ്ടാകുന്നത് . ഡിസംബര്‍ 19 ന് കേസ് വീണ്ടും പരിഗണിച്ച കോടതി ഹാദിയയുടെ പഠനത്തെ കുറിച്ച് ആരായുന്നു . ഹാദിയ പഠിച്ച സേലത്തെ അതേ കോളേജില്‍ ഹൌസ് സര്‍ജന്‍സിക്ക് ചേരണമെന്ന ആവശ്യം ഹാദിയയുടെ അഭിഭാഷകന്‍ ഉന്നയിക്കുന്നു .അവിടെ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കാനുള്ള താത്പര്യം അറിയിക്കുന്നു . അവളുടെ സര്‍ട്ടിഫിക്കറ്റുകള്‍ അച്ഛന്റെ കൈവശമാണെന്നും അവ തിരിച്ചു കിട്ടണമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിക്കുന്നു ഹാദിയയുടെ അഭിഭാഷകന്റെ ഈ അപേക്ഷ കോടതി അംഗീകരിക്കുന്നു . കോളേജില്‍ ചേരാനായി അച്ഛന്റെ കൂടെ പോകാന്‍ വിരോധമില്ലെന്നും ഹാദിയ കോടതിയെ അറിയിക്കുന്നു . അവളുടെ ഹോസ്റ്റല്‍ ചെലവുകള്‍ അച്ഛന്‍ വഹിക്കണമെന്നും കോടതി ഉത്തരവിടുന്നു . തുടര്‍ന്ന് ഡിസംബര്‍ 21 ലേക്ക് കേസ് പോസ്റ്റ് ചെയ്യുന്നു .അന്നേ ദിവസം ഹാജരായി സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറണമെന്ന് അശോകനോട് കോടതി നിര്‍ദേശിക്കുന്നു . ഹാദിയയും നേരിട്ട് ഹാജരാവണമെന്നും ഉത്തരവിടുന്നു .
ഡിസംബര്‍ 21 ന് ഹാദിയയും അശോകനും നേരിട്ട് ഹാജരാവുകയും സര്‍ട്ടിഫിക്കറ്റുകള്‍ കൈ മാറുകയും ഹാദിയ ഉപരി പഠനത്തിനായി കോളേജില്‍ ചേരുകയും ചെയ്ത് അവസാനിക്കേണ്ടതായിരുന്നു ഈ കേസ് . പൊടുന്നനെ കാര്യങ്ങള്‍ അട്ടിമറഞ്ഞത് ഷെഫിന്‍ ജഹാന്റെ രംഗപ്രവേശത്തോടെയാണ് .
21 / 12 ന് ഷെഫിന്‍ ജഹാനോടൊപ്പമാണ് ഹാദിയ ഹാജരായത് . ഇതാരാണ് എന്ന് ആരാഞ്ഞ കോടതിയോട് ഭര്‍ത്താവാണ് എന്നറിയിച്ചതോടെ കോടതി അമ്പരന്നു . ഇതിനിടയില്‍ എപ്പോഴായിരുന്നു വിവാഹം എന്നന്വേഷിച്ച കോടതി വീണ്ടും ഞെട്ടി . ഇതിന് മുന്‍പ് കേസ് വിശദമായി വാദം കേട്ട അതേ തിയ്യതിയില്‍ -അതായത് ഡിസംബര്‍ 19 നായിരുന്നു വിവാഹം . അന്നേ ദിവസ്സം ഹാദിയയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടത് ,ഹാദിയക്ക് ഇപ്പോള്‍ വേണ്ടത് ഹൌസ് സര്‍ജന്‍സിക്കു ചേരുകയാണ് എന്നാണ് . വിവാഹം കഴിക്കുന്നതിനെ കുറിച്ച് -അതും അന്നേ ദിവസം തന്നെ ,വിവാഹം കഴിക്കുന്നതിനെ കുറിച്ച്- ഒരു സൂചനയും ഹാദിയയുടെ അഭിഭാഷകന്‍ നല്‍കിയില്ല . ഇവിടം മുതലാണ് കോടതിക്ക് അവിശ്വാസം തുടങ്ങുന്നത് .
