ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ് മാച്ച് സമനിലയിലെത്തിക്കാന്‍ പാകിസ്ഥാന് സാധിച്ചിരുന്നു. പാക് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ സര്‍ഫറാസ് അഹമ്മദിനാണ് ടീമിനെ തോല്‍വിയില്‍ നിന്നും കരകയറ്റിയതിന്റെ വലിയൊരു ഭാഗം ക്രെഡിറ്റും പോകുന്നത്.
118 റണ്‍സായിരുന്നു സര്‍ഫറാസ് മത്സരത്തില്‍ നേടിയത്. ടെസ്റ്റിലെ അദ്ദേഹത്തിന്റെ നാലാം സെഞ്ച്വറി കൂടിയായിരുന്നു ഇത്. അഞ്ച് വിക്കറ്റിന് 80 റണ്‍സ് എന്ന നിലയില്‍ പതറുകയായിരുന്നു പാക് ടീമിനെ ഒരു വിധത്തില്‍ കര കയറ്റിയതും സര്‍ഫറാസിന്റെ മിന്നുന്ന പ്രകടനമായിരുന്നു.
അതേസമയം മത്സരത്തിന് പിന്നാലെ സര്‍ഫറാസിന്റെ പ്രകടനത്തെ അഭിനന്ദിച്ച് പ്രതികരിച്ചിരിക്കുകയാണ് മുന്‍ താരവും പാക് ടീമിന്റെ ഇടക്കാല ചീഫ് സെലക്ടറുമായ ഷാഹിദ് അഫ്രീദി. സര്‍ഫറാസിന്റെ ഇന്നിങ്‌സ് മികച്ചതായിരുന്നെന്നും എന്നാല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ടീമിന്റെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പർ ചോയ്‌സ് മുഹമ്മദ് റിസ്‌വാനാണെന്നുമാണ് അഫ്രീദി പറഞ്ഞത്.
”സൈഫി തിരിച്ചുവന്നതിലും ഗംഭീരമായ ഒരു പെര്‍ഫോമന്‍സ് കാഴ്ച വെച്ചതിലും ഞാന്‍ വളരെയധികം സന്തോഷവാനാണ്. പക്ഷെ മുഹമ്മദ് റിസ്‌വാന്‍ അവയ്‌ലബിള്‍ ആണ്, അദ്ദേഹം ട്വന്റി-ട്വന്റിയിലും ഏകദിനത്തിലും നമ്മുടെ പ്രധാന വിക്കറ്റ് കീപ്പറാണ്.
റിസ്‌വാന് പരിക്കേല്‍ക്കുകയോ അദ്ദേഹം ക്ഷീണിക്കുകയോ ചെയ്യാതിരിക്കാന്‍ ദൈവം സഹായിക്കട്ടെ. പക്ഷെ അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഞങ്ങള്‍ മറ്റ് ഓപ്ഷനുകള്‍ പരിഗണിക്കും. ഒരാളുടെ ടെസ്റ്റ് മാച്ചിലെ പ്രകടനവും ലിമിറ്റഡ് ഓവറിലെ പ്രകടനവും തമ്മില്‍ കൂട്ടിക്കുഴക്കരുത്,” അഫ്രീദി പത്രസമ്മേളനത്തില്‍ പറഞ്ഞു.
രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ സര്‍ഫറാസ് 109 പന്തില്‍ നിന്നും 78 റണ്‍സ് നേടി പുറത്തായിരുന്നു. രണ്ടാം ഇന്നിങ്സില്‍ 319 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയപ്പോഴായിരുന്നു താരം ഒരിക്കല്‍ക്കൂടി പാകിസ്ഥാന് വേണ്ടി അവതരിച്ചത്.
135 പന്തില്‍ നിന്നുമായിരുന്നു സര്‍ഫറാസ് സെഞ്ച്വറി തികച്ചത്. 98ല്‍ നില്‍ക്കവെ ഡബിള്‍ ഓടിയെടുത്ത് സെഞ്ച്വറി പൂര്‍ത്തിയാക്കുകയായിരുന്നു. സെഞ്ച്വറിക്ക് ശേഷവും ബാറ്റിങ് തുടര്‍ന്ന സര്‍ഫറാസ് 176 പന്തില്‍ നിന്നും 118 റണ്‍സ് നേടി പുറത്തായി. മൈക്കല്‍ ബ്രേസ്വാളിന്റെ പന്തില്‍ കെയ്ന്‍ വില്യംസണ് ക്യാച്ച് നല്‍കിയായിരുന്നു സര്‍ഫറാസിന്റെ മടക്കം.
അതേസമയം, 319 റണ്‍സ് ടാര്‍ഗെറ്റുമായി ഇറങ്ങിയ പാകിസ്ഥാന്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സ് നേടിയിരുന്നു. അഞ്ചാം ദിവസം അവസാനിച്ചതോടെയാണ് മത്സരം സമനിലയായത്.
അതേസമയം, ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് സീരീസ് സര്‍ഫറാസിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു. നീണ്ട എട്ട് വര്‍ഷത്തിന് ശേഷമാണ് സര്‍ഫറാസ് ടെസ്റ്റ് സെഞ്ച്വറി നേടിയത്.
നാല് വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് താരം പാകിസ്ഥാനായി ടെസ്റ്റ് കളിച്ചതും.
നേരത്തെ സര്‍ഫറാസ് ഇനി പാകിസ്ഥാന്‍ ടീമിലേക്ക് തിരിച്ചെത്തില്ല എന്ന് പോലും കരുതിയിരുന്നു. എന്നാല്‍ നജാം സേഥി പി.സി.ബി ചെയര്‍മാനും ഷാഹിദ് അഫ്രിദി സെലക്ടറുമായും എത്തിയതോടെയാണ് സര്‍ഫറാസിന് ടീമിലേക്കുള്ള തിരിച്ചുവരവ് സാധ്യമായത്.
ന്യൂസിലാന്‍ഡിന്റെ പാകിസ്ഥാന്‍ പര്യടനത്തിലെ ആദ്യത്തെ ടെസ്റ്റും സമനിലയായിരുന്നു.
ഇതോടെ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര, സ്വന്തം മണ്ണില്‍ പാകിസ്ഥാന്റെ ടെസ്റ്റ് വിജയത്തിനുള്ള ആരാധകരുടെ കാത്തിരിപ്പ് നീട്ടിക്കൊണ്ട് 0-0 എന്ന നിലയില്‍ അവസാനിച്ചു.
Content Highlight: Shahid Afridi says happy for Sarfaraz’s innings but Mohammad Rizwan is number one choice as wicket keeper