പാകിസ്ഥാന് പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ചരിത്ര വിജയം സ്വന്തമാക്കി ബംഗ്ലാദേശ് കടുവകള്‍. റാവല്‍പിണ്ടിയില്‍ നടന്ന മത്സരത്തില്‍ 10 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് കടുവകള്‍ സ്വന്തമാക്കിയത്. പാകിസ്ഥാന്റെ മണ്ണില്‍ ആദ്യമായാണ് ബംഗ്ലാദേശ് ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്.
പാകിസ്ഥാന്റെ വമ്പന്‍ തോല്‍വിയെ തുടര്‍ന്ന് മുന്‍ ക്യാപ്റ്റനും മികച്ച സ്പിന്നറുമായ ഷാഹിദ് അഫ്രീദി രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ്. പിച്ച് തെരഞ്ഞടുത്തതിലും ഏക സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ അബ്രാര്‍ അഹമ്മദിനെ ഒഴിവാക്കി നാല് പേസ് ബൗളര്‍മാരെ ഉള്‍പ്പെടുത്തിയതും ചോദ്യം ചെയ്താണ് മുന്‍ താരം രംഗത്ത് വന്നത്. മാത്രമല്ല ഹോം കണ്ടീഷനെക്കുറിച്ച് ഒരു ധാരണയും ടീമിന് ഉണ്ടായില്ലെന്ന് അഫ്രീദി കുറ്റപ്പെടുത്തി. തന്റെ എക്‌സ് അക്കൗണ്ടിലാണ് താരം പ്രതികരിച്ചത്.
’10 വിക്കറ്റിന്റെ തോല്‍വിയും, ഇത്തരത്തിലുള്ള പിച്ചില്‍ നാല് ഫാസ്റ്റ് ബൗളര്‍മാരെ തെരഞ്ഞെടുത്തതും ഒരു സ്പെഷ്യലിസ്റ്റ് സ്പിന്നറെ ഒഴിവാക്കാനുമുള്ള തീരുമാനവും ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഹോം സാഹചര്യങ്ങളെക്കുറിച്ചുള്ള അവബോധമില്ലായ്മയാണ് ഇതെന്ന് വ്യക്തമാണ്. ബംഗ്ലാദേശ് ടെസ്റ്റിലുടനീളം നന്നായി കളിച്ചു, ക്രെഡിറ്റ് നിങ്ങള്‍ക്ക് ബംഗ്ലാദേശില്‍ നിന്ന് എടുത്തുകളയാന്‍ കഴിയില്ല,’അഫ്രീദി എക്സില്‍ കുറിച്ചു.
ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ പാകിസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 448 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് ബാറ്റ് ചെയ്ത ബംഗ്ലാദേശ് 565 റണ്‍സാണ് ഉയര്‍ത്തിയത്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് വമ്പന്‍ തിരിച്ചടിയാണ് ബംഗ്ലാദേശ് ബൗളര്‍മാര്‍ നല്‍കിയത്.
വെറും 146 റണ്‍സിനാണ് പാകിസ്ഥാനെ ബംഗ്ലാ ബൗളര്‍മാര്‍ തറ പറ്റിച്ചത്. മെഹ്ദി ഹസന്റെ തകര്‍പ്പന്‍ സ്പിന്നില്‍ നാല് വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടപ്പെട്ടത്. ഷൊരീഫുള്‍ ഇസ്‌ലാം, ഹസന്‍ മുഹമ്മദ്, നാഹിദ് റാണ എന്നിവര്‍ ഓരോ വിക്കറ്റും നേടി. ഷാക്കിബ് അല്‍ ഹസന്‍ മൂന്ന് നിര്‍ണായക വിക്കറ്റുകളും നേടി.
Content Highlight: Shahid Afridi Talking About Pakistan Big Lose Against Bangladesh