ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ കഴിഞ്ഞ ദിവസം നടന്ന എലിമിനേറ്റര്‍ മത്സരത്തില്‍ ഇന്ത്യ മഹാരാജാസിനെ തോല്‍പിച്ച് മുന്‍ പാക് നായകന്‍ ഷാഹിദ് അഫ്രിദി നയിച്ച ഏഷ്യ ലയണ്‍സ് വിജയം സ്വന്തമാക്കിയിരുന്നു. ശ്രീലങ്കന്‍ ഇതിഹാസ താരം ഉപുല്‍ തരംഗയുടെ തകര്‍പ്പന്‍ പ്രകടനമാണ് ലയണ്‍സിന്റെ വിജയത്തില്‍ നിര്‍ണായകമായത്.
31 പന്തില്‍ 50 റണ്‍സാണ് തരംഗ സ്വന്തമാക്കിയത്. തരംഗക്ക് പുറമെ 24 പന്തില്‍ നിന്നും 38 റണ്‍സ് നേടിയ മുഹമ്മദ് ഹഫീസും ലയണ്‍സ് നിരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് ലയണ്‍സ് സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 106 റണ്‍സിന് പുറത്താവുകയായിരുന്നു. ഈ വിജയത്തിന് പിന്നാലെ എല്‍.എല്‍.സിയുടെ ഫൈനലില്‍ പ്രവേശിക്കാനും ലയണ്‍സിനായി.
മത്സരശേഷം നടന്ന ഒരു സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്. ക്രിക്കറ്റ് പാകിസ്ഥാന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പങ്കുവെച്ച വീഡിയോ ആണ് ചര്‍ച്ചയാകുന്നത്.
ഒരു ആരാധകര്‍ ലയണ്‍സ് നായകന്‍ അഫ്രിദിയെ സമീപിച്ച് ഇന്ത്യന്‍ പതാകയില്‍ ഓട്ടോഗ്രാഫ് ആവശ്യപ്പെടുകയായിരുന്നു. ഇതുകണ്ട് ഏറെ സന്തോഷത്തോടെ താരം പതാക വാങ്ങുകയും അതില്‍ ഓട്ടോഗ്രാഫ് നല്‍കുകയുമായിരുന്നു.
അഫ്രിദിയുടെ പ്രവൃത്തിയില്‍ ആരാധകന്‍ ഏറെ സന്തോഷത്തോടെ നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.
നിരവധി ആളുകളാണ് താരത്തിന്റെ പ്രവൃത്തിയെ അഭിന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ പതാകയില്‍ ഓട്ടോഗ്രാഫ് നല്‍കാന്‍ പാടില്ലായിരുന്നു എന്ന് പറയുന്നവരും കുറവല്ല.
മത്സരത്തിലേക്ക് തിരിച്ചുവരുമ്പോള്‍, 85 റണ്‍സിനായിരുന്നു എലിമിനേറ്ററില്‍ ഇന്ത്യ മഹാരാജാസിന്റെ പരാജയം. ഇന്ത്യന്‍ നിരയില്‍ 17 പന്തില്‍ നിന്നും 32 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഗൗതം ഗംഭീറാണ് ടോപ് സ്‌കോറര്‍.
ഇന്ത്യ മഹാരാജാസിനെതിരായ വിജയത്തിന് പിന്നാലെ ഏഷ്യ ലയണ്‍സ് ഫൈനലില്‍ വേള്‍ഡ് ജയന്റ്‌സിനെ നേരിടും. തിങ്കളാഴ്ചയാണ് മത്സരം.
Content Highlight: Shahid Afridi signs autograph on Indian flag, video goes viral