നിങ്ങള്‍ എനിക്ക് വിദ്യാഭ്യാസം തന്നില്ലെങ്കില്‍ ഞാന്‍ പുഴയില്‍ ചാടി മരിക്കും
FB Notification
നിങ്ങള്‍ എനിക്ക് വിദ്യാഭ്യാസം തന്നില്ലെങ്കില്‍ ഞാന്‍ പുഴയില്‍ ചാടി മരിക്കും
എഡിറ്റര്‍
Wednesday, 8th August 2018, 12:01 am

യിരത്തി തൊള്ളായിരത്തി മുപ്പത്തിയാറാണ് കാലഘട്ടം. തിരുവാരൂര്‍ ഹൈസ്‌കൂളില്‍ ചേരാനായി അബ്രാഹ്മണനായ ഒരു കുട്ടി അച്ഛനോടൊപ്പമെത്തി. മികച്ച മാര്‍ക്കോടെ അവന്‍ പ്രവേശനപരീക്ഷ പാസ്സായി. കസ്തുരി അയ്യങ്കാര്‍ എന്ന് പേരുള്ള പ്രധാനാധ്യാപകന്‍ പക്ഷേ മിടുക്കനായ ആ വിദ്യാര്‍ത്ഥിക്ക് നിഷ്‌കരുണം പ്രവേശനം നിഷേധിച്ചു.

ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത ഗ്രാമീണനായ, കീഴ്ജാതിക്കാരനായ ആ അച്ഛന്‍ അധ്യാപകന്റെ കാലുപിടിച്ചു. അയാള്‍ വഴങ്ങിയില്ല. പന്ത്രണ്ട് വയസ്സുകാരനായ ആ വിദ്യാര്‍ത്ഥി കൊടുങ്കാറ്റു പോലെ ആ മുറിയിലേക്ക് കയറിച്ചെന്നു. പൊട്ടിക്കരഞ്ഞു കേണപേക്ഷിച്ചു. പക്ഷേ അധ്യാപകന്‍ അയഞ്ഞില്ല.

സ്‌കൂളില്‍ ചേരാന്‍ കഴിഞ്ഞില്ലെങ്കില്‍ അദ്ദേഹത്തിന്റെ കണ്‍മുന്നില്‍ വെച്ച് പുഴയില്‍ ചാടി മരിക്കുമെന്ന അവന്റെ ഭീഷണിക്ക് മുന്നില്‍ ഒടുവില്‍ അയാള്‍ക്ക് വഴങ്ങേണ്ടി വന്നു. അങ്ങനെ ആ വിദ്യാര്‍ത്ഥിക്ക് വിദ്യാഭ്യാസത്തിലേക്കുള്ള വഴി തുറന്നു.

ALSO READ: ആ സൂര്യന്‍ ചെന്നൈയില്‍ അസ്തമിച്ചു; ഇനി ഉയിര്‍ തമിഴുക്ക്, ഉടല്‍ മണ്ണുക്ക്

മുത്തുവേല്‍ കരുണാനിധി എന്ന രാഷ്ട്രീയപ്രവര്‍ത്തകന്റെ ജനനം അവിടെ നിന്നായിരുന്നു. ജാതി വിവേചനത്തിന്റെ മുറിവുകള്‍ ഒരിക്കലും ഉണങ്ങിയില്ല. മുത്തുവേല്‍ കരുണാനിധി എന്ന വിദ്യാര്‍ത്ഥിയില്‍ നിന്നും കലൈഞ്ജര്‍ എന്ന നേതാവിലേക്കുള്ള യാത്ര തുടങ്ങുന്നത്, കണ്ണീരിലും അപമാനത്തിലും മുങ്ങിപ്പോയ ആ ദിവസത്തില്‍ നിന്നാണ്.

രാജകുമാരി എന്ന സിനിമയില്‍ നിന്നല്ല കരുണാനിധിയുടെ എഴുത്ത് ജീവിതം തുടങ്ങുന്നത്. പതിനഞ്ചു വയസ്സില്‍ മാനവനേശന്‍ എന്ന പേരില്‍ ഒരു കയ്യെഴുത്ത് മാസിക നടത്തിയിരുന്നു കരുണാനിധി. അന്‍പത് കോപ്പികള്‍ വീതമാണ് എഴുതി പ്രസിദ്ധീകരിച്ചിരുന്നത്. മിടുക്കനായ ഈ വിദ്യാര്‍ത്ഥിയുടെ സംഘാടനപാടവത്തില്‍ ആകൃഷ്ടരായ കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരു വിദ്യാര്‍ത്ഥി സംഘടന ഉണ്ടാക്കാനായി കരുണാനിധിയെ ക്ഷണിച്ചു.

