| Thursday, 22nd December 2016, 11:28 am

'പൊലീസിലെ കാവിവത്കരണം ആരോപണമല്ല, വസ്തുതയാണ്; ഇതാ തെളിവുകള്‍' കേരളമുഖ്യമന്ത്രിക്ക് മാധ്യമപ്രവര്‍ത്തകയുടെ തുറന്ന കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്


കൊച്ചി: പൊലീസിലെ കാവിവത്കരണം ആരോപണമല്ല, വസ്തുതയാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് മാധ്യമപ്രവര്‍ത്തകയുടെ കത്ത്. ഓപ്പണ്‍ മാഗസിന്‍ സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ ഷാഹിനയാണ് കത്തെഴുതിയിരിക്കുന്നത്.

കേരളത്തിലെ പൊലീസ് സംഘപരിവാര്‍ നയമാണ് നടപ്പിലാക്കികൊണ്ടിരിക്കുന്നത് തെളിവുകള്‍ സഹിതം ഷാഹിന കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഷാഹിനയുടെ കത്ത് പൂര്‍ണരൂപം

ഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിക്ക് സ്‌നേഹപൂര്‍വ്വം ,

അന്യായമായി  പോലീസ് പിടിച്ചു കൊണ്ടു രണ്ടു യുവാക്കളുടെ കാര്യത്തില്‍ കുറച്ചു  വൈകിയാണെങ്കിലും അങ്ങ് ഇടപെടുകയും അവരുടെ മോചനം സാധ്യമാക്കുകയും ചെയ്തതില്‍  സന്തോഷം. എന്തായാലും കാര്യങ്ങള്‍ ശുഭകരമായ രീതിയിലല്ല നീങ്ങുന്നതെന്ന്  അങ്ങേക്ക് ബോധ്യമായികാണും എന്ന് ആശ്വസിച്ചതായിരുന്നു.

പക്ഷെ, താങ്കള്‍ക്ക്  അത് ബോധ്യമായിട്ടില്ലെന്നു മാത്രമല്ല, താങ്കള്‍ പൂര്‍ണമായും പൊലീസിന്റെ  നടപടികളെ പിന്തുണക്കുകയാണ് എന്ന് സംശയിക്കേണ്ടുന്ന സാഹചര്യങ്ങളാണ് വീണ്ടും  ഉണ്ടാവുന്നത്. പൊലീസിനെതിരെ ചില കേന്ദ്രങ്ങള്‍ കുപ്രചാരണം നടത്തുവെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്റക്ക് ബി.ജെ.പി  ബന്ധമുള്ളതായി  പ്രചരിപ്പിക്കുന്നുവെന്നും അവരെ കണ്ടെത്താന്‍ ശ്രീലേഖ ഐ.പി.എസ്സിന്റെ  നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തുമെന്നുമുള്ള  വാര്‍ത്ത കണ്ടതുകൊണ്ടാണ്  വീണ്ടും സംശയിക്കേണ്ടി വരുന്നത്. ഈ സാഹചര്യത്തില്‍ ഒരു കാര്യം താങ്കളെ  അറിയിക്കാനാണ് ഈ കത്ത് എഴുതുന്നത് .

കേരളത്തിലെ പൊലീസ് സംഘ് പരിവാര്‍ നയമാണ് നടപ്പിലാക്കികൊണ്ടിരിക്കുന്നത് എന്നത് ഒരു ആരോപണമോ  ദുഷ്പ്രചാരണമോ അല്ല. മറിച്ചു വസ്തുതയാണ്. അതിനുള്ള തെളിവുകള്‍  താങ്കളെ ബോധ്യപ്പെടുത്താം .


Must Read: മോദിയ്ക്ക് കോഴ നല്‍കിയെന്ന രേഖകളുടെ ആധികാരികത ശരിവെച്ച് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്


ബി.ജെ.പിയും ആര്‍.എസ്.എസ്സും  പ്രതിസ്ഥാനത്തു വരുന്ന സംഭവങ്ങളില്‍ പരാതി ഉണ്ടായിട്ടു പോലും കേസെടുക്കാന്‍  പോലീസ് തയ്യാറാവുന്നില്ല. എന്നാല്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും  എഴുത്തുകാര്‍ക്കും, ഇടതു പക്ഷ പ്രവര്‍ത്തകര്‍ക്കുമെതിരെ ബി.ജെ.പിയും യുവ മോര്‍ച്ചയുമൊക്ക കൊടുക്കുന്ന ഒറ്റ പരാതി പോലും നടപടി ഉണ്ടാകാതെ പോകുന്നില്ല.  പലപ്പോഴും പരാതി ഇല്ലാതെ തന്നെ പോലീസ് സ്വമേധയാ കേസെടുക്കുക പോലും  ചെയ്യുന്ന ഒരു സാഹചര്യമാണ്  ഇപ്പോള്‍ സംസ്ഥാനത്തുള്ളത്.

സമീപകാലത്തെ ചില  സംഭവങ്ങളിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു.

1 . താങ്കള്‍  പേരെടുത്തു പറഞ്ഞു പിന്തുണച്ച ചലച്ചിത്ര സംവിധായകന്‍ കമലിന്റെ വീടിനു  മുന്നില്‍ യുവമോര്‍ച്ചപ്രവര്‍ത്തകര്‍  ദേശീയഗാനം പാടി പ്രതിഷേധിച്ച സംഭവത്തില്‍  തളിക്കുളം സ്വദേശിയായ ഒരാള്‍ 14/ 12 / 2016 ല്‍ ഒരു പരാതി കൊടുത്തിരുന്നു.  ദേശീയഗാനത്തെ അവഹേളിച്ചു എന്നായിരുന്നു പരാതി. എന്നാല്‍ അനുവാദം  വാങ്ങിക്കാതെ റോഡ് ഉപരോധിച്ചു എന്ന കുറ്റം മാത്രം ചുമത്തിയാണ് എഫ്.ഐ.ആര്‍  ഇട്ടിട്ടുള്ളത്.ഇതേക്കുറിച്ചു അന്വേഷിച്ചപ്പോള്‍ ബന്ധപ്പെട്ട പോലീസ്  ഉദ്യോഗസ്ഥര്‍ പറഞ്ഞത്, അവര്‍ വിശദമായി അന്വേഷിച്ചു എന്നും പരാതിയില്‍ കഴമ്പില്ല  എന്ന് കണ്ടെത്തി എന്നുമാണ്.

