പാകിസ്ഥാന്‍ ടീമിലെ നിലവിലെ സൂപ്പര്‍ പേസ് ബൗളറാണ് ഷഹീന്‍ അഫ്രിദി. ടീമിന്റെ യുവ താരങ്ങളില്‍ ഏറ്റവും വലിയ മാച്ച് വിന്നറും അദ്ദേഹം തന്നെയാണ്. എന്നാല്‍ ഷഹീന്റെ പരിക്ക് ചികിത്സിക്കാന്‍ പണം നല്‍കാന്‍ പി.സി.ബി തയ്യാറാകുന്നില്ല.
പാകിസ്ഥാന്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനും സൂപ്പര്‍ ഓള്‍റൗണ്ടറുമായിരുന്ന ഷാഹിദ് അഫ്രിദിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഷഹീന്‍ ഇംഗ്ലണ്ടില്‍ തനിയെ ടിക്കറ്റ് എടുക്കുകയും മറ്റു ചിലവുകള്‍ വഹിക്കുകയും ചെയ്യുകയായിരുന്നു എന്നാണ് അഫ്രിദി പറഞ്ഞത്.
‘ഷഹീന്‍ സ്വന്തമായാണ് ഇംഗ്ലണ്ടിലേക്ക് പോയി. അവന്‍ സ്വന്തമായി ടിക്കറ്റ് വാങ്ങി, ഹോട്ടലില്‍ താമസിക്കാന്‍ സ്വന്തം പണം ചെലവഴിച്ചു. ഞാനാണ് അവനുവേണ്ടി ഒരു ഡോക്ടറെ ഏര്‍പ്പാട് ചെയ്തു കൊടുത്തത്,’ അഫ്രിദി പറഞ്ഞു.
അവിടെ എത്തിയതിന് ശേഷം അദ്ദേഹം ഡോക്ടറെ കാണാന്‍ പോയെന്നും പി.സി.ബി അതിനായി ഒന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.
അവിടെയെത്തി അവന്‍ ഡോക്ടറെ ബന്ധപ്പെട്ടു. പി.സി.ബി ഇതിനായി ഒന്നും ചെയ്തില്ല. കോര്‍ഡിനേഷന്‍ മുതല്‍ താമസം വരെയുള്ള എല്ലാ കാര്യങ്ങളും അദ്ദേഹം സ്വന്തമായി ചെയ്യുന്നു. സാക്കിര്‍ ഖാന്‍ (പി.സി.ബിയുടെ അന്താരാഷ്ട്ര ക്രിക്കറ്റ് ഡയറക്ടര്‍) ഒന്നോ രണ്ടോ തവണ മാത്രമാണ് അദ്ദേഹത്തോട് സംസാരിച്ചത്,’ അഫ്രിദ് കൂട്ടിച്ചേര്‍ത്തു.
ഏഷ്യാ കപ്പിന് കുറച്ചുനാള്‍ മുന്നോടിയായി നടന്ന ശ്രീലങ്കന്‍ പരമ്പരയിലാണ് അദ്ദേഹത്തിന് പരിക്കേറ്റത്. പിന്നീട് ഏഷ്യാ കപ്പും ഷഹീന് നഷ്ടമായിരുന്നു, വരുന്ന ട്വന്റി-20 ലോകകപ്പില്‍ മികച്ച പ്രകടനം നടത്തി മികച്ച തിരിച്ചുവരവ് നടത്താനാണ് അദ്ദേഹം ഒരുങ്ങുന്നത്.
ഒക്ടോബറില്‍ 23ന് ഇന്ത്യക്കെതിരെയാണ് അദ്ദേഹത്തിന്റെ ആദ്യ മത്സരം. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ചാണ് ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം നടക്കുന്നത്.
Content Highlight: Shahid Afridi says Shaheen Afridi is paying all his expenses for his treatment