ഓസ്‌ട്രേലിയയിലുണ്ടായിട്ടും ബിഗ് ബാഷ് കളിക്കാതെ പാകിസ്ഥാനൊപ്പം കളിക്കെടാ; രണ്ടാം തോല്‍വിക്ക് പിന്നാലെ അഫ്രിദി
Sports News
ഓസ്‌ട്രേലിയയിലുണ്ടായിട്ടും ബിഗ് ബാഷ് കളിക്കാതെ പാകിസ്ഥാനൊപ്പം കളിക്കെടാ; രണ്ടാം തോല്‍വിക്ക് പിന്നാലെ അഫ്രിദി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 30th December 2023, 8:27 am

മെല്‍ബണില്‍ നടന്ന ബോക്‌സിങ് ഡേ ടെസ്റ്റില്‍ ആതിഥേയരായ ഓസ്‌ട്രേലിയ പാകിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. 79 റണ്‍സിനാണ് കങ്കാരുക്കള്‍ സന്ദര്‍ശകരെ തകര്‍കത്തുവിട്ടത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരം അവസാനിച്ചപ്പോള്‍ ഓസീസ് 2-0ന് മുമ്പിലെത്തുകയും പരമ്പര സ്വന്തമാക്കുകയും ചെയ്തിരിക്കുകയാണ്.

രണ്ടാം മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ സൂപ്പര്‍ പേസര്‍ ഹാരിസ് റൗഫ് ടീമിന്റെ ഭാഗമാകണമെന്ന് പറയുകയാണ് മുന്‍ പാക് സൂപ്പര്‍ തരം ഷാഹിദ് അഫ്രിദി. താരം ഓസ്‌ട്രേലിയന്‍ ഫ്രാഞ്ചൈസി ലീഗായ ബിഗ് ബാഷ് ലീഗില്‍ മെല്‍ബണ്‍ സ്റ്റാര്‍സിന് വേണ്ടി പന്തെറിയുകയാണ്. റൗഫ് മൂന്നാം ടെസ്റ്റില്‍ പാകിസ്ഥാന് വേണ്ടി കളിക്കണമെന്നാണ് അഫ്രിദി ആവശ്യപ്പെടുന്നത്.

 

പാകിസ്ഥാന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ കളിക്കാന്‍ താത്പര്യപ്പെടാതിരുന്ന റൗഫ് ബി.ബി.എല്‍ തെരഞ്ഞെടുക്കുകയായിരുന്നു. ഇതുവരെ ഒരു ടെസ്റ്റിലാണ് റൗഫ് പാകിസ്ഥാനെ പ്രതിനിധീകരിച്ചത്.

‘ഹാരിസ് റൗഫ് ബിഗ് ബാഷ് ലീഗ് കളിക്കാതെ പാകിസ്ഥാന് വേണ്ടി ടെസ്റ്റ് മത്സരം കളിക്കണം എന്നാണ് എനിക്ക് തോന്നുന്നത്. അവനെ പോലെ ഒരു ബൗളറെയാണ് ടീമിന് ആവശ്യമുള്ളത്. ഓസ്‌ട്രേലിയന്‍ ട്രാക്കില്‍ വളരെ വേഗം പന്തെറിയാനും ബൗണ്‍സ് കണ്ടെത്താനും അവന് സാധിക്കും. അവനുണ്ടായിരുന്നെങ്കില്‍ ആദ്യ രണ്ട് ടെസ്റ്റിലും മികച്ച പ്രകടനം കാഴ്ചവെക്കുമായിരുന്നു,’ അഫ്രിദി പറഞ്ഞു.

മെല്‍ബണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ആദ്യ ഇന്നിങ്‌സില്‍ 318 റണ്‍സ് നേടി. മാര്‍നസ് ലബുഷാന്റെ അര്‍ധ സെഞ്ച്വറിയാണ് ഓസീസിനെ തുണച്ചത്.

ആദ്യ ഇന്നിങ്‌സില്‍ അബ്ദുള്ള ഷഫീഖിന്റെയും ഷാന്‍ മസൂദിന്റെയും അര്‍ധ സെഞ്ച്വറി കരുത്തില്‍ പൊരുതിയെങ്കിലും പാകിസ്ഥാന് ലീഡ് വഴങ്ങേണ്ടി വരികയായിരുന്നു.

54 റണ്‍സിന്റെ ലീഡുമായി ഇറങ്ങിയ ആതിഥേയര്‍ക്ക് രണ്ടാം ഇന്നിങ്‌സിന്റെ തുടക്കത്തില്‍ അടി തെറ്റിയിരുന്നു. 16 റണ്‍സിന് നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഓസീസ് പരാജയം മുമ്പില്‍ കണ്ടു. എന്നാല്‍ മിച്ചല്‍ മാര്‍ഷിന്റെ സെഞ്ച്വറിയോളം പോന്ന അര്‍ധ സെഞ്ച്വറിയും സ്റ്റീവ് സ്മിത്തിന്റെ ഫിഫ്റ്റിയും ഓസീസിന് തുണയായി. ഒടുവില്‍ 263 റണ്‍സിന്റെ വിജയലക്ഷ്യം ഓസീസ് പച്ചപ്പടയ്ക്ക് മുമ്പില്‍ വെച്ചു.

എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ 237 റണ്‍സ് കണ്ടെത്തുന്നതിനിടെ മുഴുവന്‍ വിക്കറ്റുകളും പാകിസ്ഥാന് നഷ്ടമായി. രണ്ട് ഇന്നിങ്‌സില്‍ നിന്നുമായി പത്ത് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സാണ് പാകിസ്ഥാനെ പരാജയത്തിലേക്ക് തള്ളിയിട്ടത്.

ജനുവരി മൂന്ന് മുതല്‍ ഏഴ് വരെയാണ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ്. സിഡ്‌നിയാണ് വേദി.

 

Content highlight: Shahid Afridi says Haris Rauf should play along with Pakistan instead of BBL