വിവാഹം പൂര്‍ണമായും ഒരാളുടെ വ്യക്തിപരമായ കാര്യമാണെന്നും അതയാളുടെ “ഏജന്‍സി “ആണെന്നും കോടതിയില്‍ വാദിക്കാന്‍ പറ്റില്ല . അവിടെ ഫൂക്കോയെയോ ദറിദയെയോ ഉദ്ധരിച്ചാല്‍ മതിയാവില്ല (അവര് രണ്ടു പേരും എന്നോട് ക്ഷമിക്കട്ടെ ).നൂറ്റാണ്ടു പഴക്കമുള്ള ഐ പി സിയും സി ആര്‍ പി സിയും സിവില്‍ നിയമങ്ങളും ഒക്കെ വെച്ച് തന്നെ പയറ്റേണ്ടി വരും കോടതിയില്‍ . വിവാഹം കഴിച്ചത് ഹാദിയയുടെ “ഏജന്‍സി ” ആയിട്ടല്ല കോടതി മനസിലാക്കുക .മറിച്ചു കോടതി വ്യവഹാരത്തില്‍ ഇതിന് CONCEALMENT OF FACT എന്ന് പറയും . തുടര്‍ന്നങ്ങോട്ട് അത് വരെ നടന്ന എല്ലാ വ്യവഹാരങ്ങളുടെയും ഹാജരാക്കപ്പെട്ട രേഖകളുടെയും സാധുത കോടതി പരിശോധിച്ചു .
ഈ അപ്രതീക്ഷിത വിവാഹത്തെക്കുറിച്ചുള്ള കോടതിയുടെ ചോദ്യങ്ങള്‍ക്കു കൃത്യമായ ഉത്തരം നല്‍കാന്‍ ഹാദിയയുടെ അഭിഭാഷകന് കഴിഞ്ഞില്ല . രണ്ടു പേരുടെയും ബന്ധുക്കള്‍ പങ്കെടുത്തുവെന്ന് ആദ്യം പറഞ്ഞ അഭിഭാഷകന്‍ പിന്നീട് അത് മാറ്റി പറഞ്ഞു .ഷെഫിന്‍ ജഹാന്റെ ബന്ധുക്കള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നായി .വിവാഹ സര്‍ട്ടിഫിക്കറ്റില്‍ പേര് ശരിയായല്ല രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് കോടതി കണ്ടെത്തി . തുടര്‍ന്ന് സമഗ്രമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു .
അന്നേ ദിവസം കോളേജില്‍ ചേരാനായി സേലത്തേക്കു പോകേണ്ടിയിരുന്ന ഹാദിയയെ കോടതി തിരിച്ചു ഹോസ്റ്റലിലേക്ക് തന്നെ വിട്ടു . മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിക്കാന്‍ പാടില്ലെന്ന കടുത്ത നിബന്ധനകളോടെ . തുടര്‍ന്ന് മാസങ്ങള്‍ നീണ്ട പോലീസ് അന്വേഷണം , വാദം കേള്‍ക്കല്‍ .ഒടുവില്‍ മെയ് 24 ന് കോടതി വിധിച്ചത് ഹാദിയയെ അച്ഛന്റെ കസ്റ്റഡിയില്‍ വിട്ടു കൊണ്ടാണ് . കോടതി terms of reference എന്ന നിലയില്‍ അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്താന്‍ പറഞ്ഞ പല കാര്യങ്ങളും പോലീസ് അന്വേഷിച്ചില്ലെന്ന് കോടതി കണ്ടെത്തി ,അന്വേഷണ റിപ്പോര്‍ട്ട് തളളി .കേസില്‍ സമഗ്രമായ പുനരന്വേഷണം നടത്തണമെന്ന് ഉത്തരവിട്ടു .
