ടി-20 ലോകകപ്പ് ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ ലോകകിരീടം സ്വന്തമാക്കിയിരിക്കുകയാണ്. 2007ല്‍ ധോണിക്ക് ശേഷം നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രോഹിത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ ലോകകപ്പ് നേടുന്നത്. കീരീടം നേടിയ ശേഷം ഇന്ത്യയുടെ വിജയത്തിന് നിര്‍ണായകമായ സംഭാവന നല്‍കിയ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കലും പ്രഖ്യാപിച്ചിരുന്നു.
ഇനി ഇന്ത്യയ്ക്ക് നേരിടാനുള്ളത് 2025ല്‍ പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയാണ്. എന്നാല്‍ ഇന്ത്യന്‍ ടീം പാകിസ്ഥാനില്‍ പോവില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ തീര്‍ച്ചപ്പെടുത്തുന്നത്. പല മുന്‍ പാക് താരങ്ങളും ഇന്ത്യ പാകിസ്ഥാനില്‍ കളിക്കുമെന്ന് പ്രതീക്ഷിക്കുകയാണ്. ഈ വിഷയങ്ങളെല്ലാം നിലനില്‍ക്കെ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയെക്കുറിച്ച് സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി.
‘ടി-20യില്‍ നിന്ന് വിരാട് വിരമിച്ചത് തീര്‍ച്ചയായും ഒരു നഷ്ടമാണ്. അവന്‍ ഗെയ്മിന് ഒരു പ്രത്യേക ആകര്‍ഷണം നല്‍കുന്നുണ്ട്. മികച്ച ഫിറ്റും ഫോമും ഉണ്ടായിരുന്നിട്ടും പിന്മാറാനുള്ള അദ്ദേഹത്തിന്റെ തീരുമാനം അമ്പരപ്പിക്കുന്നതാണ്. അവന്റെ പരിചയസമ്പന്നതയും മാര്‍ഗനിര്‍ദേശവും വളര്‍ന്നുവരുന്ന താരങ്ങള്‍ക്ക് വളരെയധികം പ്രയോജനം ചെയ്യും. തന്റെ ക്രിക്കറ്റ് പരിജ്ഞാനം ഉപദേശിക്കുന്നതിനും പകര്‍ന്നു നല്‍കാനും ഉള്ള വിരാടിന്റെ കഴിവ് സമാനതകള്‍ ഇല്ലാത്തതാണ്. അദ്ദേഹത്തിന്റെ തുടര്‍ച്ചയായ ഇടപെടലുകള്‍ ടീമിന് മികച്ച വിജയം നല്‍കുമായിരുന്നു,’ ഷാഹിദ് അഫ്രീദി പറഞ്ഞു.
ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കേണ്ടെന്ന് അപെക്സ് ബോര്‍ഡ് തീരുമാനിച്ചതായാണ് വിവരം. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രശങ്ങളാണ് ഇത്തരത്തിലൊരു തീരുമാനത്തില്‍ ബോഡിനെ എത്തിച്ചത്. ദുബായ്, ശ്രീലങ്ക പോലുള്ള ന്യൂട്രല്‍ വേദികളില്‍ ഇന്ത്യയുടെ മത്സരം നടത്തണമെന്ന് ഐ.സി.സിയോട് ബി.സി.സി.ഐ ആവശ്യപ്പെട്ടെതായി വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ഏഷ്യാ കപ്പിലും ഇന്ത്യ സമാന നിലപാടാണ് സ്വീകരിച്ചത്.
Content Highlight: Shahid Afridi Talking About Virat Kohli