കലാശക്കൊട്ടിനിടെയുള്ള കല്ലേറ് കോണ്‍ഗ്രസിന്റെ അവസാനത്തെ അടവ്; അന്തസ്സുകെട്ട പ്രവര്‍ത്തിയായതിനാല്‍ അന്ന് അതിന് തയ്യാറായിരുന്നില്ല: ഷാഹിദ കമാല്‍
D' Election 2019
കലാശക്കൊട്ടിനിടെയുള്ള കല്ലേറ് കോണ്‍ഗ്രസിന്റെ അവസാനത്തെ അടവ്; അന്തസ്സുകെട്ട പ്രവര്‍ത്തിയായതിനാല്‍ അന്ന് അതിന് തയ്യാറായിരുന്നില്ല: ഷാഹിദ കമാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd April 2019, 11:49 am

ആലത്തൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ സി.പി.ഐ.എമ്മുകാര്‍ കല്ലെറിഞ്ഞെന്ന കോണ്‍ഗ്രസ് ആരോപണം വിവാദമായിരുന്നു.

ഇതിന് പിന്നാല കല്ലെറിഞ്ഞത് തങ്ങളല്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നുമാണെന്ന് ചൂണ്ടിക്കാട്ടി അനില്‍ അക്കരെയുടെ ഒരു വീഡിയോയും എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

എന്നാല്‍ കല്ലേറ് വിഷയത്തില്‍ കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കി രംഗത്തെത്തിയിരിക്കുകയാണ് മഹിളാ കോണ്‍ഗ്രസ് മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയും എ.ഐ.സിസി അംഗവുമായിരുന്ന ഷാഹിദാ കമാല്‍.

കല്ലേറ് കോണ്‍ഗ്രസിന്റെ അവസാനത്തെ അടവാണന്നും കലാശക്കൊട്ടിനിടയില്‍ കല്ലേറ് വന്നാല്‍ ബോധം കെട്ട് വീണുകൊള്ളണമെന്നാണ് പാര്‍ട്ടി നിര്‍ദേശിക്കാറെന്നും ഷാഹിദ പറയുന്നു. എന്നാല്‍ അന്തസ്സുകെട്ട പ്രവര്‍ത്തിയായി തോന്നിയതിനാല്‍ അന്ന് താന്‍ അതിന് തയ്യാറായിരുന്നില്ലെന്നും ഷാഹിദ കമാല്‍ പറഞ്ഞു.

”കലാശക്കൊട്ട് കണ്ടപ്പോള്‍ പഴയ ഒരു തെരഞ്ഞെടുപ്പ് ഓര്‍മ്മ പങ്കു വയ്ക്കുന്നു. കലാശകൊട്ടിനിടയില്‍ ഏറു വരും, ദേഹത്ത് കൊള്ളില്ല. പക്ഷേ ഉടന്‍ ബോധംകെട്ട് വീഴണം. അവസാനത്തെ അടവാണ്. എന്നാല്‍ അന്തസ്സുകെട്ട ഒരു പ്രവര്‍ത്തിയായി തോന്നിയതിനാല്‍ അന്ന് ഞാന്‍ അതിന് തയ്യാറായില്ല”- ഷാഹിദ ഫേസ്ബുക്കില്‍ കുറിച്ചു.

കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച ഷാഹിദ കമല്‍ ഇപ്പോള്‍ സി.പി.ഐ.എം പ്രവര്‍ത്തകയും വനിതാ കമ്മിഷന്‍ അംഗവുമാണ്. 2009 ല്‍ കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നാണ് ഷാഹിദ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്.

ചതിക്കല്ലെടാ എന്ന് പറയുന്ന അനില്‍ അക്കരയുടെ വീഡിയോ പുറത്തുവിട്ടുകൊണ്ടായിരുന്നു സി.പി.ഐ.എം കല്ലേറ് നടത്തിയെന്ന അനില്‍ അക്കരയുടെ ആരോപണത്തെ പാര്‍ട്ടി പ്രതിരോധിച്ചത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലെറിയുമ്പോള്‍ ചതിക്കല്ലേടാ എന്ന് അനില്‍ അക്കര എം.എല്‍.എ അലറിവിളിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും കൂട്ടാക്കാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലേറ് തുടരുന്നതാണ് വീഡിയോ. എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്കു നേരെയാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കല്ലെറിയുന്നതെങ്കില്‍ ‘ചതിക്കല്ലേടാ’ എന്ന അനില്‍ അക്കരയുടെ നിലവിളി എന്തിനാണെന്നായിരുന്നു എല്‍.ഡി.എഫ് ഉയര്‍ത്തുന്ന ചോദ്യം.

അതേസമയം പ്രചരിക്കുന്ന വീഡിയോയെ കുറിച്ച് യു.ഡി.എഫ് ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തില്‍ അനില്‍ അക്കരെ ഫേസ്ബുക്കില്‍ കുറിച്ചത്. ‘നിങ്ങള്‍ ഇന്നെന്ന ഒരുപാട്കല്ലെറിഞ്ഞു .പലതും ദേഹത്ത് കൊണ്ടു ,പലതും ദേഹത്ത് കൊണ്ടില്ല .നിങ്ങള്‍ക്ക് നാളെയും
എന്നെ എറിയാം ,ആക്രമിക്കാം ,എങ്കിലും ഞാന്‍ നിങ്ങളെ ഇഷ്ടപ്പെടുന്നു .കാരണം എനിക്ക് രാഹുല്‍ ഗാന്ധിയെ ഇഷ്ടമാണ്’ എന്നായിരുന്നു.

കല്ലേറില്‍ രമ്യാ ഹരിദാസിന് പരിക്കേറ്റിരുന്നു. രമ്യ സഞ്ചരിച്ച വാഹനത്തിനു നേരെയാണു കല്ലേറുണ്ടായത്. രമ്യയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

കൊട്ടിക്കലാശത്തിനിടെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ സംഘര്‍ഷമുണ്ടായിരുന്നു. തിരുവനന്തപുരത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി പങ്കെടുത്ത യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരിന്റെ റോഡ് ഷോ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണം എല്‍.ഡി.എഫ് നിഷേധിച്ചിരുന്നു. എറണാകുളം പാലാരിവട്ടത്ത് സി.പി.എം-എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.