കഴിഞ്ഞ പോസ്റ്റില്‍ KJ Jacobപറഞ്ഞത് പോലെ ഋജുവും ലളിതവുമായ ബോധ്യങ്ങളാണ് നിയമത്തെ നിര്‍വചിക്കുന്നത് .”Man of ordinary prudence” ആണ് നിയമത്തിന്റെ അളവുകോല്‍ .അല്ലാതെ സൂക്ഷ്മ രാഷ്ട്രീയമോ ഉത്തരാധുനികതയോ അല്ല . അത് കൊണ്ട് തന്നെ കോടതിയെ കബളിപ്പിക്കാന്‍ ശ്രമിച്ചു ,അല്ലെങ്കില്‍ തെറ്റിധരിപ്പിച്ചു എന്ന നിഗമനം നിയമത്തിന്റെ കണ്ണില്‍ യുക്തിസഹമാണ് . അതിന് ഉത്തരവാദികള്‍ ആരായാലും അവരാണ് ഹാദിയയെ ഇന്നത്തെ അവസ്ഥയിലേക്ക് തള്ളിവിട്ടത് എന്ന് പറയാതിരിക്കാന്‍ നിവൃത്തിയില്ല .
ഹാദിയയുടെ അഭിഭാഷകര്‍ കോടതിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കഴിയാതെ പതറിപ്പോയതിനു കാരണമുണ്ട് .വിവാഹക്കാര്യം അവര്‍ക്കും അറിയുമായിരുന്നില്ല .ഹാദിയയുടെ അഭിഭാഷകനോട് ഞാന്‍ സംസാരിച്ചിരുന്നു . Way to Nikah എന്ന മാട്രിമോണിയല്‍ സൈറ്റില്‍ പരസ്യം കൊടുത്തതായി പറയുന്നത് 2016 ഏപ്രിലില്‍ ആണ് . രണ്ടാമത്തെ ഹര്‍ജി അപ്പോള്‍ കോടതിയില്‍ എത്തിയിട്ടില്ല . അതായതു ഈ കേസ് തുടങ്ങുന്നതിന് മുന്‍പ് തന്നെ വിവാഹശ്രമങ്ങള്‍ തുടങ്ങിയിരുന്നു .അത് ഒരു ഘട്ടത്തില്‍ പോലും അഭിഭാഷകരെ അറിയിച്ചില്ല ! നിയമത്തിന്റെ കണ്ണില്‍ ഇത് കോടതിയെ കബളിപ്പിക്കാനായി നടത്തിയ വിവാഹമാണ് എന്ന് കോടതിക്ക് തോന്നാന്‍ പിന്നെയും കാരണങ്ങളുണ്ട് . ഫേസ് ബുക്കില്‍ ആക്റ്റീവ് ആയ ഷഫീന്‍ ജഹാന്‍ വിവാഹക്കാര്യം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടില്ല എന്ന് കോടതി കണ്ടെത്തി . എന്നാല്‍ 2017 ജനുവരി 10 ന് മാതൃഭൂമി പത്രത്തില്‍ ഇത് സംബന്ധിച്ച വാര്‍ത്ത വന്നതിനുശേഷം അന്നേ ദിവസം രാവിലെ 9 . 55 ന് ഷെഫിന്‍ ജഹാന്‍ നിക്കാഹിന്റെ ഫോട്ടോ ഫേസ് ബുക്കില്‍ അപ്ലോഡ് ചെയ്തു എന്നും കോടതി നിരീക്ഷിക്കുന്നു .
