ദുല്‍ഖര്‍ സല്‍മാനുമൊത്തുള്ള നല്ല അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ ഷഹിന്‍ സിദ്ദിഖ്. എല്ലാവരും ഒരുമിച്ച് ഇരിക്കാന്‍ ആഗ്രഹിക്കുന്നൊരാളാണ് ദുല്‍ഖറെന്നും സെറ്റില്‍ തങ്ങള്‍ക്കൊന്നും കസേര കിട്ടിയില്ലെങ്കില്‍ അദ്ദേഹത്തെ അത് അലട്ടാറുണ്ടെന്നും ഷഹിന്‍ പറഞ്ഞു. അദ്ദേഹം സെറ്റില്‍ വരുന്നത് ആരും അറിയില്ലെന്നും അത്രയും ശാന്തമായിട്ടാണ് വരാറുള്ളതെന്നും ഷഹിന്‍ സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ദുല്‍ഖറിന്റെയും മമ്മൂട്ടിയുടെയും കൂടെ അഭിനയിച്ച അനുഭവത്തിന്റെ പുറത്ത് രണ്ട് പേര്‍ക്കുമുള്ള സാമ്യതകളും വ്യത്യാസങ്ങളെയും കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘സല്യൂട്ടിന്റെ സമയത്ത് ദുല്‍ഖറിനെ ഏറ്റവും കൂടുതല്‍ അലട്ടുന്നത് ദുല്‍ഖര്‍ ഒരു കസേരയില്‍ ഇരിക്കുകയും ഞങ്ങള്‍ക്ക് ഇരിക്കാന്‍ ഒരു കസേര കിട്ടാതിരിക്കുമ്പോഴുമാണ്. ഇത് ദുല്‍ഖറിനെ ഭയങ്കരമായി ബോദര്‍ ചെയ്യുന്ന കാര്യമാണ്.
ദുല്‍ഖറും അസിസ്റ്റന്റുമാരും ഇരിക്കുന്നുണ്ടാകും. എന്റെ ഷോട്ടിന് വേണ്ടി ഞാന്‍ ഡയലോഗ് പഠിച്ച് മാറി നില്‍ക്കുകയായിരിക്കും. എന്നാലും ഞാന്‍ ഇരിക്കുന്നില്ല എന്നത് ദുല്‍ഖര്‍ ശ്രദ്ധിച്ചിരുന്നു.
എന്തേ ഷഹിനും മറ്റുള്ളവരുമെല്ലാം നില്‍ക്കുന്നതെന്നും, കസേര ഇട്ട് എല്ലാവരും ഇരിക്കട്ടെയെന്നും ദുല്‍ഖര്‍ പറഞ്ഞിട്ടുണ്ട്. പുള്ളിയെ അത് വല്ലാതെ ഡിസ്റ്റേര്‍ബ് ചെയ്യും. എല്ലാവരും ഒരുമിച്ച് ഇരിക്കണം, എല്ലാവരും ഒരുമിച്ച് വേണം എന്ന് ആഗ്രഹിക്കുന്നൊരാളാണ് ദുല്‍ഖര്‍,’ ഷഹിന്‍ പറഞ്ഞു.
രണ്ട് പേരുടെയും സാമ്യതയായി ഡയലോഗ് പ്രിപ്പേര്‍ ചെയ്ത് വരുന്നതാണ് ഷഹിന്‍ പറഞ്ഞത്. എന്നാല്‍ മമ്മൂട്ടി വരുമ്പോള്‍ സെറ്റില്‍ എല്ലാവരും അറിയുമെന്നും ദുല്‍ഖര്‍ സാധാരണ ഒരാള്‍ വരുന്നത് പോലെയാണെന്നും വ്യത്യാസമായി അദ്ദേഹം ചൂണ്ടിക്കാട്ടി.
