| Friday, 12th July 2024, 10:23 am

കോഹ്‌ലി പാകിസ്ഥാനിലെത്തിയാല്‍ ഇന്ത്യയില്‍ നിന്ന് ലഭിച്ച സ്‌നേഹമെല്ലാം മറന്നുപോകും, വിരാടെന്നാല്‍ അത്രത്തോളം... ഷാഹിദ് അഫ്രിദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ ടീം ആതിഥേയ രാജ്യമായ പാകിസ്ഥാനില്‍ പര്യടനം നടത്തില്ല എന്ന് ബി.സി.സി.ഐ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ദുബായ്, ശ്രീലങ്ക പോലുള്ള ന്യൂട്രല്‍ വേദികളില്‍ ഇന്ത്യയുടെ മത്സരം നടത്തണെന്നാണ് ബി.സി.സി.ഐ ഐ.സി.സിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

രാഷ്ട്രീയ – നയതന്ത്ര കാരണങ്ങളാല്‍ ഇന്ത്യ പാകിസ്ഥാനിലെത്തി പരമ്പര കളിക്കാറില്ല. ഇരു ടീമുകളും ബൈലാറ്ററല്‍ പരമ്പരകളിലും ഏറ്റുമുട്ടിയിട്ടില്ല. ഐ.സി.സി ഇവന്റുകളില്‍ മാത്രമാണ് ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരാറുള്ളത്.

വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പാകിസ്ഥാനിലെത്തി കളിക്കണമെന്ന് പറയുകയാണ് മുന്‍ പാകിസ്ഥാന്‍ നായകന്‍ ഷാഹിദ് അഫ്രിദി. വിരാട് അടക്കമുള്ളവര്‍ ഇവിടെയെത്തണെന്നും ഇന്ത്യന്‍ താരങ്ങള്‍ക്ക് പാകിസ്ഥാനില്‍ നിരവധി ആരാധകരുണ്ടെന്നും അഫ്രിദി പറഞ്ഞു.

ന്യൂസ് 24 യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അഫ്രിദി ഇക്കാര്യം പറഞ്ഞത്.

‘ഞാന്‍ ഇന്ത്യന്‍ ടീമിനെ ഇവിടേക്ക് (പാകിസ്ഥാനിലേക്ക്) ക്ഷണിക്കുകയാണ്. അവര്‍ ഇവിടെ വരണം. ഞങ്ങള്‍ ഇന്ത്യയില്‍ പര്യടനം നടത്തമ്പോള്‍ ഞങ്ങള്‍ക്ക് നിറഞ്ഞ സ്‌നേഹം അവിടെ നിന്നും ലഭിച്ചിട്ടുണ്ട്. ഇതുപോലെ തന്നെ ഇന്ത്യന്‍ ടീം 2005ല്‍ പാകിസ്ഥാനില്‍ പര്യടനം നടത്തിയപ്പോള്‍ പാകിസ്ഥാനില്‍ നിന്നും അവര്‍ക്ക് സ്‌നേഹവും ബഹുമാനവും ലഭിച്ചിട്ടുണ്ട്.

ക്രിക്കറ്റ് പര്യടനങ്ങള്‍ രാഷ്ട്രീയത്തില്‍ നിന്നും അതീതമായിരിക്കണം. ഇന്ത്യയും പാകിസ്ഥാനും പരസ്പരം അവരുടെ രാജ്യങ്ങളില്‍ ചെന്ന് ക്രിക്കറ്റ് കളിക്കുന്നതിനേക്കാള്‍ വലിയ ഒരു രാഷ്ട്രീയ പ്രഖ്യാപനം ഇല്ല.