കോടതി ആദ്യഘട്ടത്തില്‍ വിശ്വാസത്തിലെടുത്ത സൈനബ എന്ന വ്യക്തിയാണ് ഹാദിയയെ വിവാഹം കഴിപ്പിക്കാന്‍ മുന്‍ കൈ എടുത്തത് എന്ന് കണ്ടെത്തുന്നതോടെ അവരുടെ മേല്‍ കോടതി അര്‍പ്പിച്ച വിശ്വാസം തകരുന്നു . തുടര്‍ന്നാണ് അവരുടെയും “ആന്റീസിഡന്‍സ് ” സംശയാസ്പദമാണ് എന്ന് കോടതി നിരീക്ഷിക്കുന്നത് . ചെര്‍പ്പുളശ്ശേരി സ്വദേശിയായ ആതിര എന്ന മറ്റൊരു പെണ്‍കുട്ടിയുടെ സമാനമായ കേസിലും ഒരു കോമണ്‍ ഡിനോമിനേറ്റര്‍ ആയി സൈനബ ഉണ്ട് എന്ന് കോടതി കണ്ടെത്തുന്നു . മതം മാറിയ ഈ പെണ്‍കുട്ടി ഹിന്ദു മതത്തിലേക്ക് തിരിച്ചു പോകുകയും ,തന്നെ നിര്‍ബന്ധിതമായി വിവാഹം കഴിപ്പിക്കാനും മതം മാറ്റാനും ശ്രമിച്ചു എന്ന് മജിസ്ട്രേറ്റ് കോടതി മുന്‍പാകെ മൊഴി കൊടുക്കുകയും ചെയ്തിരുന്നു . ഈ കേസില്‍ അറസ്റ്റിലായവരും ഇനിയും പിടി കിട്ടാനുള്ളവരും എല്ലാം എസ് ഡി പി ഐ ക്കാരാണ് . വിവാഹം കഴിച്ചാല്‍ പിന്നെ കോടതി മാതാപിതാക്കളുടെ കൂടെ വിടില്ല എന്ന് സൈനബ തന്നെ ഉപദേശിച്ചതായി ആതിര മൊഴി നല്‍കിയിരുന്നു . കോടതിയെ കബളിപ്പിക്കാനായി നടത്തിയ വിവാഹമാണിത് എന്ന കോടതിയുടെ തോന്നല്‍ ബലപ്പെടാന്‍ ഇതും ഒരു കാരണമായി .
ഹാദിയയുടെ പേര് മൂന്നിടത്ത് മൂന്നു തരത്തിലാണ് എന്നതാണ് കോടതിയുടെ അവിശ്വാസത്തിനിടയാക്കിയ മറ്റൊരു കാര്യം . ഇത് വെറും അച്ചടി പ്പിശകാണെന്നാണ് ഷെഫിന്‍ ജഹാന്‍ ഫേസ് ബുക്കില്‍ എഴുതിയിരിക്കുന്നത് .അത് അവാസ്തവമാണ് . 2015 സെപ്റ്റംബറില്‍ ഒരു നോട്ടറിയെ കൊണ്ട് ഒപ്പിടുവിച്ചു “അഖില ” തയ്യാറാക്കിയ സത്യവാങ്മൂലത്തില്‍ താന്‍ ഇസലാം മതം സ്വീകരിക്കുകയാണെന്നും ആസ്യ(Aasiya ) എന്ന പേര് സ്വീകരിക്കുകയാണെന്നും പറയുന്നുണ്ട് . എറണാകുളത്തുള്ള രണ്ടു സുഹൃത്തുക്കളാണ് ആസ്യ എന്ന പേര് നിര്‍ദേശിച്ചതെന്ന് പിന്നീട് ഹാദിയ പറഞ്ഞതായും കോടതി രേഖകളില്‍ ഉണ്ട് .