2025ല്‍ പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ഹൈബ്രിഡ് മാതൃകയില്‍ നടത്താനാണ് തീരുമാനിച്ചത്.. 2027 വരെയുള്ള ഐ.സി.സി ഇവന്റുകളില്‍ ഹൈബ്രിഡ് മാതൃകയിലാകും ഇന്ത്യയും പാകിസ്ഥാനും പരസ്പരം പങ്കെടുക്കുക. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ ഹൈബ്രിഡ് രീതിയില്‍ ദുബായില്‍ കളിക്കാനാണ് ഇന്ത്യയുടെ തീരുമാനം.
ചാമ്പ്യന്‍സ് ട്രോഫിയെക്കുറിച്ചുള്ള ചൂടു പിടിച്ച കര്‍ച്ചകളില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നട് മുന്‍ പാക് ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി പറഞ്ഞ വാക്കുകളാണ്. ഇന്ത്യ തങ്ങളെ ബഹുമാനിക്കുന്നില്ലെങ്കില്‍ പാകിസ്ഥാന്‍ തിരിച്ചും ബഹുമാനിക്കേണ്ട എന്നാണ് അഫ്രീദി പറഞ്ഞത്. പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ ശക്തമായ തീരുമാനത്തെ പിന്തുണച്ച അഫ്രീദി പാകിസ്ഥാന്‍ ഇന്ത്യയില്‍ ഇനി ഒരു ഇവന്റിനും കളിക്കേണ്ട ആവശ്യമില്ലെന്നും മുന്‍ താരം പറഞ്ഞു.
‘പാകിസ്ഥാനെ ഇന്ത്യയില്‍ കളിക്കാന്‍ അയക്കേണ്ട ആവശ്യമില്ല. പാകിസ്ഥാന്‍ ക്രിക്കറ്റ് സ്വന്തം താത്പര്യമനുസരിച്ചെടുത്ത ശരിയായ തീരുമാനമാണിത്, ടീം ഉചിതമായ തീരുമാനത്തോടെ ശക്തമായി തന്നെ മുന്നോട്ടുപോകണം. ഇന്ത്യക്ക് പാകിസ്ഥാനില്‍ വന്ന് കളിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഇന്ത്യയില്‍ പോയി ഒരു ഇവന്റും കളിക്കേണ്ട ആവശ്യമില്ല,’ ഷാഹിദ് അഫ്രീദി പറഞ്ഞു.
സുരക്ഷ പ്രശ്‌നങ്ങളും രാഷ്ട്രീയ കാരണങ്ങളും ചൂണ്ടിക്കാട്ടി ഇന്ത്യ പാകിസ്ഥാനില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതോടെ ഇരു രാജ്യങ്ങളും വാക് പോരില്‍ ഏര്‍പ്പെടുകയും ടൂര്‍ണമെന്റിന്റെ കാര്യം അനിശ്ചിതത്തില്‍ ആവുകയും ചെയ്തിരുന്നു.
എന്നാല്‍ ഇന്ത്യയുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ പാകിസ്ഥാന്റെ ടൂര്‍ണമെന്റ് നടത്താനുള്ള അവകാശം എടുത്തുകളയുമെന്ന് ഐ.സി.സി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെ ഹൈബ്രിഡ് മാതൃകയില്‍ ആഗോള ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ പാകിസ്ഥാന്‍ സമ്മതിക്കുകയായിരുന്നു.
പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് 2031 വരെയുള്ള എല്ലാ ഐ.സി.സി ഇവന്റുകള്‍ക്കും ഒരു ഹൈബ്രിഡ് മോഡല്‍ വേണമെന്ന് ആഗ്രഹിച്ചിരുന്നു, എന്നാല്‍ ഐ.സി.സി 2027 വരെ മാത്രമാണ് സമ്മതിച്ചത്. ഈ കാലയളവില്‍ വനിതാ ഏകദിന ലോകകപ്പും (2025 ഒക്ടോബറില്‍) 2026ല്‍ ശ്രീലങ്കയ്‌ക്കൊപ്പം പുരുഷ ടി-20 ലോകകപ്പിനും ഇന്ത്യ ആതിഥേയത്വം വഹിക്കും. 2026ലെ പുരുഷ ടി-20 ലോകകപ്പില്‍ പാകിസ്ഥാന്‍ ശ്രീലങ്കയില്‍ എല്ലാ മത്സരങ്ങളും കളിക്കും.
Content Highlight: Shahid Afridi Talking About Indian Cricket Team