| Tuesday, 22nd January 2013, 1:11 pm

ഷാഹിന ഭരണകൂടം വേട്ടയാടുന്നത്‌

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഅ്ദനിക്കെതിരെയുള്ള ശക്തമായ തെളിവുകളാണ് മടിക്കേരിയിലെ സാക്ഷികള്‍. ഇവരെയാണ് കാണാന്‍ പോകുന്നത്. സംഗതി ചില്ലറയല്ല. സാധാരണ നിലയില്‍ സ്‌ഫോടനത്തെ കുറിച്ച് പോലീസ് പറയുന്ന കിടിലന്‍ കഥകള്‍ തൊണ്ടതൊടാതെ വിഴുങ്ങി അതില്‍ രസം കണ്ടെത്തുന്നതാണ്‌
മഹത്തായ മാധ്യമ പ്രവര്‍ത്തനം എന്നു കരുതുന്നവര്‍ക്കിടയിലാണ് ഷാഹിന വേറിട്ടു നില്‍ക്കുന്നത്. അതിന് കാണിച്ച ധൈര്യത്തെ നമിച്ചേ തീരൂ. ഇര്‍ഫാന്‍ മുഹമ്മദ് എഴുതുന്നു


എസ്സേയ്‌സ് /ഇര്‍ഫാന്‍ മുഹമ്മദ്

ബംഗളൂരു സ്‌ഫോടനത്തില്‍ പ്രതിചേര്‍ക്കപ്പെട്ട് രണ്ടര വര്‍ഷത്തോളമായി ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദു നാസിര്‍ മഅ്ദനി കര്‍ണാടക സര്‍ക്കാറിന്റെ ഭാഷയില്‍ ഒന്നാന്തരം തീവ്രവാദിയാണ്. കേരളത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ്, വന്‍ സ്വാധീനവുമുള്ളയാള്‍.[]

2008 ജൂലൈ 25ന് ബംഗളൂരു നഗരത്തെ നടുക്കി ഒമ്പതിടങ്ങളിലായി നടന്ന സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരനാണ്. രാജ്യത്തിനെതിരെ യുദ്ധം ചെയ്ത കൊടും ഭീകരനാണ്. ഭീകരര്‍ക്ക് അഭയം നല്‍കിയവനാണ്.

സ്‌ഫോടനത്തിന് മുന്നോടിയായി മടിക്കേരിയിലെ ഇഞ്ചി തോട്ടത്തില്‍ കേസിലെ ഒന്നാം പ്രതിയായ തടിയന്റവിട നസീറിന്റെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചന ക്യാമ്പില്‍ പങ്കെടുത്തയാളാണ്.

കേസിലെങ്ങാന്‍ ജാമ്യം നേടിയാല്‍ കേരളത്തില്‍ പോയി മുഴുവന്‍ സാക്ഷികളെയും സ്വാധീനിച്ച് പ്രോസിക്യൂഷനെതിരെ തിരിച്ചുവിടാന്‍ കപ്പാസിറ്റി ഉള്ളവനാണ്.

ബംഗളൂരു സ്‌ഫോടനം അന്വേഷിക്കുന്ന പോലീസ് വിചാരണ കോടതിക്കു മുമ്പാകെ പല തവണയായി അറിയിച്ച വിവരങ്ങളുടെ ആകെ തുകയാണിത്.

നസീറിന്റെ തോട്ടത്തില്‍ നടന്ന ക്യാമ്പില്‍ മഅ്ദനി പങ്കെടുത്തുവെന്ന് അന്വേഷണ സംഘം വെറുതേ പറഞ്ഞതല്ല. അതിന് കൃത്യമായ തെളിവുണ്ട്.

മഅ്ദനി അംബാസഡര്‍ കാറില്‍ വന്നിറങ്ങി നസീറിന്റെ തോട്ടത്തിലേക്ക് പോകുന്നത് കണ്ടതിന് രണ്ടു സാക്ഷികളുണ്ട്. നസീറിന്റെ തോട്ടത്തിലെ ജീവനക്കാരനായ ഒരു റഫീഖും മടിക്കേരിയിലെ ബി.ജെ.പി പ്രവര്‍ത്തകനായ യോഗാനന്ദയും.