ആദ്യം സഹകരിച്ചെങ്കിലും കമ്യൂണിസ്റ്റുകളുടെ ഹിന്ദി അനുകൂല നിലപാടിനോട് വിയോജിച്ച് കരുണാനിധി പാര്‍ട്ടിയോട് അകന്നു. പെരിയാറിന്റെ ദ്രാവിഡരാഷ്ട്രീയം തന്നെയാണ് തന്റെ വഴിയെന്ന് അദ്ദേഹം ഉറപ്പിച്ചു. പെരിയാറില്ലായിരുന്നുവെങ്കില്‍ താന്‍ ഒരു കമ്യൂണിസ്റ്റ് ആകുമായിരുന്നുവെന്ന് കലൈഞ്ജര്‍ പിന്നീട് പറഞ്ഞിട്ടുണ്ട്.

ഗാന്ധിവിമര്‍ശകനായിരുന്നു കരുണാനിധി. പെരിയാറിന്റെ ശിഷ്യന്‍ മറിച്ചാവാനുള്ള സാധ്യതയില്ല. വര്‍ണാശ്രമധര്‍മം ശരിയാണെന്ന ഗാന്ധിജിയുടെ കാഴ്ചപ്പാടിനെതിരെ ഏറ്റവും ശക്തമായ വിമര്‍ശനം ഉയര്‍ത്തിയിട്ടുള്ളത് പെരിയാറാണ്. പെരിയാറിന്റെ രാഷ്ട്രീയം പിന്‍പറ്റി കരുണാനിധി എഴുതിയ ഗാന്ധിവിമര്‍ശനങ്ങള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു.

ALSO READ: എം.ജി.ആറിനെ “ദ്രാവിഡനാ”ക്കിയ കലൈഞ്ജര്‍

“ഗാന്ധി ഇന്ത്യയുടെ വൈസ്രോയി ആയാല്‍” എന്ന ലേഖനം കോണ്‍ഗ്രസ്സുകാര്‍ക്കിടയില്‍ കടുത്ത എതിര്‍പ്പും അനിഷ്ടവും ഉണ്ടാക്കി. വലിയ വിലയാണ് കരുണാനിധിക്ക് കൊടുക്കേണ്ടി വന്നത്. പോണ്ടിച്ചേരിയില്‍ നടന്ന ഒരു പൊതു സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങിയ കരുണാനിധി ക്രൂരമായി ആക്രമിക്കപ്പെട്ടു. മരിച്ചെന്ന് കരുതി അക്രമികള്‍ വഴിയില്‍ ഉപേക്ഷിച്ചു പോയ കരുണാനിധിയെ രണ്ടു സ്ത്രീകളാണ് വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി ശുശ്രൂഷിച്ചത്. പിന്നീട് ആരൊക്കെയോ ചേര്‍ന്ന് അദ്ദേഹത്തെ പെരിയാറിന്റെ അടുത്തെത്തിച്ചു.

പെരിയാറിന്റെ തീവ്രനിലപാടുകളോട് അകന്ന് അണ്ണാദുരൈ ഡി.കെ വിടുകയും ഡി.എം.കെ രൂപീകരിക്കുകയും ചെയ്തപ്പോള്‍ സ്വാഭാവികമായും കരുണാനിധി അദ്ദേഹത്തോടൊപ്പം ചേര്‍ന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് കടുത്ത അകല്‍ച്ച പാലിച്ച, റിപ്പബ്ലിക് ദിനത്തില്‍ ദുഃഖാചരണം നടത്തണമെന്ന് പ്രഖ്യാപിച്ച പെരിയാറിനോട് ചേര്‍ന്ന് പോവാന്‍ കരുണാനിധിക്ക് കഴിഞ്ഞില്ല.

പ്രായോഗികരാഷ്ട്രീയത്തില്‍ കരുണാനിധി പെരിയാറിന്റെ ശിഷ്യനായിരുന്നില്ല സമര്‍ത്ഥനായ രാഷ്ട്രീയക്കാരനായിരുന്നു അദ്ദേഹം. അണ്ണാദുരൈയുടെ മരണശേഷം, പാര്‍ട്ടിയിലെ രണ്ടാമനായ നെടുഞ്ചേഴിയനെ വെട്ടി മുഖ്യമന്ത്രിക്കസേരയിലെത്താന്‍ കരുണാനിധിയെ സഹായിച്ചത് ഈ പാടവമാണ്. പക്ഷേ പലപ്പോഴും കരുണാനിധിയുടെ കണക്കു കൂട്ടലുകള്‍ പിഴക്കുകയും ചെയ്തിട്ടുണ്ട്.

എം.ജി.ആറിനെയും അതിനു ശേഷം ജയലളിതയേയും അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്തതാണ് അദ്ദേഹത്തിന് പറ്റിയ പ്രധാന പിഴവ്. രാഷ്ട്രീയവിജയത്തിന്റെ കൊടുമുടിയില്‍ നിന്നുള്ള ,കലൈഞ്ജറുടെ തിരിച്ചിറക്കം തുടങ്ങിയതും അവിടെ നിന്നാണ്.