ഇരുന്നിട്ടല്ല , മറിച്ചു നിന്നുകൊണ്ട്  തന്നെയാണ് അവര്‍ ദേശീയഗാനം പാടിയത് എന്നാണ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പറഞ്ഞത് .  മാത്രമല്ല പൊലീസ് ഈ വിഷയത്തില്‍ നിയമോപ്രദേശം തേടിയെന്നും അദ്ദേഹം പറഞ്ഞു.  1971 ലെ പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു നാഷണല്‍ ഓണര്‍ ആക്ട് സെക്ഷന്‍ 3 മാത്രമാണ്, ദേശീയ ഗാനത്തെ അവഹേളിച്ചാല്‍ കേസെടുക്കാന്‍ കഴിയുന്ന ഒരേയൊരു വകുപ്പ് എന്നും  സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പറഞ്ഞു.


Don”t Miss: കോളേജ് അധ്യാപകനെതിരെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതി നല്‍കിയ ആദിവാസി വിദ്യാര്‍ഥിക്ക് സസ്‌പെന്‍ഷന്‍


ഈ വകുപ്പിന്റെ പരിധിയില്‍ വരുന്ന തരത്തിലുള്ള  കുറ്റകൃത്യം നടന്നിട്ടില്ല എന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. ഒരു എഫ്.ഐ .ആര്‍ ഇടാന്‍ പോലും വിശദമായ അന്വേഷണം നടത്തുകയും നിയമോപദേശം തേടുകയും ചെയ്യുന്ന ഈ  രീതി പ്രശംസനീയം തന്നെ. പക്ഷേ,നിര്‍ഭാഗ്യവശാല്‍ സംഘ്പരിവാര്‍ പ്രതിസ്ഥാനത്തു  വരുമ്പോള്‍ മാത്രമാണ് പോലീസ് ഈ അവധാനത പ്രകടിപ്പിക്കുന്നത്.

കമല്‍ സി ചവറയുടെ  കാര്യത്തില്‍ ഇതേ സ്വഭാവമുള്ള പരാതിയിന്മേല്‍ പോലീസ് എടുത്ത നടപടി അങ്ങേയറ്റം  നിയമ വിരുദ്ധമായിരുന്നു. താങ്കള്‍ക്ക് ഇടപെട്ടു അത് തിരുത്തേണ്ടി വന്ന ഒരു  സാഹചര്യമാണുണ്ടായത്. ചലച്ചിത്ര മേളക്കിടെ ഡെലിഗേറ്റുകള്‍ ദേശീയഗാനത്തെ  അവഹേളിച്ചു എന്ന യുവമോര്‍ച്ചയുടെ പരാതിയിന്മേല്‍ പൊലീസ് കാട്ടിയ അത്യുത്സാഹം  താങ്കളുടെ ശ്രദ്ധയില്‍പെട്ടിരിക്കും എന്ന് കരുതുന്നു.

സിനിമ കാണാന്‍ വന്ന പന്ത്രണ്ടുപേരെ  അറസ്റ്റു ചെയ്തുകൊണ്ട് പോകുകയും അവര്‍ക്കെതിരെ ഐ.പി.സി  സെക്ഷന്‍ 188 പ്രകാരം കേസെടുക്കുകയും ചെയ്തു. ആ സെക്ഷന്‍ ഈ വിഷയത്തില്‍ എങ്ങനെ  ബാധകമാവുമെന്നു വിശദീകരിക്കാനുള്ള ബാധ്യത പോലീസിനുണ്ട്. അവര്‍ അതില്‍  പരാജയപ്പെട്ടിരിക്കുന്നു.

കമലിന്റെ വീടിനു മുന്നില്‍ ദേശീയഗാനം പാടി പ്രതിഷേധിച്ച സംഭവത്തില്‍ പൊലീസിനു കിട്ടി എന്ന് പറയപ്പെടുന്ന  നിയമോപദേശവും സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് തന്നെയാണ് എന്ന്  അനുമാനിക്കേണ്ടിവരും. കാരണം തെറ്റായ നിയമോപദേശമാണ് അത്.

2016 ജനുവരി 5 ന്  കേന്ദ്രആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് പ്രകാരം പ്രതിഷേധപ്രകടനത്തിനായി ദേശീയഗാനം ആലപിച്ചത് നിയമലംഘനമാണ്. ഏതൊക്കെ സന്ദര്‍ഭങ്ങളില്‍  ദേശീയഗാനം ആലപിക്കാമെന്നു ആ ഉത്തരവില്‍ പറയുന്നുണ്ട്. അങ്ങനെ നോക്കുമ്പോള്‍  അവര്‍ക്കെതിരെ കേസെടുക്കേണ്ടി വരും.


Shocking: 2000രൂപയുടെ വ്യാജനോട്ട് എങ്ങനെയുണ്ടാക്കാം? അറസ്റ്റിലായ ബംഗളുരുവിലെ യുവാക്കള്‍ ചെയ്തത്


ദേശീയ ഗാനത്തിന്റെ പേരില്‍  ആര്‍ക്കുമെതിരെയും കേസ് എടുക്കരുത് എന്ന് തന്നെയാണ് വ്യക്തിപരമായി എന്റെ നിലപാട്. പക്ഷേ ഈ വിഷയത്തില്‍ പൊലീസ് വ്യക്തമായും സംഘ് അനുകൂല നിലപാടാണ് എടുക്കുന്നത് എന്ന് താങ്കളെ ബോധ്യപ്പെടുത്താനാണ് ഇത്രയും പറഞ്ഞത്.