മഅ്ദനിക്കെതിരായ കേസ് ഡയറിയിലെ ഏറ്റവും ശക്തമായ രണ്ടു സാക്ഷികളാണിത്. പോലീസിന്റെ കണ്ടത്തെലും നിര്‍ദേശങ്ങളും ശിരസാവഹിച്ച കോടതി ഇതുവരെ മഅ്ദനിക്ക് ജാമ്യം പോലും നല്‍കാന്‍ തയാറായിട്ടില്ല. മഅ്ദനിയെന്നല്ല സ്‌ഫോടന കേസിലെ ഒരു പ്രതിക്കും ജാമ്യം കിട്ടിയിട്ടില്ല.

പോലീസ് രേഖകളില്‍ മഅ്ദനിക്കെതിരെ കടും ചായത്തില്‍ അടയാളപ്പെടുത്തിയ ഈ രണ്ടു സാക്ഷികളെയും തേടി ഒരു മാധ്യമ പ്രവര്‍ത്തക മടിക്കേരിയിലത്തെി.

2010 നവംബറില്‍ തെഹല്‍കയുടെ ലേഖികയായിരുന്ന ഷാഹിനയാണ് അധികമാരും ധൈര്യപ്പെടാത്ത മാധ്യമ പ്രവര്‍ത്തനത്തിന് മുതിര്‍ന്നത്.

കേസ് സ്‌ഫോടനമാണ്. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മഅ്ദനിയുള്‍പ്പടെ ഒന്നാംതരം തീവ്രവാദികളുള്‍പ്പടെ 32 പ്രതികളാണ് കേസിലുള്ളത്. പ്രതികള്‍ക്കെതിരെ രാജ്യത്തിനെതിരെ യുദ്ധം ചെയ്തു എന്നതുള്‍പ്പടെയുള്ള ഗുരുതരമായ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

അതിന്റെ സൂത്രധാരനാണെന്ന് പോലീസ് പറയുന്ന മഅ്ദനിക്കെതിരെയുള്ള ശക്തമായ തെളിവുകളാണ് മടിക്കേരിയിലെ സാക്ഷികള്‍.

ഇവരെയാണ് കാണാന്‍ പോകുന്നത്. സംഗതി ചില്ലറയല്ല. സാധാരണ നിലയില്‍ സ്‌ഫോടനത്തെ കുറിച്ച് പോലീസ് പറയുന്ന കിടിലന്‍ കഥകള്‍ തൊണ്ടതൊടാതെ വിഴുങ്ങി അതില്‍ രസം കണ്ടെത്തുന്നതാണ്‌ മഹത്തായ മാധ്യമ പ്രവര്‍ത്തനം എന്നു കരുതുന്നവര്‍ക്കിടയിലാണ് ഷാഹിന വേറിട്ടു നില്‍ക്കുന്നത്. അതിന് കാണിച്ച ധൈര്യത്തെ നമിച്ചേ തീരൂ.

2010 ആഗസ്റ്റിലാണ് മഅ്ദനി അറസ്റ്റിലാവുന്നത്. നവംബറിലാണ് ഷാഹിന മടിക്കേരിയില്‍ എത്തുന്നത്. സ്വാഭാവികമായും തെഹല്‍കയില്‍ നിന്നൊരു ലേഖിക വരുന്നതും കേസിനെക്കുറിച്ച് അന്വേഷിക്കുന്നതും പോലീസിന് സുഖിച്ചില്ല.

അവര്‍ തിരിച്ചു പോവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സാക്ഷികളെ കണ്ട് അഭിമുഖമെടുത്താണ് ഷാഹിന മടിക്കേരി മല ഇറങ്ങിയത്.

വെറുംകൈയോടെയായിരുന്നില്ല ആ മടക്കം. യോഗാനന്ദയെയും റഫീഖിനെയും കണ്ട പോലീസ് കഥയല്ല ശരി എന്ന് തെളിയിച്ചാണ് ഷാഹിന മടങ്ങിപ്പോയത്.