ഇതെങ്ങനെ അച്ചടി പ്പിശകാവും ? പിന്നീട് ആദ്യത്തെ ഹര്‍ജിയില്‍ കക്ഷി ചേരുമ്പോള്‍ ആദിയ എന്ന പേരാണ് രേഖകളില്‍ ഉള്ളത് . ഇത് അച്ചടി പിശകാണ് എന്ന് വേണമെങ്കില്‍ വ്യാഖ്യാനിക്കാം .പക്ഷേ കോടതിയെ സംബന്ധിച്ചിടത്തോളം ഇതെല്ലാം കേസിലെ കക്ഷിയുടെ ഐഡന്റിറ്റിയെ കുറിച്ച് തന്നെ ആശയക്കുഴപ്പം സൃഷ്ടിക്കാനാണോ എന്ന സംശയമാണ് ഉണ്ടാക്കുന്നത് . പറഞ്ഞല്ലോ , ഒന്നും ചെയ്യാന്‍ പറ്റില്ല ,നിയമത്തിന്റെ യുക്തി വേറെയാണ് .അത് മനസ്സിലാക്കി പെരുമാറുകയാണ് കോടതിയില്‍ വേണ്ടത് .(കേസ് ജയിക്കണമെങ്കില്‍ )
ഷെഫിന്‍ ജഹാന്റെ ഫേസ് ബുക്ക് പോസ്റ്റുകള്‍ പരിശോധിച്ച കോടതി അവ തീവ്രവാദസ്വഭാവമുള്ളവയാണ് എന്ന് നിരീക്ഷിക്കുന്നുണ്ട് . ഇതെല്ലാം വിവാഹം “sham” ആണെന്ന സംശയത്തിനിടയാക്കി . വീണ്ടും പറയട്ടെ ,”അതെന്താ ,തീവ്രവാദിക്ക് വിവാഹം കഴിച്ചൂടെ എന്ന് ചോദിക്കാം ,ഫേസ് ബുക്കില്‍ .പക്ഷെ കോടതിയില്‍ പറ്റില്ല . വിവാഹം മറച്ചു വെച്ചു എന്നതും ,സമാനസ്വഭാവമുള്ള മറ്റു കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ എസ് ഡി പി ഐ ക്കാരാണ് എന്നതും ഈ കേസിലെ ചിലര്‍ ആ കേസിലുമുണ്ട് എന്നതും ഒക്കെ കൂട്ടി വായിക്കുക എന്നത് കോടതിയെ സംബന്ധിച്ചിടത്തോളം യുക്തിസഹമാണ് .അതാണ് കോടതി ചെയ്തത് .കോടതിക്ക് ഓരോ കേസും വ്യത്യസ്തമാണ് .ഓരോ കേസിലെയും വസ്തുതകളും സാഹചര്യങ്ങളും നോക്കിയാണ് കോടതി തീരുമാനമെടുക്കുക .എന്ത് കൊണ്ടാണ് വിവാഹക്കാര്യം ഫേസ് ബുക്കില്‍ announce ചെയ്യാതിരുന്നത് എന്ന് ഷെഫിന്‍ ജഹാനോട് ഞാന്‍ ചോദിച്ചപ്പോള്‍ എന്നോട് പറഞ്ഞത് “അങ്ങനെ ചെയ്യണമെന്ന് നിര്‍ബന്ധമൊന്നുമില്ലല്ലോ എന്നാണ് . ശരിയാണ് , നിര്‍ബന്ധമൊന്നുമില്ല . പക്ഷേ , നേരത്തെ പറഞ്ഞല്ലോ , സൂക്ഷ്മ രാഷ്ട്രീയമോ ,പോസ്റ്റ് മോഡേണ്‍ സിദ്ധാന്തങ്ങളോ അല്ല, Man of ordinary prudence ആണ് കോടതിയുടെ അളവുകോല്‍ .ആ മാനദണ്ഡമനുസരിച്ചു ,വിവാഹം ഇത്രമേല്‍ രഹസ്യമാക്കി വെച്ചത് അസ്വാഭാവികമാണ് .