2. നിലമ്പൂരിലെ വ്യാജ  ഏറ്റുമുട്ടല്‍ കൊല ഡി.ജി.പി ലോക്‌നാഥ് ബെഹ്റ നേരിട്ട് ആസൂത്രണം ചെയ്തു  നടപ്പിലാക്കിയതല്ല എന്ന് കരുതാവുന്ന ഒരു സാഹചര്യവും നിലവിലില്ല.   ആ സംഭവത്തില്‍ വ്യക്തമായും സംഘ്പരിവാര്‍ താത്പര്യം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നു പിന്നീട് നടന്ന സംഭവങ്ങള്‍ സൂക്ഷ്മമായി  പരിശോധിച്ചാല്‍ കാണാന്‍ കഴിയും.  ഡിസംബര്‍ 3നു പടുക്ക ഫോറസ്റ്റ് ഓഫീസിനു മുന്നില്‍ നടന്ന സംഭവങ്ങള്‍ ഇത്തരത്തില്‍ വ്യക്തമായ സൂചന നല്‍കുന്നതാണ്. തണ്ടര്‍ബോള്‍ട്ടിന് അഭിവാദ്യമര്‍പ്പിച്ചു കൊണ്ട് ആര്‍.എസ്.എസ് / ബി.ജെ.പി പ്രവര്‍ത്തകര്‍  അവിടെ ഫ്‌ളക്‌സ് കെട്ടി.

മാധ്യമപ്രവര്‍ത്തകരടക്കമുള്ള നാട്ടുകാര്‍ ഇതിനെല്ലാം സാക്ഷികളാണ്. ഫ്‌ളക്‌സ് എവിടെ വെക്കണമെന്ന കാര്യത്തില്‍ നിര്‍ദേശം നല്‍കിയതും  അതിനവരെ സഹായിച്ചതുമെല്ലാം പൊലീസായിരുന്നുവെന്ന് അപ്പോള്‍ അവിടെ  ഉണ്ടായിരുന്ന  മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. ഒരു സംഘം മനുഷ്യാവകാശ  പ്രവര്‍ത്തകര്‍ ഒരു ഫാക്ട് ഫൈന്‍ഡിങ് മിഷനുമായി അന്നേ ദിവസം അവിടെ എത്തിയിരുന്നു.  അവരെ പടുക്ക ഫോറസ്റ്റ് ഓഫീസിനു മുന്നില്‍ വെച്ച് ആര്‍.എസ്.എസ് /ബി.ജെ.പി  പ്രവര്‍ത്തകര്‍ തടഞ്ഞു.

നാട്ടുകാരെ കണ്ടു സംസാരിക്കാനോ വിവരങ്ങള്‍ ശേഖരിക്കാനോ  സമ്മതിക്കില്ല എന്നായിരുന്നു ആ ആള്‍ക്കൂട്ടത്തിന്റെ നിലപാട്. ബി.ജെ.പി യുടെ  പ്രാദേശിക നേതാവ് അറുമുഖന്റെയും മറ്റും നേതൃത്വത്തിലാണ് ഈ തടയലും  ബഹളവുമൊക്കെ ഉണ്ടായത്. അവര്‍ ഒരു വലിയ ആള്‍ക്കൂട്ടം തന്നെയുണ്ടായിരുന്നു.സംഘര്‍ഷാവസ്ഥയുണ്ടാക്കാനാണ് അവര്‍ ശ്രമിച്ചത്.

മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച  ചിത്രങ്ങള്‍ അതിനു തെളിവാണ്. നിഷ്പക്ഷമായി നിയമം നടപ്പിലാക്കുന്ന  പൊലീസായിരുന്നുവെങ്കില്‍ ഇവര്‍ക്കെതിരെ ഐ.പി.സി സെക്ഷന്‍  143 ,147  (unlawful  assembly ) പ്രകാരം കേസെടുക്കേണ്ടതാണ്. പക്ഷേ സംഘ്പരിവാറിന്റെ പക്ഷംചേര്‍ന്ന പോലീസ് വസ്തുതാന്വേഷണത്തിനു എത്തിയ സംഘത്തെ തിരിച്ചയക്കുകയാണ്  ഉണ്ടായത്.

നാട്ടുകാരെ കണ്ടു സംസാരിച്ചു വിവരങ്ങള്‍ ശേഖരിക്കാന്‍ ഏതൊരു  പൗരനുമുള്ള ന്യായമായ അവകാശം നിഷേധിച്ച  പൊലീസ് സംഘ്പരിവാറിന്റെ അജണ്ടയാണ് അവിടെ നടപ്പിലാക്കിയത്. അതേസമയം ഏറ്റുമുട്ടല്‍കൊലയില്‍ പ്രതിഷേധിച്ചു  പ്രകടനം നടത്തിയ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ നിയമവിരുദ്ധമായി സംഘം ചേരല്‍,  കലാപമുണ്ടാക്കാനുള്ള ശ്രമം, പൊതുവഴി തടസ്സപ്പെടുത്തല്‍ (ഐ പി സി 143, 148  ,283 ) തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു. നിലമ്പുര്‍ നഗരസഭാ കൗണ്‍സിലര്‍  പി.എം ബഷീര്‍ ഉള്‍പ്പെടെ 68 എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.

3. കുപ്പു ദേവരാജന്റെ മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ട് പോകുമ്പോള്‍ പൊറ്റമ്മലില്‍ വെച്ച് ഒരു സംഘം ബി.ജെ.പി  പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്, കൊല്ലപ്പെട്ടവരുടെ അടുത്ത സുഹൃത്തുക്കളെ പോലും നിയന്ത്രിച്ച പൊലീസ്, റോഡ്  തടഞ്ഞ ബി.ജെ.പിക്കാര്‍ക്കെതിരെ യാതൊരു നടപടിയും എടുത്തില്ല.

കൊല്ലപ്പെട്ട  ഒരാളുടെ മൃതദേഹം വഹിച്ചുള്ള വാഹനമാണ് അവര്‍ തടഞ്ഞത്. അങ്ങേയറ്റം സംഘര്‍ഷം  ഉണ്ടാകാനിടയുള്ള ഒരു സാഹചര്യമാണ് അവിടെ ഉണ്ടായത്. കുപ്പു ദേവരാജന്റെ  മൃതദേഹത്തെ അനുഗമിച്ചിരുന്നവര്‍ “വലിയ അപകടകാരികളെന്നു” പൊലീസ് വിലയിരുത്തുന്ന മാവോയിസ്റ്റ് അനുഭാവികളുടെ ഏക പക്ഷീയമായ സംയമനം കൊണ്ട് മാത്രമാണ് അന്നവിടെ സംഘര്‍ഷം ഒഴിവായത്.

