കറാച്ചി: ട്വന്റി20 ലോക ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിനെതിരേ ലോര്‍ഡ്‌സില്‍ നടക്കാനിരിക്കുന്ന പ്രദര്‍ശന മല്‍സരത്തിനുള്ള ഐ.സി.സിയുടെ ലോക ഇലവന്‍ ടീമില്‍ നിന്നും പാകിസ്താന്‍ മുന്‍ സൂപ്പര്‍ താരം ഷാഹിദ് അഫ്രീഡി പിന്‍മാറി. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്നാണ് പിന്മാറ്റം. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
കാല്‍മുട്ടിലെ പരിക്ക് പൂര്‍ണമായും ഭേദമായിട്ടില്ല. ദുബായിലെ ഡോക്ടറെ ഉടന്‍ കാണും. പൂര്‍ണ ഫിറ്റ്നസ് വീണ്ടെടുക്കാന്‍ മൂന്നു മുതല്‍ നാലാഴ്ച വരെയെങ്കിലും വേണ്ടിവരും. എല്ലാവരും തനിക്കായി പ്രാര്‍ഥിക്കണമെന്നും അഫ്രീഡി ട്വിറ്ററില്‍ കുറിച്ചു. 38 കാരനായ അഫ്രീഡിയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് കൂടിയായിരുന്നു വിന്‍ഡീസിനെതിരായ പ്രദര്‍ശന മല്‍സരം.
അഫ്രീഡിയെക്കൂടാതെ നാട്ടുകാരായ ശുഐബ് മാലിക്കാണ് ലോക ഇലവന്‍ ടീമിലുണ്ടായിരുന്ന മറ്റൊരു പാക് താരം. ഇംഗ്ലണ്ടിന്റെ നിശ്ചിത ഓവര്‍ ടീമിന്റെ നായകനായ ഇയോന്‍ മോര്‍ഗന്‍ നയിക്കുന്ന ടീമില്‍ ഇന്ത്യയില്‍ നിന്ന് രണ്ട് താരങ്ങളാണ് ഇടം പിടിച്ചിട്ടുണ്ട്. ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ, വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക് എന്നിവരാണ് ലോക ഇലവനിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍.
കഴിഞ്ഞ വര്‍ഷമുണ്ടായ ചുഴലിക്കാറ്റിനെ തുടര്‍ന്നു നാശനഷ്ടങ്ങള്‍ സംഭവിച്ച വെസ്റ്റ് ഇന്‍ഡീസിലെ സ്റ്റേഡിയങ്ങളുടെ പുനര്‍നിര്‍മാണത്തിനായി ഫണ്ട് ശേഖരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രദര്‍ശനം മല്‍സരം സംഘടിപ്പിച്ചിരിക്കുന്നത്. ലോക ഇലവനും വിന്‍ഡീസ് ടീമും തമ്മിലുള്ള ഈ സൗഹൃദ മല്‍സരത്തിന് ഐ.സി.സി ഒഫീഷ്യല്‍ അംഗീകാരവും നല്‍കിയിട്ടുണ്ട്. മെയ് 31ന് ലോര്‍ഡ്സിലാണ് മല്‍സരം.