പെരിയാറും അണ്ണാ ദുരൈയും കരുണാനിധിയും മുന്നോട്ട് വെച്ച ദ്രാവിഡരാഷ്ട്രീയം വിമര്‍ശനാതീതമല്ല. ജാതി വിരുദ്ധ പോരാട്ടം എന്ന നിലയിലേക്ക് വികസിക്കാതെ ബ്രാഹ്മണവിരുദ്ധ പോരാട്ടം മാത്രമായി ദ്രാവിഡ രാഷ്ട്രീയം ചുരുങ്ങി. ഈ രാഷ്ട്രീയഭാവനയ്ക്കു പുറത്തായിരുന്നു ദളിതരുടെ സ്ഥാനം. തേവര്‍,ഗൗണ്ടര്‍ മുതലായ മധ്യവര്‍ത്തിസമുദായങ്ങള്‍ക്കാണ് ദ്രാവിഡപ്രസ്ഥാനം കൊണ്ട് വളര്‍ച്ച ഉണ്ടായത്.

ALSO READ: തമിഴ്‌നാട്ടില്‍ നാളെ പൊതു അവധി; സര്‍വീസ് നടത്തില്ലെന്ന് കെ.എസ്.ആര്‍.ടി.സി

തമിഴ്‌നാട്ടില്‍ ദളിതര്‍ക്കു നേരെ നടക്കുന്ന ജാതി ഹിംസയില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്നത് പലപ്പോഴും ബ്രാഹ്മണരല്ല, മറിച്ചു മധ്യവര്‍ത്തിജാതികളാണ് എന്നത് ഈ ചരിത്ര പശ്ചാത്തലത്തില്‍ കാണേണ്ടി വരും.

സംവരണം , ഫെഡറലിസം തുടങ്ങിയ രാഷ്ട്രീയവിഷയങ്ങളില്‍ മുന്‍പേ നടന്ന സംസ്ഥാനമാണ് തമിഴ്നാട്. 1969 ല്‍ കരുണാനിധി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് സംസ്ഥാനങ്ങളുടെ സ്വയംനിര്‍ണയാവകാശത്തെ കുറിച്ച് പഠിക്കാനായി ഡോക്ടര്‍ രാജമന്നാര്‍ അധ്യക്ഷനായ കമ്മിറ്റിയെ നിയോഗിക്കുന്നത്. ഫെഡറലിസത്തെ കുറിച്ചുള്ള ചര്‍ച്ചകളെ മുന്നോട്ടു കൊണ്ട് പോകുന്നതില്‍ നിര്‍ണായകസ്ഥാനമുണ്ട് ഈ കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ക്ക്.

പെരിയാറിന്റെ ആത്മാഭിമാനപ്രസ്ഥാനം മുതല്‍ ജസ്റ്റിസ് പാര്‍ട്ടിയിലൂടെ, ഡി.കെ യിലൂടെ, ഡി.എം.കെ യിലൂടെ വളര്‍ന്ന ദ്രാവിഡപ്രസ്ഥാനം കലൈഞ്ജറുടെ മരണത്തോടെ അവസാനിക്കുകയാണ് എന്ന് നിസ്സംശയം പറയാം. രണ്ടു തവണ കലൈഞ്ജര്‍ക്ക് കാലിടറിയിട്ടുണ്ടെങ്കിലും ബി.ജെ.പിയോടൊപ്പം ചേര്‍ന്നിട്ടുണ്ടെങ്കിലും അത് സ്വാഭാവികമായ ഒരു സഖ്യമായി ഒരിക്കലും വളര്‍ന്നില്ല. ദ്രാവിഡരാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രം തന്നെയാണ് അതിനു തടസ്സമായി നിന്നത്. ആ ചരിത്രഭാരം പേറുന്ന ആരും ഇനി തമിഴ് രാഷ്ട്രീയത്തിലില്ല. അവസാനത്തെ ആളും വിട വാങ്ങിയിരിക്കുന്നു .

ആദ്യ ഭാര്യ പദ്മയുടെ മരണശേഷമാണ് കരുണാനിധി ദയാലു അമ്മാളിനെ വിവാഹം ചെയ്തത്. ആ ബന്ധം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് രാജാത്തിയമ്മയുമായി അദ്ദേഹത്തിന് പ്രണയബന്ധമുണ്ടാകുന്നത്. കലൈഞ്ജറുടെ പ്രണയബന്ധം രാഷ്ട്രീയ മണ്ഡലത്തില്‍ ചര്‍ച്ചയാവുകയും പ്രതിപക്ഷം അദ്ദേഹത്തിനെതിരെ അത് ഉപയോഗിക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോഴും കരുണാനിധി പതറിയില്ല.

ആരാണ് രാജാത്തിയമ്മാള്‍ എന്ന് നിയമസഭയില്‍ ചോദ്യമുയര്‍ന്നപ്പോള്‍ ,എഴുന്നേറ്റ് നിന്ന് “അതെന്റെ മകള്‍ കനിമൊഴിയുടെ അമ്മ”യാണ് എന്ന് ആര്‍ജവത്തോടെ പറയാന്‍ തയ്യാറായ കലൈഞ്ജര്‍ക്ക് ആദരവോടെ വിട.