നാളെ സുപ്രീം കോടതി കേസ് പരിഗണിക്കുകയാണ് . എന്‍ ഐ എ നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് അറിയുന്നത് .വിവാഹം കോടതിയെ കബളിപ്പിക്കാനായി തട്ടിക്കൂട്ടിയതാണെന്ന കോടതിയുടെ നിഗമനത്തെ ശരി വെക്കുന്നതാണ് എന്‍ ഐ യുടെ കണ്ടെത്തല്‍ എന്നാണ് മനസ്സിലാക്കുന്നത് . ഈ എന്‍ ഐ എന്താ പ്രസ്സ് റിലീസ് കൊടുത്തോ എന്നൊക്ക അത്ഭുതപ്പെടുന്ന ചില കുട്ടികളെ കണ്ടു .ചിരിക്കുകയല്ലാതെ എന്ത് ചെയ്യും . അത്യാവശ്യം പത്തു പേരെ ഫോണെടുത്തു കുത്തി വിളിക്കാനുള്ള ശേഷിയുള്ള ഏതു പത്രപ്രവര്‍ത്തകര്‍ക്കും ഇമ്മാതിരി വിവരമൊക്ക കിട്ടും . എന്‍ ഐ എ എന്ന് പറയുന്ന സംവിധാനത്തെ കുറിച്ച് എനിക്ക് യാതൊരു മതിപ്പുമില്ലാത്തതിനാല്‍ ഞാന്‍ അതിന് ശ്രമിക്കാറില്ല എന്ന് മാത്രം . ഓപ്പണിലെ സ്റ്റോറിയില്‍ എന്‍ ഐ എ യുടെ ഫൈന്‍ഡിങ്‌സ് ഉണ്ട് .അത് ഡല്‍ഹി ബ്യുറോയുടെ വിവരങ്ങളാണ് എന്ന് അതില്‍ സിമ്പിള്‍ ഇംഗ്ലീഷില്‍ എഴുതി വെച്ചിട്ടുമുണ്ട് . അതിന് ഞങ്ങള്‍ക്ക് വായിക്കാന്‍ അറിയില്ലല്ലോ ,ചാപ്പ കുത്താനല്ലേ അറിയൂ !
. 2016 ഡിസംബര്‍ 31 വരെ ഷെഫിന്‍ ജഹാന്‍ ഹാദിയയുടെ പ്രൊഫൈല്‍ വിസിറ്റ് ചെയ്തിട്ടില്ല എന്നാണു എന്‍ ഐ എ കണ്ടെത്തിയിരിക്കുന്നത് .അതായത് വിവാഹം നടന്ന തിയ്യതിയും കഴിഞ്ഞു വീണ്ടും 12 ദിവസങ്ങള്‍ക്കു ശേഷം ..ഞാന്‍ ചോദിച്ചപ്പോള്‍ ഷെഫിന്‍ ജഹാന്‍ പറഞ്ഞത് ഗൂഗിള്‍ ചെയ്തപ്പോള്‍ കണ്ടതാണ് എന്നാണ് .ആ വിശദീകരണം മതിയാകും എന്ന് തോന്നുന്നില്ല . കാരണം ഒരു മാര്യേജ് പോര്‍ട്ടലിലെ പ്രൊഫൈല്‍ അങ്ങനെ ഗൂഗിള്‍ സെര്‍ച്ചില്‍ വരുമോ ? വന്നാല്‍ തന്നെ അത് തുറക്കുമ്പോള്‍ ആ സൈറ്റിലേക്കല്ലേ അത് പോവുക ? ഇലക്ട്രോണിക് എവിഡന്‍സ് ആണ്.നിഷേധിക്കല്‍ എളുപ്പമാവില്ല .
