| Saturday, 26th June 2021, 8:09 am

വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിന്റെ ഡോക്ടറേറ്റ് വ്യാജമെന്ന് ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ യുവതിയുടെ പരാതി; മറുപടിയുമായി ഷാഹിദ കമാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിന്റെ ഡോക്ടറേറ്റ് വ്യാജമെന്ന് പരാതിയുമായി യുവതി. ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയിലാണ് ഷാഹിദ കമാലിനെതിരെ യുവതി പരാതി ഉന്നയിച്ചത്.

ബി.കോം പാസാവാത്ത ഷാഹിദ കമാല്‍ പേരിനൊപ്പം ഡോക്ടര്‍ ചേര്‍ക്കുന്നത് എങ്ങനെയാണെന്നായിരുന്നു യുവതി ചോദിച്ചത്.

അധിക യോഗ്യതയായി ഷാഹിദ കമാലിന് ഉള്ളത് പി.ജി.ഡി.സി.എ. ആണെന്നാണ് സര്‍വ്വകലാശാല രേഖയില്‍ ഉള്ളത്. ഇതും തെറ്റാണെന്നും ഇക്കാര്യങ്ങള്‍ തെളിയിക്കുന്ന രേഖകള്‍ തന്റെ പക്കലുണ്ടെന്നുമാണ് യുവതി ചര്‍ച്ചയില്‍ പറഞ്ഞത്.

‘ഇലക്ഷന്‍ കമ്മീഷനില്‍ നിന്നും രണ്ട് തെരഞ്ഞെടുപ്പിലും ഷാഹിദ നല്‍കിയ സത്യവാങ്മൂലം ഞാന്‍ ശേഖരിച്ചു. തുടര്‍ന്ന് ഞാന്‍ കേരള സര്‍വകലാശാലയില്‍ നിന്നും വിവരാവകാശ നിയമപ്രകാരം ഇവരുടെ വിദ്യാഭ്യാസ വിവരങ്ങള്‍ ശേഖരിച്ചു. ആ രേഖകള്‍ പ്രകാരം 1987-90 കാലഘട്ടത്തിലാണ് സര്‍വ്വകലാശാലയ്കക് കീഴിലെ അഞ്ചല്‍ സെന്റ് ജോണ്‌സ് കോളേജില്‍ ഇവര്‍ പഠിച്ചത്.

എന്നാല്‍ ബി.കോം പൂര്‍ത്തിയാക്കാനായിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ രേഖകള്‍ പ്രകാരം ഇവര്‍ വിദ്യാഭ്യാസയോഗ്യതയായി ബി.കോം., പി.ജി.ഡി.സി.എ. എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ബിരുദം നേടാത്ത ഒരാള്‍ക്ക് പി.ജി. പാസാവാന്‍ സാധിക്കില്ല. അതിനാല്‍ ആ വാദവും തെറ്റാണ്. തോറ്റ ബി.കോം. ഇവര്‍ എന്നു പാസായി. പിന്നെ എപ്പോള്‍ പി.ജിയും പി.എച്ച്.ഡിയും എടുത്തു എന്നൊന്നും വ്യക്തമല്ല,’ യുവതി പരാതിപ്പെട്ടു.

എന്നാല്‍ ഈ പരാതിക്കെതിരെ ഷാഹിദ കമാല്‍ രംഗത്തെത്തി. ഫേസ്ബുക്ക് വീഡിയോയിലൂടെ ആയിരുന്നു ഷാഹിദ മറുപടി പറഞ്ഞത്.

‘ എന്നെ പോലെ ഒരു പൊതുപ്രവര്‍ത്തകയ്ക്ക് വ്യാജമായി ഡോക്ടറേറ്റ് വെക്കാന്‍ സാധിക്കുമോ എന്ന് സാമാന്യ യുക്തിയുള്ള ആര്‍ക്കും ചിന്തിക്കാവുന്നതേ ഉള്ളു. 1987-90 കാലഘട്ടത്തിലാണ് അഞ്ചല്‍ സെന്റ് ജോണ്‌സ് കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്നത്. അന്ന് കെ.എസ്.യു. സംഘടനാ രംഗത്ത് സജീവമായിരുന്നതിനാല്‍ പരീക്ഷ കൃത്യമായി എഴുതാന്‍ സാധിക്കാതെ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു.

വിവാഹം കഴിഞ്ഞതിന് ശേഷവും പൊതു പ്രവര്‍ത്തനവുമായി മുന്നോട്ട് പോയിരുന്നു. എന്നാല്‍ ഭര്‍ത്താവ് മരിച്ചതിന് ശേഷം അന്നത്തെ യു.ഡി.എഫ്. സര്‍ക്കാരിനോട് ഏതെങ്കിലും ബോര്‍ഡിലോ കമ്മീഷനിലോ കോര്‍പറേഷനിലോ എന്നെ ഉള്‍പ്പെടുത്തണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അതൊന്നും നടന്നില്ല. പിന്നീട് ജോലി ആവശ്യമായി വന്നപ്പോഴാണ് ഡിഗ്രി എടുക്കേണ്ടതിനെക്കുറിച്ച് മനസിലായത്. തുടര്‍ന്ന് ബി.കോം ഡിസ്റ്റന്റ് ആയി പാസായി. തുടര്‍ന്ന് എം.എ. പബ്ലിക്ക് അഡ്മിനിസ്‌ട്രേഷനും പാസായി. ഇന്ന് ഇഗ്നോയുടെ എം.എസ്.ഡബ്ല്യു. വിദ്യാര്‍ത്ഥിനി കൂടിയാണ്.

ഇനി ഡോക്ടറേറ്റ്, അത് ഷാഹിദ കമാല്‍ എന്ന സാമൂഹ്യപ്രവര്‍ത്തകയ്ക്ക് ഇന്റര്‍നാഷണല്‍ ഓപണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ലഭിച്ച ഡിലിറ്റ് ആണ്. ഇതേ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കേരളത്തില്‍ നിന്ന് നിരവധി പേര്‍ക്ക് ഡിലിറ്റ് ലഭിച്ചിട്ടിട്ടുണ്ട്. അവരൊക്കെ ഡോക്ടറേറ്റ് എന്ന് പേരിനൊപ്പം ചേര്‍ക്കുന്നുമുണ്ട്,’ ഷാഹിദ കമാല്‍ പറഞ്ഞു.

തന്നോട് ചോദിക്കാതെയാണ് ഏഷ്യാനെറ്റ് ഇത്തരത്തില്‍ വാര്‍ത്ത കൊടുത്തതെന്നും, അതുകൊണ്ടാണ് വിശദീകരണവുമായി രംഗത്തെത്തിയതെന്നും ഷാഹിദ കമാല്‍ വീഡിയോയില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Shahida Kamal reply to the allegation against her acquiring Doctorate

Latest Stories

We use cookies to give you the best possible experience. Learn more