| Monday, 2nd September 2024, 9:42 pm

ക്രിക്കറ്റിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട താരം അവനാണ്: ഷാഹിദ് അഫ്രീദി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദി. ക്രിക്കറ്റിലെ തന്റെ പ്രിയപ്പെട്ട താരം കോഹ്‌ലി ആണെന്നാണ് ഷാഹിദ് പറഞ്ഞത്. ന്യൂസ് 24 സ്‌പോര്‍ട്‌സിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ പാക് താരം.

‘വിരാട് കോഹ്‌ലി എന്റെ ഏറ്റവും പ്രിയപ്പെട്ട താരമാണ്. അദ്ദേഹം ക്രിക്കറ്റില്‍ വളരെ ഉയര്‍ന്ന തലത്തില്‍ നില്‍ക്കുന്ന ആളാണ്. കോഹ്‌ലി ഒരു മാച്ച് വിന്നറാണ്,’ ഷാഹിദ് അഫ്രീദി പറഞ്ഞു.

ഇന്ത്യക്കായി ഐതിഹാസികമായ ഒരു കരിയറാണ് വിരാട് പടുത്തുയര്‍ത്തിയത്. ഇതിനോടകം തന്നെ വിരാട് 295 ടെസ്റ്റ് മത്സരങ്ങളില്‍ 283 ഇന്നിങ്സുകളില്‍ നിന്നും 13906 റണ്‍സാണ് നേടിയത്. 50 സെഞ്ച്വറികളും 72 അര്‍ധസെഞ്ച്വറികളുമാണ് വിരാടിന്റെ അക്കൗണ്ടിലുള്ളത്.

ഏകദിനത്തില്‍ 113 മത്സരങ്ങളില്‍ 191 ഇന്നിങ്സുകളില്‍ നിന്നും 8848 റണ്‍സും കോഹ്‌ലി നേടി. റെഡ് ബോള്‍ ക്രിക്കറ്റില്‍ 29 തവണ വിരാട് 100 കടന്നപ്പോള്‍ 30 തവണ ഫിഫ്റ്റിയും സ്വന്തമാക്കി. കുട്ടി ക്രിക്കറ്റില്‍ 125 മത്സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും 38 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 4188 റണ്‍സാണ് കോഹ്‌ലി നേടിയത്.

അടുത്തിടെ അവസാനിച്ച ശ്രീലങ്കക്കെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയില്‍ അത്ര മികച്ച പ്രകടനം നടത്താന്‍ വിരാടിന് സാധിച്ചിരുന്നില്ല. ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ പിന്നീട് നടന്ന രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് ശ്രീലങ്ക പരമ്പര സ്വന്തമാക്കുകയായിരുന്നു.

ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ്. ഇത് കഴിഞ്ഞാല്‍ ന്യൂസിലാന്‍ഡിനെതിരെയും ഓസ്ട്രേലിയക്കെതിരെയുമാണ് ഇന്ത്യ കളിക്കുക. ഇതില്‍ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്നത് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്കാണ്.

നവംബര്‍ 22 മുതല്‍ ജനുവരി ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ വെച്ച് കളിക്കുക.

ഓസ്ട്രേലിയക്കെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച ബാറ്റിങ് റെക്കോഡാണ് കോഹ്‌ലിക്കുള്ളത്. 25 റെഡ് ബോള്‍ മത്സരങ്ങളില്‍ ഓസ്ട്രേലിയക്കെതിരെ ബാറ്റടുത്ത വിരാട് 2042 റണ്‍സാണ് നേടിയിട്ടുള്ളത്. കങ്കാരുപ്പടക്കെതിരെ ടെസ്റ്റില്‍ 47.49 ആവറേജിലാണ് താരം ബാറ്റ് വീശിയത്.

ടെസ്റ്റ് ക്രിക്കറ്റില്‍ വിരാട് ഒരു ടീമിനെതിരെ നേടുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സാണിത്. താരത്തിന്റെ ഈ മിന്നും പ്രകടനം ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലും ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Content Highlight: Shahid Afridi Talks About Virat Kohli

We use cookies to give you the best possible experience. Learn more