| Monday, 20th February 2023, 9:17 am

മറ്റ് ഭാഷകകളില്‍ സിനിമ ചെയ്യാന്‍ എന്നെ ആരും വിളിച്ചിട്ടില്ല: ഷാഹിദ് കപൂര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിജയ് സേതുപതി, ഷാഹിദ് കപൂര്‍ എന്നിവര്‍ പ്രധാന കഥാപാത്രമായെത്തിയ ഫര്‍സി സീരിസ് റിലീസായ ഉടനെ തന്നെ ആമസോണ്‍ പ്രൈമില്‍ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. ക്രൈം ത്രില്ലര്‍ ഴോണറില്‍ കഥ പറഞ്ഞ ചിത്രത്തില്‍ റാഷി ഖന്നയാണ് നായിക.

ഫര്‍സിയുടെ പ്രൊമോഷന്റെ ഭാഗമായി ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ അന്യഭാഷ ചിത്രങ്ങളെക്കുറിച്ച് ഷാഹിദ് കപൂര്‍ നടത്തിയ പരാമര്‍ശം ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. അഭിനയത്തില്‍ ഭാഷ ഒരു പ്രധാന പ്രശ്‌നമാണെന്നാണ് താരം അഭിപ്രായപ്പെട്ടത്.

ഹിന്ദിക്ക് പുറമെ മറ്റു ഭാഷകളില്‍ അഭിനയിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും, എന്നാല്‍ ഇത് വരെ തന്നെയാരും അന്യഭാഷ ചിത്രങ്ങള്‍ക്കായി സമീപിച്ചിട്ടില്ലെന്നുമാണ് താരം പറഞ്ഞത്. തന്റെ ഭാഷ തന്നെയായിരിക്കാം അതിനൊരു പ്രധാന തടസമായി കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എനിക്ക് ഇന്ന് വരെ മറ്റൊരു ഭാഷയിലേക്കും ഓഫര്‍ വന്നിട്ടില്ല. ഒരു ആക്ടര്‍ എന്ന നിലയില്‍ എനിക്ക് കംഫര്‍ട്ട് സോണില്‍ നില്‍ക്കാന്‍ താല്‍പര്യമില്ല. അതു കൊണ്ട് തന്നെ എനിക്ക് എന്റെ ചിത്രങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ഇഷ്ടമാണ്. പക്ഷെ എന്നിട്ടും മറ്റാെരു ഭാഷയില്‍ നിന്ന് ആരും തന്നെ തന്നെ വിളിച്ചിട്ടില്ല.

എന്നെ സംബന്ധിച്ച് ഭാഷ എന്നത് ഒരു പ്രശ്‌നം തന്നെയാണ്. ഒരു ഭാഷ പഠിക്കുക എന്നതിനപ്പുറം ആ ഭാഷ മനസിലാക്കി, അതിലൊരു കണ്‍ട്രോള്‍ ഉണ്ടാക്കിയെടുക്കുക എന്നത് വലിയ കാര്യമാണ്. വിജയ് സാര്‍ പറഞ്ഞത് പോലെ ഒരു നടനെന്ന നിലയില്‍ അത് നമുക്ക് വലിയ ഗുണം ചെയ്യും. അങ്ങനെ നോക്കിയാല്‍ ഞാനെന്റെ ഭാഷയില്‍ വളരെയധികം തൃപ്തനാണ്.

ഞാന്‍ ഉട്ത്താ പഞ്ചാബ് ചെയ്ത സമയത്ത്, എനിക്ക് പഞ്ചാബിയില്‍ വലിയ കണ്‍ട്രോള്‍ ഇല്ലായിരുന്നു. എനിക്ക് പഞ്ചാബി മനസിലാവും പക്ഷെ എനിക്ക് പെര്‍ഫക്ടായി അത് പറയാന്‍ പറ്റില്ലായിരുന്നു. അത് കൊണ്ട് തന്നെ സെറ്റില്‍ ഒരു പാട് കഷ്ടപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരു ഭാഷ പഠിക്കുക എന്നതിനപ്പുറം പൂര്‍ണമായി മനസിലാക്കുക എന്നതും പ്രധാനമാണ്. അതു കൊണ്ടായിരിക്കാം മറ്റു ഭാഷകളില്‍ നിന്നും ഓഫര്‍ വരാത്തത്,’ ഷാഹിദ് പറഞ്ഞു

വിജയ് ദേവരകൊണ്ട നായകനായ തെലുങ്ക് സൂപ്പര്‍ ഹിറ്റ് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ ഹിന്ദി റീമേക്കായ കബീര്‍ സിങിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ വന്നെങ്കിലും ഷാഹിദിന്റെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു. 2003 ല്‍ പുറത്തിറങ്ങിയ രാജീവ് മാതുറിന്റെ ഇഷ്‌ക് വിഷ്‌ക് എന്ന ചിത്രത്തിലൂടെയാണ് ഷാഹിദ് നായകനായി അരങ്ങേറ്റം കുറിക്കുന്നത്. ശേഷം ജബ് വി മെറ്റ്, കമീനേ, ബോംബെ ടോക്കീസ്, ഉട്ത്താ പഞ്ചാബ്, ഹൈദര്‍, പദ്മാവത്, ജെഴ്‌സി എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

Content Highlight: Shahid kapoor talk about his views on other language films

We use cookies to give you the best possible experience. Learn more