”നിങ്ങള്‍ മലയാളികള്‍ ഒരു കാര്യം മനസ്സിലാക്കണം, കേരളത്തിലെ സവിശേഷ രാഷ്ട്രീയ സാമൂഹ്യ പാരമ്പര്യവും സാഹചര്യങ്ങളും കാരണം നിങ്ങള്‍ക്ക് നിങ്ങള്‍ പോലുമറിയാതെ ഒരു പുരോഗമന രാഷ്ട്രീയ വിദ്യാഭ്യാസവും സാമൂഹ്യബോധവും കിട്ടുന്നുണ്ട്. എന്നാല്‍ മലയാളികളല്ലാത്ത ഞങ്ങള്‍ക്ക് അത്തരം അവസരങ്ങള്‍ ലഭിച്ചിട്ടില്ല. അതൊരു യാഥാര്‍ത്ഥ്യമാണ്”
ദിവസങ്ങള്‍ക്ക് മുന്‍പ് ജെ.എന്‍.യുയില്‍ സഹപാഠി ആയിരുന്ന ആന്ധ്രയില്‍ നിന്നുമുള്ള സുഹൃത്ത് സുരേഷ് പറഞ്ഞതാണിത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബിഹാറില്‍ നിന്നുമുള്ള സുഹൃത്ത് മനീഷും ഒരു പൊതു പരിപാടിക്കിടെ എന്നോടിത് പറഞ്ഞിട്ടുണ്ട്.
ശരിയാണ്. ഒരു വിദ്യാര്‍ത്ഥി സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നതും സജീവ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഇറങ്ങുന്നതുമൊക്കെ 2011 ല്‍ ദല്‍ഹിയില്‍ എത്തിയതിനു ശേഷമാണെങ്കിലും എന്റെ മൂല്യബോധങ്ങള്‍ക്കും ചിന്താരീതികള്‍ക്കും എന്തിന്, രാഷ്ട്രീയ തിരഞ്ഞെടുപ്പുകള്‍ക്കും അടിസ്ഥാനമിട്ടത് നാട്ടിലെ, കേരളത്തിലെ കാലം തന്നെയാണ്.
എത്ര തന്നെ വിമര്‍ശനാത്മകമായി വിലയിരുത്തിയാലും കേരളത്തില്‍ വളരുന്ന ഒരാള്‍ക്ക് വീട്ടകങ്ങളില്‍ നിന്നും സൗഹൃദങ്ങളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും താന്‍ പോലുമറിയാതെ കിട്ടുന്ന ഈ സാമൂഹ്യ വിദ്യാഭ്യാസത്തില്‍ നിന്നും തീര്‍ത്തും മാറി നിന്നുകൊണ്ടുള്ള ഒരു കുട്ടിക്കാലം അസാധ്യം തന്നെയാണ്. അതുകൊണ്ട് തന്നെ ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തിനു പുറത്ത് പോകുന്ന കുട്ടികളില്‍ ഒരു പൊതു പ്രശ്‌നത്തെ അഭിമുഖീകരിക്കുമ്പോള്‍ വളരെ വേഗം സംഘടിക്കാനും ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താനും വളരെ കാതലായ ചോദ്യങ്ങള്‍ ഉയര്‍ത്താനുമുള്ള ഒരു ആര്‍ജ്ജവം കണ്ടിട്ടുണ്ട്.
ക്ലാസ്സ് റൂമുകളില്‍ ഭാഷാപരമായ പരിമിതികളെയൊക്കെ മറികടന്നു കൊണ്ട് ക്രിട്ടിക്കലായ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട് അക്കാദമിക ചര്‍ച്ചകളില്‍ സജീവമാകുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ ദല്‍ഹി യൂണിവേഴ്‌സിറ്റിയിലും ജെ.എന്‍.യുയിലും അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയിലും ജാമിയ മിലിയ ഇസ്‌ലാമിയയിലും എത്രയോ!
അതുകൊണ്ട് തന്നെ ദല്‍ഹി യൂണിവേഴ്‌സിറ്റി കോളേജുകളില്‍ യൂ.ജി കോഴ്‌സുകളിലേക്കായി അഡ്മിഷന്‍ തേടി വരുന്ന മലയാളി വിദ്യാര്‍ത്ഥികളെ ലക്ഷ്യം വച്ചു കൊണ്ടുള്ള കിരോരി മാല്‍ കോളേജ് അദ്ധ്യാപകന്‍ രാകേഷ് കുമാര്‍ പാണ്ഡെ നടത്തിയ ‘മാര്‍ക്ക് ജിഹാദ്’ പ്രസ്ഥാവന ചിന്തിക്കുന്ന, ചോദ്യം ചെയ്യുന്ന എല്ലാ മസ്തിഷ്‌കങ്ങളെയും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗം തന്നെയാണ്. തികച്ചും രാഷ്ട്രീയ പ്രേരിതവുമാണ്. ഇത്തരം പ്രവണതകളെ തുറന്നു കാണിച്ച് ചെറുത്തു തോല്‍പ്പിച്ചേ തീരൂ.
ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ അദ്ധ്യാപികയായി ജോലി ചെയ്ത കാലത്ത് അടുത്തറിഞ്ഞിട്ടുള്ളതാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഇവിടെ 17 ഉം 18 ഉം വയസ്സില്‍ അണ്ടര്‍ ഗ്രാജ്വേറ്റ് കോഴ്‌സുകളില്‍ പഠിക്കാന്‍ വരുന്ന കുട്ടികള്‍ നേരിടുന്ന വെല്ലുവിളികള്‍!
ഭക്ഷണം, താമസം, ഭാഷ, രാഷ്ട്രീയാന്തരീക്ഷം തൊട്ട് കാലാവസ്ഥയോട് വരെ സമരസപ്പെട്ട് വരാന്‍ മാസങ്ങളും വര്‍ഷങ്ങളും എടുത്തേക്കാം. ഇതൊക്കെ അതിജീവിച്ച് വേണം ഇവിടത്തെ അങ്ങേയറ്റം മത്സരാധിഷ്ഠിതമായ അക്കാദമിക ലോകത്ത് ഒരു ഇടം കണ്ടെത്താന്‍. ഒട്ടും എളുപ്പമല്ലത്! ഇതിനൊക്കെയിടയില്‍ ആത്മവിശ്വാസം നഷ്ടപ്പെടുന്ന മാനസികമായി തളര്‍ന്ന് വീണുപോവുന്ന എത്രയോ കുട്ടികളെ നേരിട്ടറിയാം. സങ്കടമാണ്. നാട്ടില്‍ നിന്നും കഷ്ടപ്പെട്ട് പഠിച്ച് ഉന്നത വിജയം നേടി നിറയെ സ്വപ്നങ്ങളുമായി വരുന്ന കുട്ടികളാണവര്‍!
അപ്പോള്‍ ഒരു അദ്ധ്യാപകനില്‍ നിന്നുമുണ്ടാവുന്ന ഇത്തരം പ്രസ്ഥാവനകള്‍ ഇവരുടെ വിദ്യാര്‍ത്ഥി ജീവിതം കൂടുതല്‍ കൂടുതല്‍ ദുഷ്‌കരമാക്കും. മറ്റ് അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമിടയില്‍ മലയാളി വിദ്യാര്‍ത്ഥികര്‍ക്കെതിരെ ഒരു പൊതുബോധം സൃഷ്ടിക്കപ്പെടും. എങ്ങനെയാണ് നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ദല്‍ഹിയില്‍ സംഘടിതാക്രമണങ്ങള്‍ക്കും വംശീയ വെറിക്കും ഇരകളായിക്കൊണ്ടിരുന്നതെന്ന് നമ്മള്‍ കണ്ടതാണ്. ചരിത്രപരമായി പല രാഷ്ട്രീയ സാമൂഹിക അനുഭവങ്ങളാല്‍ പല തരത്തിലുള്ള, തലത്തിലുള്ള അരക്ഷിതത്വബോധം കൊണ്ടു നടക്കുന്ന ഒരു ജനതയെന്ന നിലയില്‍ ദല്‍ഹിയിലെ ആളുകളില്‍ വംശീയത വളര്‍ത്തുക എളുപ്പമാണ്. അതുകൊണ്ട് തന്നെ ഒരു ജനസമൂഹത്തിനെതിരായ രാഷ്ട്രീയ പ്രേരിതമായ ഒരു പ്രസ്ഥാവനയെയും ലഘൂകരിച്ച് കാണാനാവില്ല.
ശരി, കേരളത്തിലെ കുട്ടികള്‍ക്ക് അനര്‍ഹമായ രീതിയില്‍ ഉയര്‍ന്ന മാര്‍ക്ക് പ്ലസ് ടു തലത്തില്‍ കൊടുക്കപ്പെടുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ സ്ഥാപിത താല്‍പര്യങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരു അക്കാദമിക പ്രശ്‌നം തന്നെയാണ്. അത് അക്കാദമികമായി പരിശോധിക്കേണ്ടതും വിശകലനം ചെയ്യേണ്ടതുമാണ്. അല്ലാത്ത പക്ഷം ഇത്തരം പ്രതിലോമ പ്രവണതകളെ തുടക്കത്തിലേ ഇല്ലാതാക്കേണ്ടതുമാണ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Sunania Shahida ikbal writes about mark jihaad controversy