മഅ്ദനിയെ കണ്ടിട്ടേയില്ലെന്ന് യോഗാനന്ദയും പോലീസ് ബലം പ്രയോഗിച്ച് തന്നെ കൊണ്ട് മഅ്ദനിക്കെതിരെ പറയിപ്പിച്ചതാണെന്ന് റഫീഖും ഷാഹിനയോട് പറഞ്ഞു.

നിയമവിരുദ്ധ പ്രവര്‍ത്തനം, കുറ്റകരമായ ഗൂഢാലോചന, സാക്ഷികളെ സ്വാധീനിക്കല്‍, പ്രോസിക്യൂഷനെതിരെ മൊഴി നല്‍കാന്‍ സാക്ഷിയെ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് ഷാഹിനക്കെതിരെയുള്ളത്.

ഞെട്ടിപ്പിക്കുന്ന ഈ വെളിപ്പെടുത്തില്‍ 2010 നവംബര്‍ 16ന് തെഹല്‍കയില്‍ അച്ചടിമഷി പുരളുകളയും ചെയ്തു. തെഹല്‍ക ഷാഹിന നല്‍കിയ വിവരങ്ങള്‍ പുറത്തു വിട്ടതോടെ അത് കൊള്ളേണ്ടിടത്ത് കൊണ്ടു. പിന്നെ പറയണോ പൂരം. തങ്ങളുടെ കഥകള്‍ വ്യാജമാണെന്ന കണ്ടെത്തല്‍ ഒരു പോലീസിനും താങ്ങാനാവില്ല.

ഇതോടെ പൊലീസ് അവരുടെ സ്ഥിരം നമ്പറെടുത്തു. ഷാഹിനയെ ഒതുക്കാനുള്ള പണി അവര്‍ ഭംഗിയായി ചെയ്തു. സംഭവം കേസായി. സാക്ഷികളെ ഭീഷണിപ്പെടുത്തി പ്രോസിക്യൂഷനെതിരായി മൊഴി നല്‍കിപ്പിച്ചു, ഗൂഢാലോചന നടത്തി തുടങ്ങിയ കുറ്റങ്ങളും ചുമത്തി.

2011 ജൂലൈയില്‍ കേസില്‍ ഷാഹിനക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. അത്രയും ആശ്വാസമായെന്ന് കരുതിയെങ്കില്‍ തെറ്റി. കേസില്‍ മടിക്കേരി സെഷന്‍സ് കോടതിയില്‍ പൊലീസ് കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നു.

വര്‍ഷങ്ങളോളം അകത്തു കിടക്കാനുള്ള വകുപ്പുകള്‍ ചാര്‍ത്തിയാണ് കുറ്റപത്രം എന്നതാണ് പ്രത്യേകത.

നിയമവിരുദ്ധ പ്രവര്‍ത്തനം, കുറ്റകരമായ ഗൂഢാലോചന, സാക്ഷികളെ സ്വാധീനിക്കല്‍, പ്രോസിക്യൂഷനെതിരെ മൊഴി നല്‍കാന്‍ സാക്ഷിയെ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് ഷാഹിനക്കെതിരെയുള്ളത്.

സംഗതി നിസാരമല്ലെന്ന് ചുരുക്കം. ഇനിയുള്ള വഴികള്‍ ഷാഹിനയുടെ മുന്നില്‍ ദുര്‍ഘടമായിരിക്കും.

മഅ്ദനിക്കെതിരെ പ്രോസിക്യൂഷന്റെ ശക്തമായ ആയുധമാണ് ഈ സാക്ഷികള്‍. അവരുടെ മൊഴി വ്യാജമാണെന്ന് വരുമ്പോള്‍ മഅ്ദനിക്കെതിരായ കേസു തന്നെ വ്യാജമാണെന്നു വരും.

അതിനെന്തായാലും കര്‍ണാടക സര്‍ക്കാര്‍ തയ്യാറാവില്ല. അതുകൊണ്ടു തന്നെ ഷാഹിനക്കെതിരായ കുരുക്കുകള്‍ എല്ലാ വഴിയില്‍ നിന്നും മുറുക്കുക എന്നതാണ് പ്രോസിക്യൂഷന്റെ മുമ്പിലുള്ള വഴി.

കളി കാണാനിരിക്കുന്നതേയുള്ളൂവെന്ന് ചുരുക്കം.

We use cookies to give you the best possible experience. Learn more