ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമാധാനം നിലനിര്‍ത്താന്‍ ഇതിനേക്കാള്‍ വലിയ മാര്‍ഗമില്ല; ഷാഹിദ് അഫ്രീദി
Sports News
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമാധാനം നിലനിര്‍ത്താന്‍ ഇതിനേക്കാള്‍ വലിയ മാര്‍ഗമില്ല; ഷാഹിദ് അഫ്രീദി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 12th July 2024, 8:34 pm

അടുത്ത വര്‍ഷം പാകിസ്ഥാനില്‍ നടക്കുന്ന ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക് യാത്ര ചെയ്യില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ടീമിനെ പാകിസ്ഥാനിലേക്ക് അയക്കേണ്ടെന്ന് അപെക്‌സ് ബോര്‍ഡ് തീരുമാനിച്ചതായാണ് വിവരം.

ദുബായ്, ശ്രീലങ്ക പോലുള്ള ന്യൂട്രല്‍ വേദികളില്‍ ഇന്ത്യയുടെ മത്സരം നടത്തണമെന്ന് ഐ.സി.സിയോട് ബി.സി.സി.ഐ ആവശ്യപ്പെട്ടെതായി വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ഏഷ്യാ കപ്പിലും ഇന്ത്യ സമാന നിലപാടാണ് സ്വീകരിച്ചത്.

വിരാട് കോഹ്‌ലി ലോകത്തെ ഒട്ടനവധി ഗ്രൗണ്ടില്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ പാക്കിസ്ഥാനില്‍ മാത്രം കളിച്ചിട്ടില്ല. ഇപ്പോള്‍ 2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനില്‍ വിരാട് എത്തിയാല്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹവും ആദരവും ലഭിക്കുമെന്നാണ് മുന്‍ പാക് താരം ഷാഹിദ് അഫ്രീദി പറയുന്നത്. മാത്രമല്ല ഇരുരാജ്യങ്ങളും തമ്മില്‍ സമാധാനമുണ്ടാക്കാന്‍ ഇതിലും വലിയ ഒരു മാര്‍ഗം ഇല്ലെന്നാണ് താരം അഭിപ്രായപ്പെട്ടത്.

‘ഇന്ത്യന്‍ ടീമിന്റെ വരവിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു, പാകിസ്ഥാന്‍ ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോള്‍ ഞങ്ങളോട് അവര്‍ വലിയ ബഹുമാനവും സ്‌നേഹവും കാണിച്ചു. 2005, 2006 എന്നീ വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ടീം പാകിസ്ഥാനില്‍ വന്നപ്പോള്‍ അതുപോലെ തന്നെ അവര്‍ ആസ്വദിച്ചിരുന്നു. ഇന്ത്യക്കും പാകിസ്ഥാനും ഇടയില്‍ സമാധാനം വളര്‍ത്തുന്നതിന് ഇരു രാജ്യങ്ങളും പരസ്പരം ടീമുകള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതിനേക്കാള്‍ മികച്ച മാര്‍ഗം വേറെയില്ല. വിരാട് കോഹ്‌ലി പാകിസ്ഥാന്‍ സന്ദര്‍ശിക്കുകയാണെങ്കില്‍ തനിക്ക് ലഭിക്കുന്ന സ്‌നേഹവും ആദിത്യ മര്യാദയും കണ്ട് അദ്ദേഹം മതി മറന്നു പോകും. അത്രയും ആരാധകര്‍ അവന് ഇവിടെയുണ്ട്,’ അഫ്രീദി പറഞ്ഞു.

ഏഷ്യാ കപ്പിന്റെ മാതൃകയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ഹൈബ്രിഡ് മാതൃകയില്‍ നടത്തണമെന്നാണ് ബി.സി.സി.ഐ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പാകിസ്ഥാനിലെത്തി കളിക്കില്ല എന്ന ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനത്തിന് പിന്നാലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ലാഹോറില്‍ മാത്രം നടത്താമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു.

സുരക്ഷ കാരണങ്ങള്‍ മുന്‍ നിര്‍ത്തിയായിരുന്നു പാക് ക്രിക്കറ്റ് ബോര്‍ഡ് ഇത്തരമൊരു നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഇതിനോടും ബി.സി.സി.ഐ അനുകൂല നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ചാമ്പ്യന്‍സ് ട്രോഫി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ഒമ്പത് വരെ നടക്കുന്ന ടൂര്‍ണമെന്റിന്റെ മത്സരക്രമം പാക് ക്രിക്കറ്റ് ബോര്‍ഡ് ഐ.സി.സിക്ക് കൈമാറിയിരുന്നു.

 

Content Highlight: Shahid Afridi Talking About Indian Team And Virat Kohli