‘രണ്ട് പേരും ഡയലോഗ് പ്രിപ്പേര്‍ ചെയ്തിട്ടാണ് വരിക. ഭയങ്കര ഷാര്‍പ്പാണ്. കുട്ടനാടന്‍ ബ്ലോഗില്‍ മമ്മൂക്ക കുട്ടനാടന്‍ ആക്‌സന്റ് പറയാന്‍ വേണ്ടി സ്വയം തിരുത്തി പറയുന്നത് കേള്‍ക്കാം.
എന്നാല്‍ മമ്മൂക്ക വരുമ്പോഴുള്ള ഓറ വളരെ കൂടുതലാണ്. മമ്മൂക്ക സെറ്റില്‍ വരുമ്പോഴുള്ള സ്റ്റാര്‍ഡം വളരെ കൂടുതലാണ്. ദുല്‍ഖര്‍ അങ്ങനെയല്ല. സാധാരണ ഒരാള്‍ വരുന്നത് പോലെയുള്ളൂ. ദുല്‍ഖര്‍ വന്നുവെന്ന് നമുക്ക് പെട്ടെന്ന് മനസിലാകില്ല. ദുല്‍ഖറിന്റെ ടീമിനെയൊക്കെ കാണുമ്പോഴെ എത്തിയെന്ന് നമ്മള്‍ അറിയുള്ളൂ. സൈലന്റായി വന്ന് പോകും. മമ്മൂക്ക അങ്ങനെയല്ല, വരുമ്പോള്‍ മുഴുവന്‍ സെറ്റും അറിയും. ഇതാണ് വ്യത്യാസം,’ ഷഹിന്‍ പറഞ്ഞു.
ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ സ്റ്റാറാണ് ദുല്‍ഖറെന്നും ബോളിവുഡ് മുതല്‍ നിരവധി ഇന്റസ്ട്രിയില്‍ അദ്ദേഹം അഭിനയിച്ചെന്നും ഷഹിന്‍ പറയുന്നു.
‘ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ സ്റ്റാറാണ് ദുല്‍ഖര്‍. ബോളിവുഡ് മുതല്‍ എത്ര ഇന്റസ്ട്രിയില്‍ അദ്ദേഹം അഭിനയിച്ചു. അദ്ദേഹത്തിന്റെ അടുത്ത നെറ്റ്ഫ്‌ളിക്‌സ് റിലീസ് വരുന്നു. ചെയ്യാന്‍ സമയമില്ലെന്ന ഒറ്റ പ്രശ്‌നമേ അദ്ദേഹത്തിനുള്ളൂ.
ഈ പ്ലാനിങ് അദ്ദേഹത്തിന്റെ ഇന്റലിജന്‍സിന്റെ ഗുണമാണ്. പറയാന്‍ പ്രയാസമുള്ള പേരാണ് ദുല്‍ഖര്‍ സല്‍മാന്‍. എന്നാല്‍ അത് അറിയാത്ത ആരെങ്കിലുമുണ്ടോ. അത് അദ്ദേഹത്തിന്റെ അധ്വാനത്തിന്റെ ഫലമാണ്. ഇന്റലക്ച്വലായി അദ്ദേഹം പ്ലാന്‍ ചെയ്യുന്നതിന്റെ ഫലമായാണ് നമുക്ക് കുറുപ്പും കിങ് ഓഫ് കൊത്തയുമെല്ലാം വരുന്നത്,’ ഷഹിന്‍ പറഞ്ഞു.
ബിച്ചല്‍ മുഹമ്മദ് സംവിധാനം ചെയ്ത ശശിയും ശകുന്തളയുമാണ് ഷഹീന്‍ സിദ്ദിഖിന്റെ പുതിയ ചിത്രം.
ആമി ഫിലിംസിന്റെ ബാനറില്‍ ആര്‍.എസ്. വിമലും സലാം താണിക്കാട്ട് നേഹയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയില്‍ സിദ്ദിഖും പ്രധാന വേഷത്തിലെത്തുന്നുണ്ട്.