നിലമ്പൂരിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട്  കേരളത്തില്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയും നിയമം കയ്യിലെടുക്കുകയോ മൃതദേഹത്തെ  പോലും അപമാനിക്കുന്ന തരത്തില്‍ പ്രതികരിക്കുകയോ ചെയ്തിട്ടില്ല. ഇടതു ഭരണത്തിന്‍ കീഴില്‍ സംഘ് പരിവാറിന് ഇത്രയും ധാര്‍ഷ്ട്യം ഉണ്ടാകുന്നത് എന്തുകൊണ്ടാണ് എന്ന് താങ്കള്‍ ആലോചിക്കേണ്ടതാണ്. പൊലീസിന്റെ അകമഴിഞ്ഞ പിന്തുണ തന്നെയാണ് കാരണം എന്നതിന്  ഇവിടെ പറയുന്ന സംഭവങ്ങള്‍ തെളിവാണ്.

4. മൃതദേഹം വഹിച്ചു കൊണ്ടുള്ള വാഹനം തടഞ്ഞു സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച ബി.ജെ.പി ക്കാര്‍ക്കെതിരെ ചെറുവിരലനക്കാന്‍ തയ്യാറാവാതിരുന്ന പൊലീസ്, നവംബര്‍ 26നു  പ്രതിഷേധ പ്രകടനം നടത്തിയ ഗ്രോ വാസു അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തു.  അതിലും പരാതിക്കാരില്ല, പൊലീസ് സ്വമേധയാ എടുത്തകേസാണ്. നിയമവിരുദ്ധമായ  സംഘം ചേരല്‍, കലാപമുണ്ടാക്കാന്‍ ശ്രമം, പൊതുവഴി തടസ്സപ്പെടുത്തല്‍ തുടങ്ങിയ  വകുപ്പുകള്‍ ഒക്കെ തന്നെയാണ് ചുമത്തിയിട്ടുള്ളത്.

രാഷ്ട്രീയമായി  വിയോജിപ്പുള്ളവരടക്കം  ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് വാസുവേട്ടന്‍ എന്ന് വിളിക്കുന്ന ഗ്രോ വാസു . അദ്ദേഹത്തെപ്പോലും  ഭീകരവാദിയെപ്പോലെ കൈകാര്യം ചെയ്യുകയാണ് പൊലീസ് ചെയ്തത്. മാവോയിസ്റ്റ് അനുഭാവികള്‍ മാത്രമല്ല ആ പ്രതിഷേധപ്രകടനത്തില്‍ പങ്കെടുത്തത്. സോളിഡാരിറ്റി പോലുള്ള സംഘടനകളുടെ പ്രവര്‍ത്തകരും  പങ്കെടുത്തിരുന്നു. മാവോയിസ്റ്റുകളോ സോളിഡാരിറ്റിയോ ഉയര്‍ത്തുന്ന  രാഷ്ട്രീയത്തോട് വിയോജിക്കുമ്പോള്‍ തന്നെ അവര്‍ക്ക് കൂടി രാഷ്ട്രീയം പറയാനുള്ള  ഇടം ഉണ്ടാകണം ജനാധിപത്യത്തില്‍.


Don”t Miss: കുമ്മനത്തിനും സുരേന്ദ്രനും വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തുന്നത് കേരള പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ച്


ഒരു പരിധി വരെയെങ്കിലും വ്യത്യസ്ത  രാഷ്ട്രീയ നിലപാടുകളെ അംഗീകരിച്ചു പോന്ന ഒരു ചരിത്രം തന്നെയാണ്  കേരളത്തിനുള്ളത്. അതില്‍ നിന്നും വ്യത്യസ്തമായി എല്ലാ എതിര്‍ ശബ്ദങ്ങളെയും അടിച്ചമര്‍ത്തുന്ന രീതിയിലേക്ക് കേരളം മാറുകയാണ്. ആ മാറ്റത്തിന്റെ ചാലകശക്തി ഹൈന്ദവ വലതുപക്ഷവല്‍ക്കരണമാണ്. മാവോയിസ്റ്റ് അനുഭാവിയാകുന്നത് ഒരു  കുറ്റമല്ല എന്ന് ബഹുമാനപ്പെട്ട സുപ്രീം കോടതി ഒന്നിലധികം വിധിന്യായങ്ങളിലൂടെ വ്യക്തമാക്കിയിട്ടുള്ളതാണ്. ദേശീയഗാനം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ ഓടി നടക്കുന്ന കേരളാപ്പൊലീസ് മേല്‍പറഞ്ഞ  വിധികളെ എന്തുകൊണ്ട് മാനിക്കുന്നില്ല?  കാരണം വ്യക്തമാണ്. സംഘ്  പരിവാറിന്റെ രാഷ്ട്രീയത്തിന് വിരുദ്ധമാണ് പ്രസ്തുത കോടതി വിധികള്‍.

5.   കുപ്പു ദേവരാജിന്റ മൃതദേഹം പൊതുദര്‍ശനത്തിനു വെക്കരുതെന്നാവശ്യപ്പെട്ട് 09/12/2016 ല്‍ കോഴിക്കോട് ജില്ലാ പൊലീസ് മേധാവി കുപ്പുദേവരാജന്റെ സഹോദരന് നല്‍കിയ കത്തില്‍ പറയുന്നത് ഇങ്ങനെയാണ്. “We got reliable  information that there is a plan to exhibit the dead body publicly at  some places in Kozhikkodu city.The same will lead to serious law and  order issues as the general public are opposing the move..”.  മൃതദേഹം  പൊതുദര്‍ശനത്തിന് വെക്കുന്നതിനെ പരസ്യമായി എതിര്‍ത്തിട്ടുള്ളത് ബി.ജെ.പി  മാത്രമാണ്. അവരാണോ , അഥവാ അവര്‍ മാത്രമാണോ ഇവിടത്തെ ജനറല്‍ പബ്ലിക്?