വിരാട് പാകിസ്ഥാനിലെത്തി കളിക്കുകയാണെങ്കില്‍ ഇന്ത്യക്കാര്‍ അദ്ദേഹത്തിന് നല്‍കിയ സ്‌നേഹവും പരിഗണനയുമെല്ലാം മറക്കുമെന്നുറപ്പാണ്. കാരണം പാകിസ്ഥാനില്‍ വിരാട് എന്നത് ഭ്രാന്തമായ ഒരു വികാരമാണ്. ഞങ്ങള്‍ അദ്ദേഹത്തെ ഏറെ ഇഷ്ടപ്പെടുന്നു,’ അഫ്രിദി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഏഷ്യാ കപ്പിന്റെ മാതൃകയില്‍ ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ ഹൈബ്രിഡ് മാതൃകയില്‍ നടത്തണമെന്നാണ് ബി.സി.സി.ഐ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പാകിസ്ഥാനിലെത്തി കളിക്കില്ല എന്ന ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനത്തിന് പിന്നാലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ലാഹോറില്‍ മാത്രം നടത്താമെന്ന നിര്‍ദേശം പാക് ക്രിക്കറ്റ് ബോര്‍ഡ് മുന്നോട്ടുവെച്ചിരുന്നു. സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തിയായിരുന്നു പി.സി.ബി ഇത്തരമൊരു നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഇതിനോടും ബി.സി.സി.ഐ അനുകൂല നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്.

അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ചാമ്പ്യന്‍സ് ട്രോഫി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഫെബ്രുവരി 19മുതല്‍ മാര്‍ച്ച് ഒമ്പത് വരെ നടക്കുന്ന ടൂര്‍ണമെന്റിന്റെ മത്സരക്രമം പാക് ക്രിക്കറ്റ് ബോര്‍ഡ് ഐ.സി.സിക്ക് കൈമാറിയിരുന്നു. ഇതനുസരിച്ച് മാര്‍ച്ച് ഒന്നിന് ലാഹോറിലാണ് ഇന്ത്യ – പാകിസ്ഥാന്‍ മത്സരം നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.

ആതിഥേയരും 2023 ലോകകപ്പ് പോയിന്റ് ടേബിളിലെ ആദ്യ ഏഴ് സ്ഥാനക്കാരുമാണ് ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന് യോഗ്യത നേടിയിരിക്കുന്നത്. രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകള്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമി ഫൈനലിന് യോഗ്യത നേടും.

ഗ്രൂപ്പ് എ: ബംഗ്ലാഗേശ്, ഇന്ത്യ, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍ (ആതിഥേയര്‍).

ഗ്രൂപ്പ് ബി: അഫ്ഗാനിസ്ഥാന്‍, ഓസ്ട്രലിയ, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക.

മാര്‍ച്ച് അഞ്ചിനും ആറിനുമാണ് സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കുക. ആദ്യ സെമി ഫൈനല്‍ കറാച്ചി നാഷണല്‍ സ്റ്റേഡിയത്തിലും രണ്ടാം സെമി ഫൈനല്‍ റാവല്‍പിണ്ടി ക്രിക്കറ്റ് ഗ്രൗണ്ടിലുമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

മാര്‍ച്ച് ഒമ്പതിനാണ് ഫൈനല്‍. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയമാണ് വേദി.

Also Read: ഈ 46 കാരന്‍ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുകയാണ്; ബോള്‍ എറിയാതെ നേടിയത് ഇതിഹാസനേട്ടം!

Also Read: വിന്‍ഡീസിനെതിരെ കൊടുങ്കാറ്റായി ഇംഗ്ലണ്ട്; ലോര്‍ഡ്‌സില്‍ പിറന്നത് അഞ്ച് അര്‍ധ സെഞ്ച്വറി!

Also Read: ഈ ടൂര്‍ണമെന്റ് എന്നെ ബുദ്ധിമുട്ടിച്ചു, ഫൈനലില്‍ എത്തിയതില്‍ സന്തോഷം; നിര്‍ണായക പ്രസ്താവനയുമായി മെസി

Content highlight: Shahid Afridi wants India to come to Pakistan and play the Champions Trophy

We use cookies to give you the best possible experience. Learn more