എന്തായാലും കാര്യങ്ങള്‍ ഷെഫിന്‍ ജഹാന് കൂടുതല്‍ ബുദ്ധിമുട്ടാവാനാണ് സാധ്യത . സ്വന്തം ഭാഗം കോടതിയില്‍ സ്ഥാപിച്ചെടുക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെ എന്ന് പ്രതീക്ഷിക്കുന്നു .ഈ പോമോ ,അനാക്രി ,അമാനവ സെറ്റിന്റെ ഒറ്റ ബുദ്ധിയില്‍ വിരിയുന്ന മണ്ടത്തരങ്ങള്‍ വായിച്ചു ധൃതംഗപുളകിതനായി കാലം കഴിക്കാതെ എത്രയും വേഗം വക്കീലിനെ കണ്ടു കൗണ്ടര്‍ ഗെയിം പ്ലാന്‍ ചെയ്യുകയാണ് ഷെഫിന്‍ ചെയ്യേണ്ടത് എന്നെനിക്ക് അഭിപ്രായമുണ്ട് . ദിലീപിന്റെ ഫാന്‍സുകാരും സുഹൃത്തുക്കളും ദിലീപിനോട് ചെയ്തതാണ് ഷെഫിന്‍ ജഹാന്റെ സുഹൃത്തുക്കള്‍ ഇപ്പോള്‍ അദ്ദേഹത്തോട് ചെയ്യുന്നത് എന്നാണ് എന്റെ തോന്നല്‍ .
ഷെഫിന്‍ ജഹാന്റെ പൂര്‍വകാലമോ ,കൈവെട്ട് കേസിലെ അയാളുടെ നിലപാടോ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നതിനോട് എനിക്ക് വ്യക്തിപരമായി യോജിപ്പില്ല . പക്ഷെ അയാളെ സപ്പോര്‍ട്ട് ചെയ്യുന്നു എന്ന മട്ടില്‍ കൂടെ നില്‍ക്കുന്നവര്‍ മറ്റുള്ളവരെ കൊണ്ട് ഇതല്ല ,ഇതിലപ്പുറവും ചെയ്യിക്കും . തങ്ങളൊഴിച്ചുള്ള സകലരെയും ചാപ്പയടിച്ചു ,പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന, രാജ്യത്തിനകത്തും പുറത്തുമുള്ള ഈ സുഹൃത്തുക്കളുടെ കയ്യില്‍ നിന്നും ഷെഫിന്‍ ജഹാന് രക്ഷ കിട്ടട്ടെ എന്നാഗ്രഹിക്കുന്നു. എന്തൊക്കെയായാലും ഹാദിയയെ ഈ നരകയാതനയിലേക്ക് തള്ളി വിട്ടതില്‍ എസ് ഡി പി ഐ ക്കും ഷെഫിന്‍ ജഹാനുമുള്ള പങ്ക് മറച്ചു വെക്കാന്‍ കഴിയില്ല .
ഇനി മറ്റൊരു കാര്യം. അപ്പുറത്ത് നില്‍ക്കുന്ന കക്ഷി “കൈവെട്ടിനെ അനുകൂലിച്ച സുഡാപ്പി”യാണ് എന്ന ഒരൊറ്റ കാരണം കൊണ്ട് ഈ കോടതി വിധിയുടെ അപകടങ്ങളെ കാണാതെ പോകുന്ന ഇടതുപക്ഷ /കോണ്‍ഗ്രസ്സ് ലീഗ് സുഹൃത്തുക്കളോടാണ് ഇനി പറയാനുള്ളത് . നിങ്ങള്‍ ഷെഫിന്‍ ജഹാനെ മാറ്റി നിര്‍ത്തി ഈ കോടതി വിധിയെ കാണാന്‍ തയ്യാറാവണം . അങ്ങേയറ്റം അപകടകരമായ പ്രിസിഡന്‍സ് ഉണ്ടാക്കുന്ന ഒരു വിധിയാണ് ഇത് . ഹാദിയയുടെ മൗലികാവകാശങ്ങള്‍ ലംഘിച്ചു എന്നത് മാത്രമല്ല ,ഈ കോടതി വിധിയുടെ അപകടം .അതേ കുറിച്ച് വിശദമായി അടുത്ത പോസ്റ്റില്‍ .

We use cookies to give you the best possible experience. Learn more