| Tuesday, 21st March 2023, 5:16 pm

ബി.സി.സി.ഐ ശക്തമാണ്; അതിന് വേണ്ടി മോദി സാഹിബിനോട് വരെ ഞാന്‍ അഭ്യര്‍ത്ഥിക്കും: ഷാഹിദ് അഫ്രിദി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വീണ്ടും ബൈലാറ്ററല്‍ മത്സരങ്ങള്‍ ആരംഭിക്കണമെന്ന് പാകിസ്ഥാന്‍ ലെജന്‍ഡ് ഷാഹിദ് അഫ്രിദി. ക്രിക്കറ്റിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ – പാകിസ്ഥാന്‍ മത്സരങ്ങള്‍ പുനരാരംഭിക്കാനായി താന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടുമെന്നും അഫ്രിദി പറഞ്ഞു.

ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിന്റെ ഫൈനലിന് ശേഷം സംസാരിക്കുകയായിരുന്നു അഫ്രിദി.

‘ഇരു രാജ്യങ്ങളും തമ്മില്‍ ക്രിക്കറ്റ് കളിക്കുന്നത് തുടരുന്നതിനായി ഞാന്‍ മോദി സാഹിബിനോട് അഭ്യര്‍ത്ഥിക്കും,’ അഫ്രിദി പറഞ്ഞു.

‘നമ്മള്‍ ഒരാളുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ നമ്മളോട് മിണ്ടാതിരിക്കുന്ന അവസ്ഥയാണെങ്കില്‍ നമുക്കെന്ത് ചെയ്യാന്‍ സാധിക്കും.

ബി.സി.സി.ഐ വളരെ ശക്തമായ ക്രിക്കറ്റ് ബോര്‍ഡാണ് എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല, എന്നാല്‍ നിങ്ങള്‍ കൂടുതല്‍ ശക്തരായിരിക്കുമ്പോള്‍ നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കും എന്ന കാര്യം മറക്കരുത്.

നിങ്ങള്‍ ശത്രുക്കളെ ഉണ്ടാക്കാന്‍ ശ്രമിക്കരുത്. നിങ്ങള്‍ സുഹൃത്തുകളെ ഉണ്ടാക്കുകയാണ് വേണ്ടത്. നിങ്ങള്‍ കൂടുതല്‍ സുഹൃത്തുക്കളെ ഉണ്ടാക്കുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ ശക്തരാകുന്നു,’ അഫ്രിദി കൂട്ടിച്ചേര്‍ത്തു.

ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണം ഇരു ടീമുകളും തമ്മില്‍ ഏറെ നാളുകളായി ബൈലാറ്ററല്‍ മത്സരങ്ങളോ പരമ്പരകളോ കളിക്കാറില്ല. ഐ.സി.സി ഇവന്റുകളില്‍ മാത്രമാണ് ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തേയും മികച്ച റൈവല്‍സ് ഏറ്റുമുട്ടുന്നത്.

2008ലാണ് ഇന്ത്യ അവസാനമായി പാകിസ്ഥാനിലേക്ക് പര്യടനം നടത്തിയത്. 2008ലെ ഏഷ്യാ കപ്പിന് വേണ്ടിയായിരുന്നു അത്. 2012-13ലാണ് പാകിസ്ഥാന്‍ അവസാനമായി ഇന്ത്യയിലെത്തി പരമ്പര കളിച്ചത്. ഒരു ഏകദിനവും മൂന്ന് ടി-20യുമായിരുന്നു പരമ്പരയിലുണ്ടായിരുന്നത്.

Content Highlight: Shahid Afridi says he will request Narendra Modi to restart India vs Pakistan matches

We use cookies to give you the best possible experience. Learn more