| Sunday, 13th October 2019, 3:43 pm

ബിരുദ വിവാദത്തില്‍ ഷാഹിദ കമാലിന്റെ മറുപടി; 'ബോധ്യപെടുത്തേണ്ടിടത്ത് ബോധ്യപെടുത്തി കൊള്ളാം'

ഡൂള്‍ന്യൂസ് ഡെസ്‌ക്

വ്യാജ വിദ്യാഭ്യാസ യോഗ്യത കാണിച്ചു സര്‍ക്കാരിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും തെറ്റിദ്ധരിപ്പിച്ചെന്നു വിജിലന്‍സിന് പരാതി നല്‍കിയ സംഭവത്തില്‍ പ്രതികരിച്ച് വനിതാ കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍.
സത്യസന്ധതയും ധര്‍മനീതിയും ലംഘിച്ചാണു ഷാഹിദ കമാല്‍ വനിതാ കമ്മിഷന്‍ അംഗമായതെന്ന ഗുരുതര ആരോപണമാണു പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.

ഷാഹിദ കമാലിന്റെ പ്രതികരണം…

എന്നെ പറ്റി വരുന്ന ഒരു വാര്‍ത്തയെ പറ്റി ഞാന്‍ പ്രതികരിക്കേണ്ടതുണ്ട്. 2011-ല്‍ ഞാന്‍ ചടയമംഗലത്ത് മത്സരിക്കുമ്പോള്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ കൃത്യമായി രേഖപെടുത്തിയിട്ടുണ്ട്. ബി.കോം കോഴ്‌സ് കംപ്ലീറ്റഡ് എന്ന്. അത് സുതാര്യമാണ് ആര്‍ക്കും പരിശോധിക്കാം. അതിന് ശേഷം കറസ്‌പോണ്ടന്‍സ് കോഴ്‌സിലൂടെ ഡിഗ്രി എടുക്കുകയും ചെയ്തിട്ടുണ്ട്. അത് ബോധ്യപെടുത്തേണ്ടിടത്ത് ബോധ്യപെടുത്തി കൊള്ളാം. എന്തായാലും ഇലക്ഷന് മത്സരിക്കാന്‍ ഡിഗ്രി വേണമെന്നില്ലന്ന് പ്രധാനമന്ത്രി തന്നെ തെളിയിച്ചിട്ടുണ്ട്.
പിന്നെ എന്നെ തകര്‍ക്കാന്‍ പല വഴി നോക്കിയിട്ടും നടക്കാത്ത ചിലര്‍ അവസാനം കണ്ടെത്തിയ മാര്‍ഗ്ഗമാണ്. ഇതൊന്നും കണ്ട് തളര്‍ന്നു പോകുന്ന ആളല്ല ഞാന്‍.
പിന്നെ നാളെ മുതല്‍ ഈ പറയുന്നവരുടെ ഒക്കെ സ്വന്തം നേതാക്കന്‍മാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ കൂടി ഇവിടെ പ്രദര്‍ശിപ്പിക്കണം.

കമ്മിഷന്‍ അംഗമാകാന്‍ സമര്‍പ്പിച്ച അപേക്ഷയിലും ചടയമംഗലത്തും കാസര്‍കോട്ടും മത്സരിച്ചപ്പോഴും ഷാഹിദ സൂചിപ്പിച്ചിരുന്ന വിദ്യാഭ്യാസ യോഗ്യത ബികോം ആണ്.

87-90 കാലഘട്ടത്തില്‍ അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജില്‍ നിന്നാണു ബിരുദം നേടിയതെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. എന്നാല്‍ ആ കാലഘട്ടത്തില്‍ ഷാഹിദ ബിരുദം പാസ്സായിട്ടില്ലെന്ന് കേരളാ സര്‍വകലാശാലയുടെ രേഖകളില്‍ വ്യക്തമാക്കുന്നു.

We use cookies to give you the best possible experience. Learn more