| Monday, 27th May 2024, 10:17 pm

അവനെയൊന്നും ഞാന്‍ ടീമിന്റെ ഏഴയലത്ത് അടുപ്പിക്കില്ല, എടുത്ത് പുറത്തിട്; സൂപ്പര്‍ താരത്തെ പുറത്താക്കാന്‍ വാളെടുത്ത് അഫ്രിദി

സ്പോര്‍ട്സ് ഡെസ്‌ക്

ദിവസങ്ങള്‍ക്ക് മുമ്പാണ് പാകിസ്ഥാന്‍ ലോകകപ്പിനുള്ള തങ്ങളുടെ സ്‌ക്വാഡ് പ്രഖ്യാപിച്ചത്. ബാബര്‍ അസമിനെ നായകനാക്കി 15 അംഗ സ്‌ക്വാഡാണ് പാകിസ്ഥാന്‍ പ്രഖ്യാപിച്ചത്. വൈസ് ക്യാപ്റ്റനെയും റിസര്‍വ് താരങ്ങളെയും പ്രഖ്യാപിക്കാതെയാണ് പാകിസ്ഥാന്‍ ലോകകപ്പ് സ്‌ക്വാഡ് പുറത്ത് വിട്ടത് എന്നതും ശ്രദ്ധേയമാണ്.

മുഹമ്മദ് റിസ്വാനൊപ്പം സൂപ്പര്‍ താരം അസം ഖാനെയാണ് വിക്കറ്റ് കീപ്പറായി പാകിസ്ഥാന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ താരം പാകിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനത്തിന്റെ ഭാഗമാണ്. ലോകകപ്പിന് മുമ്പുള്ള പാകിസ്ഥാന്റെ അവസാന പരമ്പരയാണിത്.

ഇപ്പോള്‍ അസം ഖാന്റെ ഇന്‍ക്ലൂഷനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ സൂപ്പര്‍ താരം ഷാഹിദ് അഫ്രിദി. അസം ഖാന്‍ ഒട്ടും ഫിറ്റല്ലെന്നും ഇത്തരം താരങ്ങളെ ലോകകപ്പ് ടീമിന്റെ ഭാഗമാക്കരുതെന്നാണ് അദ്ദേഹം പറഞ്ഞത്. സമാ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് അഫ്രിദി അസം ഖാനെതിരെ വിമര്‍ശനമുന്നയിച്ചത്.

‘ഫിറ്റ്‌നസാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. നിങ്ങള്‍ ഫിറ്റാണോ എന്നത് നിങ്ങളുടെ ശരീര ഭാഷയില്‍ പ്രതിഫലിക്കും. നിങ്ങള്‍ ചെയ്യുന്നത് ബാറ്റിങ്ങോ ബൗളിങ്ങോ ഫീല്‍ഡിങ്ങോ ആകട്ടെ ബോഡി ലാംഗ്വേജില്‍ നിന്ന് നിങ്ങള്‍ ഫിറ്റാണോ അല്ലയോ എന്ന് വ്യക്തമാകും.

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാനാകില്ല. ഫിറ്റ്നസിന്റെ കാര്യത്തില്‍ ഞാന്‍ ഒരിക്കലും അസം ഖാനെ ടീമിനടുത്ത് പോലും നില്‍ക്കാന്‍ അനുവദിക്കില്ല.

ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ പന്ത് വിക്കറ്റിന് പിന്നിലേക്കാണ് പോകുന്നത്. എന്നാല്‍ അവര്‍ വെസ്റ്റ് ഇന്‍ഡീസിലേക്ക് പോകുമ്പോള്‍, അവിടുത്തെ സ്ഥിതി അങ്ങനെയല്ല, പന്ത് താഴ്ന്നാകും എത്തുക. അവനെ അത് ബുദ്ധിമുട്ടിക്കില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

എന്നാല്‍ ഈ ഫിറ്റ്‌നസ് ഉപയോഗിച്ച് വെസ്റ്റ് ഇന്ത്യന്‍ സാഹചര്യങ്ങളില്‍ സ്പിന്നര്‍മാര്‍ക്കെതിരെ അദ്ദേഹം കീപ്പിങ് ചെയ്യുന്നതിനെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്, കാരണം അവിടെ പന്ത് താഴ്ന്നാണ് എത്തുക, അതുകൊണ്ട് അവനും അതിന് പാകപ്പെടേണ്ടി വരും,’ അഫ്രിദി പറഞ്ഞു.

ജൂണ്‍ ആറിനാണ് പാകിസ്ഥാന്‍ ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങുന്നത്. ഗ്രാന്‍ഡ് പ്രയറി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ആതിഥേയരായ യു.എസ്.എയാണ് എതിരാളികള്‍. ജൂണ്‍ ഒമ്പതിനാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ – പാകിസ്ഥാന്‍ മത്സരം.

ടി-20 ലോകകപ്പിനുള്ള പാകിസ്ഥാന്‍ സ്‌ക്വാഡ്

ബാബര്‍ അസം (ക്യാപ്റ്റന്‍), അബ്രാര്‍ അഹമ്മദ്, അസം ഖാന്‍, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്, ഇഫ്തിഖര്‍ അഹമ്മദ്, ഇമാദ് വസീം, മുഹമ്മദ് അബ്ബാസ് അഫ്രിദി, മുഹമ്മദ് ആമിര്‍, മുഹമ്മദ് റിസ്വാന്‍, നസീം ഷാ, സയിം അയ്യൂബ്, ഷദാബ് ഖാന്‍, ഷഹീന്‍ ഷാ അഫ്രിദി, ഇസ്മാന്‍ ഖാന്‍.

ലോകകപ്പില്‍ പാകിസ്ഥാന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍

ജൂണ്‍ 6 vs യു.എസ്.എ – ഗ്രാന്‍ഡ് പ്രയറി സ്റ്റേഡിയം.

ജൂണ്‍ 9 vs ഇന്ത്യ – ഈസ്റ്റ് മെഡോ.

ജൂണ്‍ 11 vs കാനഡ – ഈസ്റ്റ് മെഡോ.

ജൂണ്‍ 16 vs അയര്‍ലാന്‍ഡ് – സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജ്യണല്‍ പാര്‍ക്.

Content Highlight: Shahid Afridi slams Azam Khan for poor fitness

We use cookies to give you the best possible experience. Learn more