| Tuesday, 7th June 2022, 5:34 pm

കപില്‍ ദേവ്, ഷാഹിദ് അഫ്രിദി, എ.ബി. ഡിവില്ലിയേഴ്‌സ്; ഇവര്‍ മൂന്നുപേര്‍ ഒന്നിക്കുന്ന അപൂര്‍വമായ റെക്കോഡ് ഏതാണെന്നറിയുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

ലോകക്രിക്കറ്റിലെ എക്കാലത്തേയും മികച്ച വെടിക്കെട്ടു താരങ്ങളാണ് ഇന്ത്യയുടെ ലോകകപ്പ് വിന്നിംഗ് നായകന്‍ കപില്‍ ദേവ്, ദക്ഷിണാഫ്രിക്കന്‍ പവര്‍ഹൗസ് എ.ബി.ഡിവില്ലിയേഴ്‌സ്, പാകിസ്ഥാന്റെ വെടിക്കെട്ട് താരം ഷാഹിദ് അഫ്രിദി എന്നിവര്‍.

ഇവര്‍ മൂന്ന്‌പേര്‍ മാത്രം അടങ്ങിയ ഒരു  അപൂര്‍വ റെക്കോഡ് ക്രിക്കറ്റിലുണ്ട്. എല്ലാ ഫോര്‍മാറ്റിലും വെടിക്കെട്ട് ശൈലിയില്‍ ബാറ്റ് ചെയ്യുന്നവരാണ് മൂവരും. ടെസ്റ്റ് ക്രിക്കറ്റിന്റെ പൊതുബോധത്തെ ഇവര്‍ മാനിക്കാറില്ലയെന്നര്‍ത്ഥം.

ടെസ്റ്റ് ക്രിക്കറ്റില്‍ അടുപ്പിച്ചുള്ള നാല് പന്തുകള്‍  സിക്‌സറുകള്‍ നേടിയ കളിക്കാരെന്ന റെക്കോഡാണ് മൂവരുടേയും പേരിലുള്ളത്. ട്വന്റി-20 ക്രിക്കറ്റില്‍ പോലും തുടര്‍ച്ചയായ സിക്‌സറുകള്‍ അടിക്കുന്നത് അത്ഭുതമാണ് അപ്പോഴാണ് ടെസ്റ്റില്‍ ഇവരുടെ ആറാട്ട്.

1990ല്‍ ഇഗ്ലണ്ടിനെതിരെയായിരുന്നു കപില്‍ ദേവിന്റെ അഴിഞ്ഞാട്ടം. ഫസ്റ്റ് ഇന്നിംഗ്‌സില്‍ 653 എന്ന വലിയ സ്‌കോര്‍ നേടിയ ഇംഗ്ലണ്ടിനെതിരെ ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യക്ക് 430ല്‍ നില്‍ക്കെ അവരുടെ ഒമ്പതാമത്തെ വിക്കറ്റും നഷ്ടമായി.  ഫോളോ ഓണ്‍ ഒഴിവാക്കാന്‍ 24 റണ്‍ കൂടെ വേണ്ടിയിരിക്കെയായിരുന്നു കപില്‍ നാല് സിക്‌സറുകള്‍ പായിച്ചത്.

എഡ്ഡി ഹെമ്മിംഗസ് എന്ന ഓഫ് സ്പിന്നറായിരുന്നു കപിലിന്റെ ബാറ്റിന്റെ ചൂടറിഞ്ഞത്. ആദ്യ രണ്ട് പന്ത്  ബ്ലോക്ക് ചെയ്ത കപില്‍ പിന്നീടുള്ള നാല് പന്തില്‍ നാലും അതിര്‍ത്തി കടത്തുകയായിരുന്നു.  അതോടെ ഇന്ത്യ ഫോളോ ഓണ്‍ ഒഴിവാക്കി. മത്സരത്തില്‍ ഇന്ത്യ തോറ്റെങ്കിലും കപില്‍ റെക്കോഡില്‍ ഇടം നേടി.

