| Saturday, 8th July 2023, 6:07 pm

എന്റെ വീട്ടിലും ഫിസിക്കല്‍ അബ്യൂസ് നടന്നിട്ടുണ്ട്, ദേവദാസ് പാറുവിനെ അടിച്ചിട്ടില്ലേ; കബീര്‍ സിങ്ങിനെതിരായ വിമര്‍ശനത്തില്‍ ഷാഹിദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കബീര്‍ സിങ്ങിനെതിരായ വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി ഷാഹിദ് കപൂര്‍. കബീര്‍ സിങ്ങിനെ പോലെയുള്ള ആളുകള്‍ സമൂഹത്തിലുണ്ടെന്നും അത്തരമൊരു ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നതെന്നും ഷാഹിദ് പറഞ്ഞു. കബീര്‍ പെര്‍ഫെക്റ്റാണെന്ന് സിനിമയില്‍ എവിടെയും പറയുന്നില്ലെന്നും അയാളെ ഒരു പ്രശ്‌നക്കാരനായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഷാഹിദ് പറഞ്ഞു.

‘ചെറുപ്പത്തില്‍ ഫിസിക്കല്‍ അബ്യൂസ് ഞാന്‍ എന്റെ വീട്ടില്‍ കണ്ടിട്ടുണ്ട്. വിമര്‍ശനങ്ങള്‍ എന്താണെന്ന് മനസിലായി. എന്നാല്‍ കബീര്‍ സിങ് ഒരു സാധാരണ പെണ്‍കുട്ടിയും വളരെ കഴിവുള്ള, മിടുക്കനായ, അക്രമാസക്തനായ, അസ്വസ്ഥനായിരിക്കുന്ന ഒരു ചെറുപ്പക്കാരനും തമ്മിലുള്ള പ്രണയമാണ് പറയുന്നത്. അവര്‍ക്കിടയില്‍ നടന്നത് നിത്യജീവിതത്തില്‍ സംഭവിക്കുന്നതാണ്.

പ്രണയിക്കുമ്പോള്‍ നമുക്കെല്ലാം തെറ്റ് പറ്റാറില്ലേ. നമ്മളെല്ലാം പെര്‍ഫെക്റ്റായ മനുഷ്യരാണോ? എല്ലാവരും ഒരു സെക്കന്‍ഡ് ചാന്‍സ് അര്‍ഹിക്കുന്നുണ്ട്. ഇയാള്‍ പെര്‍ഫെക്റ്റാണ്, ഇയാള്‍ ചെയ്യുന്നതെല്ലാം ശരിയാണെന്ന് ആരെ പറ്റിയെങ്കിലും നമ്മള്‍ പറയാറുണ്ടോ? പ്രൊമോ കാണുമ്പോള്‍ തന്നെ മനസിലാവും, കബീര്‍ അസ്വസ്ഥനാണ്, പ്രശ്‌നക്കാരനാണ്, ആങ്കര്‍ മാനേജ്‌മെന്റ് ഇഷ്യൂസ് ഉണ്ട്, സമൂഹം അയാളെ സ്വീകരിക്കില്ല, അയാള്‍ വിനാശകാരിയാണ്.

സിനിമയുടെ തുടക്കത്തില്‍ തന്നെ ഈ സിനിമ അങ്ങനെയൊരു കഥാപാത്രത്തെ പറ്റിയാണ് പറയുന്നതെന്ന് സ്ഥാപിക്കുന്നുണ്ട്. അയാള്‍ പെര്‍ഫെക്റ്റാണെന്നോ അയാളെ പോലെയാവണമെന്നോ എവിടെയും പറയുന്നില്ല. എന്നാല്‍ ചിലര്‍ ഇതിലെ തെറ്റും ശരിയും നോക്കാന്‍ തുടങ്ങി. എന്നാല്‍ ജീവിതത്തില്‍ പല പ്രശ്‌നങ്ങളും വരാം. ദേവദാസ് പാറുവിനെ അടിച്ചിട്ടില്ലേ. ആ സിനിമയെ എല്ലാവരും ക്ലാസിക്കായി വാഴ്ത്തുന്നു. അതെന്തുകൊണ്ടാണ്,’ ഷാഹിദ് കപൂര്‍ പറഞ്ഞു.

ടോക്‌സിക് മസ്‌കുലിനിറ്റിയേയും ടോക്‌സിക് പ്രണയത്തേയും മഹത്വവല്‍ക്കരിക്കുന്നുവെന്നതായിരുന്നു കബീര്‍ സിങ്ങിനെതിരായി ഉയര്‍ന്ന പ്രധാന വിമര്‍ശനം. നടി പാര്‍വതി തിരുവോത്ത് ഉള്‍പ്പെടെയുള്ളവര്‍ ചിത്രത്തിനെതിരെ ഉയര്‍ത്തിയ വിമര്‍ശനം ശ്രദ്ധ നേടിയിരുന്നു.

Content Highlight: Shahid Kapoor reacts to criticism of ‘Kabir Singh’

We use cookies to give you the best possible experience. Learn more