ഭരണമുന്നണിയിലെ പ്രധാന കക്ഷിയായ സി.പി.ഐയുടെ നേതാക്കള്‍ കുപ്പു ദേവരാജന്റെ  മൃതദേഹത്തില്‍ അഭിവാദ്യമര്‍പ്പിച്ചിരുന്നു. പൊതുദര്‍ശനത്തിനു വെക്കരുതെന്നോ ക്രമസമാധാന പ്രശ്‌നമുണ്ടാവുമെന്നോ മുഖ്യപ്രതിപക്ഷകക്ഷികളായ കോണ്‍ഗ്രസോ ലീഗോ ആവശ്യപ്പെട്ടിരുന്നില്ല. എന്നിട്ടും പൊലീസ് പറയുന്നു പൊതുജനം എതിരാണെന്ന്. സംഘ്പരിവാര്‍ മാത്രമാണ് കേരള പൊലീസിന്റെ പൊതുജനം എന്നതിന്  മറ്റെന്തുതെളിവ് വേണം? ഇനി , ക്രമ സമാധാന പ്രശ്‌നം ഉണ്ടാകാതെ  നോക്കലായിരുന്നു പൊലീസിന്റെ ഉദ്ദേശമെങ്കില്‍ മൃതദേഹം റോഡില്‍ തടഞ്ഞ ബി.ജെ.പി  ക്കാര്‍ക്കെതിരെ എന്തുകൊണ്ട് കേസെടുത്തില്ല?

6. 14 / 11  / 2016 ല്‍ കാസര്‍ഗോഡ് സമസ്ത കോഡിനേഷന്‍ കമ്മിറ്റി നടത്തിയ ശരിയത്ത് സംരക്ഷണ  റാലിക്കെതിരെ പൊലീസ് കേസെടുത്തതാണ് പൊലീസിലെ സംഘിവല്‍ക്കരണത്തിന്റെ മറ്റൊരുതെളിവ്. 1156 / 2016 എന്ന ക്രൈം നമ്പറില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍, പൊലീസ് ആരോപിച്ചിരിക്കുന്ന കുറ്റം പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം  വിളിച്ചു എന്നതാണ്.


Also Read:‘പൊലീസ് ആസ്ഥാനത്ത് ആര്‍.എസ്.എസ് അജണ്ട നടപ്പാക്കും; തടയാമെങ്കില്‍ തടഞ്ഞോ’: ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് ഐ.ജി


ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 143 ,147 ,145 ,153 ,283  തുടങ്ങിയ വകുപ്പുകളാണ് എഫ്.ഐ.ആറില്‍ ഇട്ടിട്ടുള്ളത്. ഇതില്‍ ഏതു വകുപ്പുപ്രകാരമാണ് പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചത് ഒരു കുറ്റമായി  മാറുന്നത്? സാമുദായിക കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ സംഘംചേര്‍ന്നു  തുടങ്ങിയ കുറ്റങ്ങള്‍ എങ്ങനെയാണ് ശരിയത്ത് സംരക്ഷണ റാലിക്കെതിരെ ചുമത്താന്‍  കഴിയുക?

ശരിയത്ത് സംരക്ഷിക്കാനുള്ള ഇവരുടെ പ്രവര്‍ത്തനം ആരുടെയെങ്കിലും താല്പര്യം ഹനിക്കുന്നുണ്ടെങ്കില്‍ അത് മുസ്ലിം സ്ത്രീകളുടെ താല്പര്യമാണ്.  അതുകേസെടുത്തു പരിഹരിക്കാന്‍ കഴിയുന്ന കാര്യവുമല്ല. ഈ കേസിലും പരാതിക്കാരില്ല. പൊലീസ് സ്വമേധയാ എടുത്ത കേസാണിത്. ഹൊസ്ദുര്‍ഗ് എസ്.ഐ.യെ ആണ്  എഫ്.ഐ.ആറില്‍ പരാതിക്കാരനായി ചേര്‍ത്തിരിക്കുന്നത്. പ്രധാനമന്ത്രിക്കെതിരെ  മുദ്രാവാക്യം വിളിച്ചു എന്നതില്‍ കേരളാ പൊലീസിന് പരാതി ഉണ്ടാകുന്നതിന്റെ  അടിസ്ഥാനമെന്താണ്? പൊലീസിലെ കാവിവല്‍ക്കരണത്തിന് ഇനിയും തെളിവുകള്‍ ആവശ്യമുണ്ടോ?

7. പൊലീസിലെ കാവിവത്കരണം ഈ സര്‍ക്കാര്‍  വന്നതിനു ശേഷമുള്ള പ്രതിഭാസമല്ല. അതിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍  മനുഷ്യാവകാശ പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ചു കരിനിയമങ്ങള്‍ ചുമത്തി ജയിലില്‍ അടക്കുന്ന പ്രവണത ശക്തമായത് സമീപകാലത്താണ്.

പോരാട്ടം ഒരു മാവോയിസ്റ്റ് അനുകൂല സംഘടനയാണ് എന്ന് അറിയാത്തവര്‍ ആരും  ഉണ്ടാകും എന്ന് തോന്നുന്നില്ല.

പോരാട്ടത്തിന്റെ നേതാവായ 78 വയസ്സുള്ള എം.എന്‍ രാവുണ്ണി ഇത്രകാലവും രാഷ്ട്രീയപ്രവര്‍ത്തനം നടത്തി സ്വതന്ത്രനായി  നമുക്കിടയില്‍ ജീവിച്ചിരുന്നു. ഇതിനു മുന്‍പ് ഭരിച്ച യു.ഡി.എഫ് /എല്‍.ഡി.എഫ്  സര്‍ക്കാരുകളുടെ കാലത്തു അദ്ദേഹം ജയിലില്‍ അടക്കപ്പെട്ടിരുന്നില്ല. കേരളത്തിലെമ്പാടും പൊതുപരിപാടികളില്‍ പങ്കെടുക്കുകയും പ്രസംഗിക്കുകയും  ചെയ്യുന്ന അദ്ദേഹം ഒരിക്കലും ഒളിവ് ജീവിതമല്ല നയിച്ചിരുന്നത്. സി.പി.ഐ.എമ്മിന്റെയും സി.പി.ഐയുടെയും കോണ്‍ഗ്രസ്സിന്റെയുമൊക്ക സമുന്നത നേതാക്കള്‍  പങ്കെടുത്ത മനുഷ്യ സംഗമത്തില്‍ അദ്ദേഹവും പ്രാസംഗികനായിരുന്നു.

അദ്ദേഹത്തെ  പൊടുന്നനെ, തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ പോസ്റ്റര്‍ ഒട്ടിച്ചു എന്ന കുറ്റം  ചുമത്തി യു.എ.പി.എ പ്രകാരം കേസെടുത്തു ജയിലില്‍ അടച്ചിരിക്കുകയാണ്. ഇതേ കേസിലാണ്  ഗൗരി എന്ന ആദിവാസി യുവതിയെ ജയിലില്‍ അടച്ചത്.

തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തു പോസ്റ്റര്‍ ഒട്ടിച്ചു എന്ന ഒറ്റക്കുറ്റത്തിന് ഒരു ആദിവാസി  യുവതിയെ യു.എ.പി.എ ചുമത്തി ജയിലില്‍ അടച്ചത് കേരളത്തിന്റെ  ചരിത്രത്തിലെ തന്നെ ആദ്യത്തെ സംഭവമാകും.
8 കേരളാ പൊലീസിന്റെ സംഘ്പരിവാര്‍ അജണ്ടയുടെ ഒടുവിലത്തെ ഇരകളാണ് നദീറും എഴുത്തുകാരനായ കമല്‍ സി ചവറയും ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം എന്ന സംഘടനയുടെ പ്രവര്‍ത്തകരായ ഷാന്റോ ലാല്‍, രജീഷ് കൊല്ലങ്കണ്ടി എന്നിവരും.

നദീറിനും കമല്‍ സി ചവറക്കും താത്കാലികമായെങ്കിലും നീതി കിട്ടി. എന്നാല്‍ രജീഷ് എന്ന യുവാവ് പൊലീസ്  ഭീകരതയുടെ ഇരയായി പീഡനം അനുഭവിക്കുകയാണ്. രജീഷ് കൊല്ലങ്കണ്ടി എന്നയാള്‍ എന്തെങ്കിലും കുറ്റം ചെയ്തിട്ടുണ്ടോ എന്നെനിക്കറിയില്ല. അതുതെളിയിക്കപ്പെടും വരെ അയാളെ നിരപരാധിയായി കണക്കാക്കണമെന്നാണല്ലോ നിയമവാഴ്ചയെ ബഹുമാനിക്കുന്നവരെന്ന നിലയില്‍ നാം കരുതേണ്ടത്. പക്ഷേ  അദ്ദേഹത്തിന്റെ കേസില്‍ പൊലീസ് അടിമുടി നിയമലംഘനമാണ് നടത്തിയത് എന്ന സത്യം  താങ്കളെ ബോധ്യപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

തെരഞ്ഞെടുപ്പ്  ബഹിഷ്‌കരിക്കണമെന്ന പോസ്റ്റര്‍ ഒട്ടിച്ചു എന്ന കുറ്റത്തിന് യു.എ.പി.എ ചുമത്തി  പൊലീസ് അറസ്റ്റുചെയ്ത എം.എന്‍ രാവുണ്ണിക്കു കോഴിക്കോട് നളന്ദ ഹോട്ടലില്‍  മുറിയെടുത്തു കൊടുത്തു എന്നതാണ് രജീഷിന്റെ മേല്‍ ചുമത്തിയിട്ടുള്ള കുറ്റം.  പ്രസ്തുത കേസില്‍ രജീഷിനെ അഞ്ചാം പ്രതിയായി ചേര്‍ത്തുകൊണ്ട് (ക്രൈം നമ്പര്‍ 211 /16 ) വയനാട് സെഷന്‍സ് കോടതി മുന്‍പാകെ 15/12/2016 നു സമര്‍പ്പിച്ച  റിപ്പോര്‍ട്ടിലാണ് ഇത് പരാമര്‍ശിക്കുന്നത്.

കോഴിക്കോട് നഗര മധ്യത്തിലെ നളന്ദ ഹോട്ടലില്‍ മുറിയെടുത്തു ഒളിവില്‍ താമസിക്കാന്‍ സഹായിച്ചു എന്ന് കോടതിയില്‍  ബോധിപ്പിക്കുന്ന പൊലീസ് എത്രമേല്‍ പരിഹാസ്യമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് അങ്ങയോടു ഞാന്‍ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. മാത്രമല്ല, രജീഷിന്റെ  കാര്യത്തില്‍ പൊലീസ് ഗുരുതരമായ നിയമലംഘനം നടത്തിയിട്ടുണ്ട്. ഡിസംബര്‍ 15 വരെ, രജീഷിന്റെ പേരില്‍ ഒരു ക്രൈമും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല.

സര്‍ക്കാര്‍ ജീവനക്കാരനായ അദ്ദേഹത്തെ, ഒരു എഫ്.ഐ.ആര്‍ പോലും ഇടുന്നതിനു മുന്‍പ് തന്നെ  സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ മേലധികാരിക്ക്  കത്തയക്കുകയാണ് പൊലീസ് ചെയ്തത്. കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവണ്‍മെന്റ്  പോളിടെക്നിക്കിലെ ജീവനക്കാരനാണ് രജീഷ്. രജീഷിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവില്‍  പറയുന്നത് കോഴിക്കോട് ജില്ലാ പൊലീസ് മേധാവിയുടെ കത്ത് പ്രകാരമാണ് നടപടി എന്നാണ്.

29 / 11 / 2016 ന് ആണ് കോഴിക്കോട് ജില്ലാ പൊലീസ് മേധാവി ഈ  കത്തയക്കുന്നത്. അതായതു രജീഷിനെതിരെ ക്രൈം രജിസ്റ്റര്‍ ചെയ്യുന്നതിന് 15  ദിവസം മുന്‍പ്! യു.എ.പി.എ ബാധകമാകുന്ന തരത്തിലുള്ള ഗുരുതരമായ കുറ്റങ്ങളില്‍  അയാള്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്നാണ് പൊലീസ് മേധാവി അയച്ച കത്തില്‍ പറയുന്നത്.  ഒരു എഫ്.ഐ.ആര്‍ പോലും ഇടുന്നതിനു മുന്‍പേ ഒരു സര്‍ക്കാര്‍ ജീവനക്കാരനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് മേധാവി കത്തയക്കുന്നതിന് നിയമത്തിന്റെ എന്തെങ്കിലും പിന്‍ബലമുണ്ടോ? കേരളത്തിലെ ഏതെങ്കിലും മുന്‍  സര്‍ക്കാരുകള്‍ രാഷ്ട്രീയ എതിരാളികളെ ഒതുക്കാനായി പോലും ഇത്രവലിയ നിയമലംഘനം നടത്തിയിട്ടുണ്ടോ? ഇല്ലെന്നാണ് എന്റെ അറിവ്.