പിന്നീട് ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്നത് പാകിസ്ഥാന്‍ വെടിക്കെട്ട് വീരന്‍ ഷാഹിദ് അഫ്രിദിയാണ്. സിക്‌സറടിക്ക് എക്കാലത്തും പേരുകേട്ട ബാറ്ററാണ് ഷാഹിദ് അഫ്രിദി. 2006ല്‍ ഇന്ത്യക്കെതിരെയായിരുന്നു ഷാഹിദ് അഫ്രിദിയുടെ വെടിക്കെട്ട്. തല്ലുകൊണ്ടതാകട്ടെ ഇന്ത്യന്‍ സ്പിന്‍ ഇതിഹാസമായ ഹര്‍ഭജന്‍ സിംഗും.

ലാഹോറിലെ ഫ്‌ളാറ്റ് ട്രാക്കില്‍ പാകിസ്ഥാന്‍ 500 റണ്ണുമായി നില്‍ക്കുമ്പോളായിരുന്നു അഫ്രിദി ഹര്‍ഭജനെ നിലത്ത് നിര്‍ത്താതെ അടിച്ചത്. അഞ്ചാം പന്തും സിക്‌സറിന് ശ്രമിച്ചുവെങ്കിലും മിസ്ഹിറ്റായി സിംഗിളില്‍ ഒതുങ്ങുകയായിരുന്നു.  27 റണ്ണാണ് ഭാജി ആ ഓവറില്‍ വിട്ടുകൊടുത്തത്.

മൂന്നാമതായി ഇവരുടെയൊപ്പം കൂടിയത് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസമായ എ.ബി.ഡിവില്ലിയേഴ്‌സാണ്. ഏത് ശൈലിയിലേക്കും തന്റെ കളിയെ മാറ്റാന്‍ സാധിക്കുന്ന എ.ബി.ഡി 2009ലാണ് ഈ റെക്കോഡിട്ടത്. സ്വന്തം നാട്ടില്‍  ഓസ്‌ട്രേലിയയെ നേരിട്ട ദക്ഷിണാഫ്രിക്ക അവരെ ആദ്യ ഇന്നിംഗ്‌സില്‍  209 റണ്ണിന് ഓള്‍ ഔട്ടാക്കുകയായിരുന്നു.

മറുപടി ബാറ്റിംഗില്‍ വന്‍ ലീഡ് നേടാന്‍ വേണ്ടിയിറങ്ങിയ ദക്ഷിണാഫ്രിക്കയെ എ.ബി.ഡി മുന്നില്‍ നിന്ന് നയിക്കുകയായിരുന്നു. തന്റെ സ്‌കോര്‍  117ല്‍ നില്‍ക്കെ ഓസ്‌ട്രേലിയന്‍ പേസ് ബൗളറായ ആന്‍ഡ്രു മക്‌ഡോണാള്‍ഡിനെയായിരുന്നു എ.ബി.ഡി എയറില്‍ കേറ്റിയത്.

മക്‌ഡോണാള്‍ഡ് എറിഞ്ഞ  ആദ്യ നാല് പന്തില്‍ തന്നെ എ.ബി.ഡി നാല് സിക്‌സറുകള്‍ അടിക്കുകയായിരുന്നു.

ട്വന്റി-20 ക്രിക്കറ്റ് വളരുന്ന ഈ കാലത്ത് ഇനി ഈ റെക്കോഡില്‍ ഒരുപാട് താരങ്ങള്‍ ഇടം നേടിയേക്കാം എന്നാല്‍ കപില്‍ ദേവ് അന്ന് കാണിച്ച ചങ്കൂറ്റമൊക്കെ ഇന്നും എല്ലാവര്‍ക്കും മാതൃകയാക്കാവുന്നതാണ്.

Content Highlights: Shahidh Afridi, Kapil Dev and AB Devilleres  has a special record in cricket

We use cookies to give you the best possible experience. Learn more