| എഫ്.ബി. നോട്ടിഫിക്കേഷന്‍ | ഷാഹിന നഫീസ |
അസുഖമുള്ളതായി സംശയിക്കപ്പെടുന്നവരുടെ എണ്ണം 124
(ഇന്നലെ വരെ ഉള്ള കണക്കനുസരിച്ച് )
രക്തപരിശോധനയില്‍ അസുഖം സ്ഥിരീകരിച്ചവരുടെ എണ്ണം 48.
മരണ സംഖ്യ ഇതുവരെ ഏഴായി.
കേരളം കീഴ്‌മേല്‍ മറിഞ്ഞില്ല.നടുങ്ങിയില്ല. കേന്ദ്ര സംഘം വന്നില്ല. എട്ടു കോളം തലക്കെട്ടുകളില്ല. ടെലിവിഷന്‍ ന്യൂസ് റൂമുകള്‍ നിശബ്ദം.
കാരണം ലളിതം. 124ല്‍ 112 ഉം ആദിവാസികളാണ്. മരിച്ച എഴില്‍ അഞ്ചും, സ്ഥിരീകരിക്കപ്പെട്ട 48 ല്‍ 43 ഉം ആദിവാസികളാണ്
ബത്തേരിയിലെ ചിയെമ്പം 73, കാട്ടുനായ്ക്കര്‍ കോളനിയില്‍ പനി ഒഴിഞ്ഞ ഒരു വീട് പോലും ഇല്ല. ചിയെമ്പം അടക്കം 13 കോളനികളില്‍ കടുത്ത പനിക്കാലം. മരിച്ചവര്‍ക്ക് കൊടുത്തു എന്ന് പറയുന്ന രണ്ടു ലക്ഷം രൂപ അങ്ങോട്ട് എത്തിയിട്ടില്ല.
(കൊടുത്തു എന്നാണു മന്ത്രി പി.കെ ജയലക്ഷ്മിയുടെ സെക്രട്ടറി ഇന്നലെയും പറഞ്ഞത്. മരിച്ചവരുടെ വീടുകളില്‍ ഞാന്‍ പോയതാണെന്നും അവര്‍ക്കാര്‍ക്കും അത് കിട്ടിയിട്ടില്ലല്ലോ എന്നും ചോദിച്ചപ്പോള്‍ അദ്ദേഹം നിലപാട് മാറ്റി. മാര്‍ച്ച് ആയതു കൊണ്ടാണ്, ഉടനെ കൊടുക്കും എന്നായി)
അസുഖം ബാധിച്ചു ആശുപത്രിയില്‍ പോയവര്‍ക്കും അല്ലാത്തവര്‍ക്കും ഒരു സാമ്പത്തിക സഹായവും കിട്ടിയിട്ടില്ല. മൂന്നു മാസമായി പനിച്ചു കൊണ്ടെയിരിക്കുന്നവരെ കണ്ടു. പണിക്കു പോകാന്‍ പറ്റുന്നില്ല. ജീവിതം മുന്നോട്ടു പോകുന്നില്ല.
പരിശോധനക്ക് മണിപ്പാലിലേക്ക് അയച്ച രക്തസാമ്പിളുകളില്‍ ഇനിയും എത്ര പോസിറ്റീവ് ഉണ്ടാകും എന്നറിയില്ല.
ഒരാള്‍ക്ക് പോലും ബാധിക്കാതെ, കഴിഞ്ഞ ഡിസംബറില്‍ കേരളത്തെ പിടിച്ചു കുലുക്കി കടന്നു പോയ പക്ഷിപ്പനി ഓര്‍ത്തു പോവുന്നു. ഒന്നര ലക്ഷം താറാവുകളെ കൊന്നൊടുക്കിയ, ദിവസങ്ങളോളം കേരളത്തിലെ ചാനലുകള്‍ ഏറ്റെടുത്ത പക്ഷിപ്പനി. അന്ന് കണ്ട ആലപ്പുഴയും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കണ്ട വയനാടും കേരളത്തില്‍ തന്നെയാണ്.