തീവ്രവാദക്കേസുകളില്‍ മാത്രമേ യു.എ.പി.എ ചുമത്തുകയുള്ളൂ എന്ന് കഴിഞ്ഞ ദിവസം സഖാവ് കോടിയേരി വ്യക്തമാക്കിയിരുന്നല്ലോ. എന്താണ് തീവ്രവാദം എന്നത് കൂടി നിര്‍വചിക്കേണ്ടതായിട്ടുണ്ട്. പൊലീസിന് ആരെയും തീവ്രവാദിയാക്കി കേസ് ചുമത്താം എന്നിരിക്കെ ഇത് യുക്തി സഹമായ നിലപാടാണോ എന്ന് ഗവണ്മെന്റ് പരിശോധിക്കണം. ഇനി വാദത്തിനുവേണ്ടി അത് അംഗീകരിച്ചാല്‍ തന്നെ, ഒരാള്‍ക്ക് മുറിയെടുത്തു കൊടുത്തു എന്നത് എങ്ങനെയാണ് തീവ്രവാദമാവുക?

നേരത്തെ പറഞ്ഞല്ലോ, പൊലീസിലെ ആര്‍.എസ്.എസ് വല്‍ക്കരണം ഈ സര്‍ക്കാരിന്റെ കാലത്തുതുടങ്ങിയ പുതിയ പ്രതിഭാസമല്ല. അതിന് മറ്റൊരു തെളിവാണ് സി.പി.ഐ.എമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ സഖാവ് പി ജയരാജനെതിരെ യു.എ.പി.എ ചുമത്തിയ നടപടി. ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ അദ്ദേഹത്തിനെതിരെ പ്രത്യക്ഷ തെളിവുകള്‍ ഇല്ലാതിരുന്നിട്ടും യു.എ.പി.എ ചുമത്തുകയായിരുന്നു.

നേരത്തെ പറഞ്ഞല്ലോ, പൊലീസിലെ ആര്‍.എസ്.എസ് വല്‍ക്കരണം ഈ സര്‍ക്കാരിന്റെ കാലത്തുതുടങ്ങിയ പുതിയ പ്രതിഭാസമല്ല. അതിന് മറ്റൊരു തെളിവാണ് സി.പി.ഐ.എമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ സഖാവ് പി ജയരാജനെതിരെ യു.എ.പി.എ ചുമത്തിയ നടപടി. ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ അദ്ദേഹത്തിനെതിരെ പ്രത്യക്ഷ തെളിവുകള്‍ ഇല്ലാതിരുന്നിട്ടും യു.എ.പി.എ ചുമത്തുകയായിരുന്നു. ഗൂഢാലോചന മാത്രമാണ് ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റം.

അതേസമയം ഇസ്‌ലാമിലേക്ക് മതം മാറിയതിനു ഫൈസല്‍ എന്ന ചെറുപ്പക്കാരനെ വെട്ടിക്കൊന്ന ആര്‍.എസ്.എസുകാര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയിട്ടില്ല. വീണ്ടും പറയട്ടെ യു.എ.പി.എ റദ്ദാക്കണം എന്നുതന്നെയാണ് എന്റെ നിലപാട്. പക്ഷേ ഇക്കാര്യത്തില്‍ പൊലീസ് പുലര്‍ത്തുന്ന പക്ഷപാതിത്വം താങ്കളുടെ ശ്രദ്ധയില്‍ കൊണ്ട് വരാനാണ് ഈ വാദങ്ങള്‍ ഉന്നയിക്കുന്നത്. ജോസഫ് മാഷിന്റെ കൈ വെട്ടിയ കേസില്‍ യു.എ.പി.എ ചുമത്തിയിരുന്നു. സമൂഹത്തില്‍ ഛിദ്രമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ ഒരാളെ കൊല്ലുകയോ മാരകമായി മുറിവേല്‍പ്പിക്കുകയോ ചെയ്യുക എന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത് (യു എ പി എ sections 15 ,16 ). നിയമപരമായി നോക്കിയാല്‍ അതേ കുറ്റങ്ങള്‍ ഫൈസല്‍ വധക്കേസിലും ബാധകമാണ്.

അടക്കാനാവാത്ത അന്യമത വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും ഫലമായുണ്ടായ കൊലപാതകമാണ് അത്. അതില്‍ എന്തുകൊണ്ട് യു.എ.പി.എ ചുമത്തിയില്ല? സംഘ്പരിവാറിനോടുള്ള പൊലീസിന്റെ വിധേയത്വമല്ലാതെ മറ്റൊരു കാരണവും അതിലില്ല.
ഹിന്ദു ഐക്യവേദി നേതാവ് പി.കെ ശശികലയോട് കേരളാപൊലീസ് വെച്ച് പുലര്‍ത്തുന്ന മൃദുസമീപനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു കഴിഞ്ഞതാണ്.

സമാന സ്വഭാവമുള്ള പരാതിയില്‍ ഷംസുദ്ദീന്‍ പാലത്തിനെതിരെ യു.എ.പി.എ ചുമത്തിയ പൊലീസ്, ശശികലക്കെതിരെ ഐ.പി.സിയിലെ വകുപ്പുകള്‍ മാത്രം ചേര്‍ത്താണ് എഫ്.ഐ.ആര്‍ ഇട്ടത് . റിപ്പോര്‍ട്ടര്‍ ചാനലിലെ അഭിമുഖത്തില്‍ അവര്‍ ദേശീയപതാകയെ അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഈ കേസിലെ, പരാതിക്കാരന്‍ – അഭിഭാഷകനും മുന്‍ ഗവണ്മെന്റ് പ്ലീഡറുമായ ഷുക്കൂര്‍ ഈ പ്രോഗ്രാമിന്റെ സി.ഡി അന്വേഷണഉദ്യോഗസ്ഥന് കൈമാറിയിരുന്നു.

