Advertisement
Cricket
വിരാടിന്റെ കളിയോടുള്ള ആറ്റിറ്റിയൂഡ്‌ ശരിയല്ല, അദ്ദേഹം എല്ലാം നേടി കഴിഞ്ഞോ? കോഹ്‌ലിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഷാഹിദ് അഫ്രീദി
സ്പോര്‍ട്സ് ഡെസ്‌ക്
2022 Jun 15, 06:13 pm
Wednesday, 15th June 2022, 11:43 pm

എക്കാലത്തേയും മികച്ച ക്രക്കറ്റര്‍മാരില്‍ ഒരാളാണ് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ക്രിക്കറ്റിലെ ഒട്ടനവധി റെക്കോഡുകള്‍ സ്വന്തം പേരില്‍ കുറിക്കാന്‍ കോഹ്‌ലിക്ക് ഇതിനോടകം സാധിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി തന്റെ കരിയറിലെ മോശം സമയത്തിലൂടയാണ് താരം കടന്നുപോകുന്നത്.

കോഹ്‌ലിയുടെ മോശം കാലഘട്ടത്തില്‍ ഒരുപാട് താരങ്ങള്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ താരത്തെ വിമര്‍ശിച്ചുകൊണ്ട് മുന്നോട്ടുവന്നിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ നായകന്‍ ഷാഹിദ് അഫ്രീദി.

മുന്‍ കാലങ്ങളില്‍ കോഹ്‌ലിക്ക് നമ്പര്‍ വണ്ണാകുനുള്ള ആഗ്രഹം എപ്പോഴുമുണ്ടായിരുന്നു എന്നാല്‍ ഇപ്പോള്‍ കോഹ്‌ലിയുടെ കളിയോടുള്ള മനോഭാവം മാറി എന്നാണ് അഫ്രീദി വിമര്‍ശിച്ചത്. ക്രിക്കറ്റില്‍ ഏറ്റവും അത്യാവശ്യം ആറ്റിറ്റിയൂടാണെന്നും അഫ്രീദി കൂട്ടിച്ചേര്‍ത്തു.

‘ക്രിക്കറ്റില്‍, മനോഭാവമാണ് ഏറ്റവും പ്രധാനം. അതിനെക്കുറിച്ചാണ് ഞാന്‍ ഏറ്റവും കൂടുതല്‍ സംസാരിക്കുന്നത്. നിങ്ങള്‍ക്ക് ക്രിക്കറ്റിനോട് ആറ്റിറ്റിയൂടുണ്ടോ ഇല്ലയോ? കോഹ്‌ലി തന്റെ കരിയറിന്റെ ആദ്യ ഘട്ടങ്ങളില്‍, ലോകത്തിലെ ഒന്നാം നമ്പര്‍ ബാറ്റര്‍ ആകാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും അതേ പ്രേരണയോടെയാണോ അദ്ദേഹം ക്രിക്കറ്റ് കളിക്കുകന്നത്? അതാണ് എന്റെ ചോദ്യം,’ അഫ്രീദി വിമര്‍ശിച്ചു

കരിയറില്‍ 70 സെഞ്ച്വറികള്‍ നേടിയ കോഹ്‌ലിക്ക് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഒരു സെഞ്ച്വറി പോലും നേടാന്‍ സാധിച്ചിട്ടില്ല.

അയാള്‍ക്ക് ഇപ്പോഴും ക്ലാസുണ്ട് എന്നാല്‍ എല്ലാം നേടിയെന്ന അഹങ്കാരമാണൊ ഇപ്പോള്‍ എന്നും അഫ്രീദി ചോദിച്ചു.

‘അവനു ക്ലാസുണ്ട്. പക്ഷെ അയാള്‍ക്ക് വീണ്ടും നമ്പര്‍ വണ്‍ ആകാന്‍ ആഗ്രഹമുണ്ടോ? അതോ ജീവിതത്തില്‍ എല്ലാം നേടിയെന്ന് അയാള്‍ കരുതുന്നുണ്ടോ? ഇപ്പോള്‍ വിശ്രമിച്ച് സമയം കളയണോ? ഇതെല്ലാം എത്തിപ്പെടുന്നത് മനോഭാവത്തെക്കുറിച്ചാണ്,’ അഫ്രീദി പറഞ്ഞു.

മോശം ഐ.പി.എല്‍ സീസണിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ബ്രേക്ക് എടുത്തിരിക്കുയാണ് കോഹ്‌ലിയിപ്പോള്‍. ദക്ഷിണാഫ്രിക്കക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിലാണ് താരം വിട്ടുനിന്നത്.

കഴിഞ്ഞ ഐ.പി.എല്ലില്‍ ആര്‍.സി.ബിക്കായി 22 ശരാശരിയില്‍ 341 റണ്ണാണ് താരം നേടിയത്. 115 എന്ന താരതമ്യേനെ കുറഞ്ഞ പ്രഹരശേഷിയിലാണ് കോഹ്‌ലി ബാറ്റ് വീശിയത്.

Content Highlights: Shahid Afridi slams Virat Kohli For his attitude towards the game