| Wednesday, 20th March 2024, 12:23 pm

പാന്‍ ഇന്ത്യനുമായി ഷാഹിദ് കപൂര്‍; ചിത്രം മലയാളത്തിലും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുരാതന ഇതിഹാസം ആധുനിക അത്ഭുതങ്ങളെ കണ്ടുമുട്ടുന്ന ആവേശകരമായ ഒരു യാത്രയിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോവാന്‍ തയ്യാറെടുക്കുകയാണ് പൂജ എന്റര്‍ടൈന്‍മെന്റ്.

മിഥ്യയും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അതിര്‍വരമ്പുകളെ ഇല്ലാതാക്കുന്ന ‘അശ്വത്ഥാമ ദി സാഗ കണ്ടിന്യൂസ്’ എന്ന ചിത്രത്തില്‍ യോദ്ധാവായ ‘അശ്വത്ഥാമ’യായി ഷാഹിദ് കപൂറാണ് വേഷമിടുന്നത്.

ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന ഈ പാന്‍ ഇന്ത്യന്‍ ചിത്രം സച്ചിന്‍ രവിയാണ് സംവിധാനം ചെയ്യുന്നത്. പൂജ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വാഷു ഭഗ്‌നാനി, ജാക്കി ഭഗ്‌നാനി, ദീപ്ഷിക ദേശ്മുഖ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

മഹാഭാരതത്തിലെ യോദ്ധാവായ അശ്വത്ഥാമാവിന്റെ ഇതിഹാസത്തിലൂടെ കടന്നുപോകുകയാണ് ഈ ചിത്രം. ദ്രുതഗതിയിലുള്ള സാങ്കേതിക മുന്നേറ്റങ്ങളും മാനവികതയുടെ കഴിവുകളും അടയാളപ്പെടുത്തുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ ആധുനികതയുടെ വെല്ലുവിളികളെയും ശക്തരായ എതിരാളികളെയും അഭിമുഖീകരിക്കുന്ന അശ്വത്ഥാമാവിനെയാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്.

‘ഞങ്ങള്‍ ഏറ്റെടുക്കുന്ന ഓരോ പ്രോജക്റ്റും വിനോദം മാത്രമല്ല, പ്രേക്ഷകരില്‍ ആഴത്തില്‍ പതിക്കുന്ന ഒരു അനുഭവം സൃഷ്ടിക്കുന്നതാണ്. അവരുടെ ഹൃദയത്തിലും മനസിലും ശാശ്വതമായ സ്വാധീനം ചെലുത്തുന്നു. ബഡേ മിയാന്‍ ചോട്ടെ മിയാന് ശേഷം ഒരു അപ്രതീക്ഷിത സിനിമ ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചു.

അപ്പോഴാണ് ഇത് ഞങ്ങളുടെ വഴി വന്നത്. നമുക്കെല്ലാവര്‍ക്കും അറിയാവുന്ന ഒരു കഥയെ ആധുനിക കാലത്ത് എത്തിക്കുകയാണ്. ഇതിഹാസത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്,’ നിര്‍മാതാവ് ജാക്കി ഭഗ്നാനി പറഞ്ഞു.

‘അനശ്വരത എന്നത് എനിക്ക് ഒരുപാട് വികാരങ്ങളും നാടകീയമായ രംഗങ്ങളും ഉണര്‍ത്തുന്ന കൗതുകകരമായ സങ്കല്‍പ്പമാണ്. മഹാഭാരതത്തിലെ അശ്വത്ഥാമാവ് ഇന്നും ജീവിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന അമര്‍ത്യജീവിയാണ്.

അദ്ദേഹത്തെ ഇന്നത്തെ കാലഘട്ടത്തിലേക്ക് കൊണ്ടുവരികയാണ്. ആയിരക്കണക്കിന് വര്‍ഷങ്ങളായി താന്‍ കണ്ട ഒരു ലോകത്തെ അദ്ദേഹം എങ്ങനെ കാണുന്നുവെന്ന് അന്വേഷിക്കുകയും ചെയ്യുക എന്നതായിരുന്നു എന്റെ ലക്ഷ്യം. ഒരു ഇതിഹാസ-സ്‌കെയില്‍ ആക്ഷന്‍ സിനിമയായി ആ കഥ അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ്,’ സംവിധായകന്‍ സച്ചിന്‍ രവി പറഞ്ഞു. പി.ആര്‍.ഒ.: ശബരി.

Content Highlight: Shahid Kapoor’s New Film Ashwatthama The Saga Continues

We use cookies to give you the best possible experience. Learn more