പക്ഷേ ആ വസ്തുതകള്‍ പൊലീസ് പരിഗണിച്ചിട്ടേയില്ല. അവര്‍ക്കെതിരെ ദേശീയഗാനത്തെ അവഹേളിച്ചതിനു കേസെടുക്കാന്‍ തയ്യാറായിട്ടില്ല. ഒരു നഴ്സറികവിതയുടെ രൂപത്തില്‍ ദേശീയഗാനത്തെ പരാമര്‍ശിച്ചതിനു എഴുത്തുകാരന്റെ മേല്‍ രാജ്യദ്രോഹകുറ്റം ചുമത്തിയ അതേ പൊലീസ്, അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ സിനിമ കാണാന്‍ വന്ന 12 പേരെ അറസ്റ്റ് ചെയ്ത അതേ പൊലീസ്, ഹിന്ദുഐക്യവേദി നേതാവ് ദേശീയ ഗാനത്തെ അവഹേളിച്ചത് കണ്ടില്ലെന്നു നടിച്ചു. പൊലീസിനെ നിയന്ത്രിക്കുന്നത് സംഘ്പരിവരാണ് എന്നതിനും പൊലീസ് തലപ്പത്തുള്ളവര്‍ സംഘ് അനുഭാവികളാണ് എന്നതിനും ഇനിയും തെളിവ് ആവശ്യമുണ്ടോ?

വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന വ്യവസ്ഥാപിതമായ സമരങ്ങളില്‍ പങ്കെടുക്കുന്നവരെയൊഴിച്ചു ബാക്കിയുള്ള മുഴുവന്‍ മനുഷ്യരെയും സംശയത്തോടെ കാണുന്ന പൊലീസ് അങ്ങേയറ്റം ജനവിരുദ്ധമാണ്.(അവരെ പോലും, ഇടതു പക്ഷത്താണെങ്കില്‍ പൊലീസ് വെറുതെ വിടില്ല എന്നതിന്റെ തെളിവാണ് നിലമ്പൂരില്‍ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത സംഭവം)

ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും നിയന്ത്രണത്തിലല്ലാതെ നിരവധി ജനാധിപത്യ സമരങ്ങള്‍ ഈ അടുത്ത കാലത്തായി കേരളത്തില്‍ നടന്നിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെയും ചെറുപ്പക്കാരുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായവ. അതിലൊക്കെ പങ്കെടുക്കുന്ന മുഴുവന്‍ ആളുകളെയും ടാര്‍ഗറ്റ് ചെയ്യുന്നത് സി.പി.ഐ.എമ്മിന്റെ നയമാണോ? അല്ലെങ്കില്‍ പിന്നെ പൊലീസ് നടപ്പിലാക്കുന്നത് സംഘ് പരിവാറിന്റെ നയമല്ലാതെ മറ്റെന്താണ്?

ഇത് പോലുള്ള നിരവധി തെളിവുകള്‍ ഇനിയും ഹാജരാക്കാന്‍ കഴിയും. എനിക്ക് എന്റേതായ രാഷ്ട്രീയ നിലപാടുകള്‍ ഉണ്ടെങ്കിലും പ്രാഥമികമായി ഞാന്‍ ഒരു മാധ്യമപ്രവര്‍ത്തകയാണ്. അതുകൊണ്ട് തന്നെ തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ മാത്രമേ ഒരു വാദം ഉന്നയിക്കാവൂ എന്ന് ഞാന്‍ കരുതുന്നു. മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ ഞാന്‍ ശേഖരിച്ച രേഖകളുടെ അടിസ്ഥാനത്തിലുള്ള വിവരങ്ങളാണ് മേല്‍പറഞ്ഞവ.

പൊലീസിനെ വിമര്‍ശിക്കുന്നവരെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുകൊണ്ട് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ടോ എന്നറിയില്ല. ആ വാര്‍ത്ത ശരിയാണെങ്കില്‍ ഇടതുപക്ഷത്തിനു ക്യാന്‍സര്‍ ബാധിച്ചു എന്ന് കരുതേണ്ടി വരും. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ ഒരു കാര്യം ഓര്‍മ്മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

പൊലീസിനെ പരസ്യമായി വിമര്‍ശിക്കാന്‍ തയ്യാറുള്ളവര്‍ ഏറെയുണ്ട് എന്നത് ആരോഗ്യമുള്ള ഒരു സിവില്‍ സമൂഹത്തിന്റെ സൂചികയാണ്. അവരെ മുഴുവന്‍ കേസില്‍ കുടുക്കിയും ഭയപ്പെടുത്തിയും നിശ്ശബ്ദരാക്കാന്‍ ശ്രമിക്കുന്നത് സംഘ്പരിവാറിന്റെ രീതിയാണ്. അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പോലീസിന്റെ ശൈലി അതാണ്. വിമത ശബ്ദങ്ങളെ അടിച്ചൊതുക്കുകയും കൊന്നു തീര്‍ക്കുകയുമാണ് അവരുടെ രീതി.

പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റക്ക് അത്തരം സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചാണ് പരിചയമുള്ളത്. അതുകൊണ്ട് ആ ശൈലി തന്നെ ഇവിടെയും നടപ്പിലാക്കാന്‍ അദ്ദേഹം ശ്രമിക്കുകയാണ്. സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കുകയായിരിക്കും അടുത്തപടി.

മാധ്യമപ്രവര്‍ത്തകരെയും വിവരാവകാശ പ്രവര്‍ത്തകരെയുമായിരിക്കും ഇനി പോലീസ് നോട്ടമിടുക. കാര്യങ്ങള്‍ അങ്ങോട്ടെത്തുന്നതിന് മുന്‍പേ താങ്കളുടെയും സി.പി.ഐ.എം നേതൃത്വത്തിന്റെയും അടിയന്തിരമായ ഇടപെടല്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. ഇതു ഗുജറാത്തോ ഛത്തീസ്ഗഡോ അല്ലെന്നും കേരളമാണെന്നും ഇവിടത്തെ രാഷ്ട്രീയവും സിവില്‍ സമൂഹവും വ്യത്യസ്തമാണെന്നും താങ്കള്‍ ഡി.ജി.പിയെ പറഞ്ഞു മനസ്സിലാക്കണം. ഇല്ലെങ്കില്‍ വലിയനഷ്ടം ഇടത് പക്ഷത്തിനാണ്.

അഭിവാദ്യങ്ങളോടെ

ഷാഹിന, സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ , ഓപ്പണ്‍ മാഗസിന്‍ , ന്യൂദല്‍ഹി .

We use cookies to give you the best possible experience. Learn more