ലോകക്രിക്കറ്റില്‍ പുതിയ ബെഞ്ച്മാര്‍ക്കാണ് ഇന്ത്യന്‍ ക്രിക്കറ്റ് മുന്നോട്ടുവെക്കുന്നത്. കുറച്ചുനാള്‍ മുമ്പ് ഐ.പി.എല്ലിന്റെ മീഡിയ റൈറ്റ്‌സ് 48,340 കോടിക്ക് വിറ്റുപോയിരുന്നു. 2023 മുതല്‍ 2027 വരെയുള്ള ഐ.പി.എല്‍ സീസണിലേക്കുള്ള മീഡിയ റൈറ്റ്‌സാണ് വിറ്റ് പോയത്.
ഈ കച്ചവടത്തിലൂടെ ലോകത്തെ ഏറ്റവും കൂടുതല്‍ സമ്പാദിക്കുന്ന രണ്ടാമത്തെ സ്‌പോര്‍ട്‌സ് ലീഗായി മാറിയിരിക്കുകയാണ് ഐ.പി.എല്‍. ഇതിനിടെ ഐ.പി.എല്‍ വിന്‍ഡോ രണ്ടര മാസം ആക്കാന്‍ പ്ലാനുകളുണ്ടെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ പറഞ്ഞിരുന്നു.
അങ്ങനെ ചെയ്യുകയാണെങ്കില്‍ അത് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സങ്ങളുടെ നടത്തിപ്പിനെ ബാധിക്കും. അത് ഏറ്റവും കൂടുതല്‍ ബാധിക്കുക പാകിസ്ഥാന്‍ ടീമിനെ ആയിരിക്കും. കാരണം പാകിസ്ഥാന്‍ കളിക്കാര്‍ക്ക് ഐ.പി.എല്ലില്‍ കളിക്കാന്‍ അനുവാദം ഇല്ലാത്തതിനാല്‍ ബാക്കിയുള്ള ടീമിലെ കളിക്കാരെ ഐ.പി.എല്‍ കഴിയുന്നതുവരെ കാത്തു നില്‍ക്കണം. എന്നാല്‍ മാത്രമേ മറ്റ് ടീമുകളുമായി പാകിസ്ഥാന് പരമ്പരകള്‍ കളിക്കാന്‍ സാധിക്കുകയുള്ളു.
ഐ.പി.എല്‍ പാകിസ്ഥാന്റെ ഷെഡ്യൂളിനെ ബാധിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇന്ത്യക്കാണ് ഏറ്റവും വലിയ മാര്‍ക്കറ്റ് വാല്യു എന്നും അവര്‍ തീരുമാനിക്കുന്നത് പോലെ മാത്രമേ കാര്യങ്ങള്‍ നടക്കുകയുള്ളു എന്നുമാണ് അഫ്രിദിയുടെ മറുപടി.
‘എല്ലാം മാര്‍ക്കറ്റിലും എക്കോണമിയിലുമാണ് വരുന്നത്. ഏറ്റവും വലിയ ക്രിക്കറ്റ് മാര്‍ക്കറ്റ് ഇന്ത്യയാണ്. അവര്‍ എന്ത് പറഞ്ഞാലും അത് നടക്കും,” അഫ്രിദി പറഞ്ഞു.
സമാ ടി.വിയുടെ ഗെയിം സെറ്റ് മാച്ച് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അഫ്രിദി.
രണ്ട് വര്‍ഷം മുമ്പ് ഐ.പി.എല്‍ ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ ബ്രാന്‍ഡാണെന്നും ബാബര്‍ അസം അടങ്ങുന്ന പാക് താരങ്ങള്‍ ഐ.പി.എല്ലില്‍ പങ്കെടുക്കണമെന്നും അഫ്രിദി പറഞ്ഞിരുന്നു.
‘ഐ.പി.എല്‍ വളരെ വലിയ ബ്രാന്‍ഡാണ്. ഇത് ബാബര്‍ അസമിനായാലും മറ്റേതെങ്കിലും പാകിസ്ഥാന്‍ കളിക്കാരായാലും സമ്മര്‍ദത്തില്‍ കളിക്കാനും ഡ്രസ്സിംഗ് റൂമുകള്‍ പങ്കിടാനുമുള്ള മികച്ച അവസരമായിരിക്കും ഐ.പി.എല്‍. ഐപിഎല്ലില്‍ കളിക്കാത്തതിനാല്‍ പാകിസ്ഥാന്‍ താരങ്ങള്‍ വലിയൊരു അവസരമാണ് നഷ്ടപ്പെടുത്തുന്നത്,’ അഫ്രിദി പറഞ്ഞു.
2008ലെ ആദ്യത്തെ ഐ.പി.എല്‍ സീസണില്‍ അഫ്രിദി അടക്കമുളള പാകിസ്ഥാന്‍ താരങ്ങള്‍ പങ്കെടുത്തിരുന്നു. എന്നാല്‍ പിന്നീടുള്ള സീസണിലൊന്നും പാക് താരങ്ങള്‍ കളിച്ചിട്ടില്ല.