Sports News
'ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടായി, ആ തക്കത്തിന് ഞാനത് ചെയ്തു'; താനൊരു വൃത്തികെട്ടവനാണെന്ന് അഫ്രിദി ഒരിക്കല്‍ക്കൂടി തെളിയിച്ച നിമിഷം
സ്പോര്‍ട്സ് ഡെസ്‌ക്
2022 Sep 22, 04:19 pm
Thursday, 22nd September 2022, 9:49 pm

പാകിസ്ഥാന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളാണ് മുന്‍ നായകന്‍ ഷാഹിദ് അഫ്രിദി. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ആക്രമണോത്സുക പ്രകടനം കാഴ്ചവെച്ച താരം ബൂം ബൂം അഫ്രിദി  എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.

അഫ്രിദി ബാറ്റുമായി ക്രീസിലെത്തുന്ന നിമിഷം എതിര്‍ ടീം ആരാധകരുടെ ചങ്കിടിക്കുന്നത് സാധാരണയായിരുന്നു. അത്രക്കായിരുന്നു പാകിസ്ഥാന്‍ നിരയില്‍ താരത്തിന്റെ ഇംപാക്ട്.

വിജയത്തിന് വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത താരമായിരുന്നു അഫ്രിദി. പല തവണയും ക്രിക്കറ്റിന്റെ മാന്യതക്ക് നിരക്കാത്ത പ്രവര്‍ത്തിയും താരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ പല തവണ ഉള്‍പ്പെട്ട താരമാണ് ഈ പാക് ലെജന്‍ഡ്.

ബോള്‍ ടാംപറിങ് ഒരു കലയാണെങ്കില്‍ ഷാഹിദ് അഫ്രിദി ഒരു കലാകാരനാണെന്ന് നിസ്സംശയം പറയാം. പന്തിന്റെ മാര്‍ദവം കളഞ്ഞ് പരുക്കനാക്കാന്‍ വേണ്ടി പന്തില്‍ കടിക്കുന്ന അഫ്രിദിയുടെ ചിത്രം ഒരു ക്രിക്കറ്റ് ആരാധകന്റെ മനസില്‍ നിന്നും മായില്ല.

അത്തരത്തിലൊരു സംഭവത്തെ കുറിച്ച് ഓര്‍ത്തെടുക്കുകയാണ് ഷാഹിദ് അഫ്രിദി. 2005 ഫൈസലാബാദ് ഇന്നിങ്‌സിലെ പിച്ച് ടാംപറിങ്ങിനെ കുറിച്ചാണ് താരം പറയുന്നത്.

17 വര്‍ഷത്തിന് ശേഷം സ്റ്റേഡിയം സന്ദര്‍ശിച്ചതിന് പിന്നാലെയാണ് അഫ്രിദി ഇക്കാര്യം പറഞ്ഞത്.

2005 ഇംഗ്ലണ്ട് – പാകിസ്ഥാന്‍ ടെസ്റ്റ് പരമ്പര നടക്കുന്നതിനിടെയാണ് അഫ്രിദി പിച്ച് ടാംപറിങ്ങില്‍ കുടുങ്ങിയത്. പരമ്പരയിലെ രണ്ടാം ടെസ്റ്റിനിടെ താരം കളിയില്‍ അഡ്വാന്റേജ് ലഭിക്കുന്നതിനായി പിച്ചില്‍ പോറല്‍ വീഴ്ത്തുകയായിരുന്നു.

മത്സരത്തില്‍ പാകിസ്ഥാന് മേല്‍ക്കോയ്മ ലഭിക്കുന്നതിനും പാക് സീമര്‍മാര്‍ക്ക് എളുപ്പം വിക്കറ്റ് നേടുന്നതിനും വേണ്ടി താരം പിച്ചില്‍ ബൂട്ട് ഉപയോഗിച്ച് പോറിയിരുന്നു. ഇതേകുറിച്ചാണ് അഫ്രിദി ഇപ്പോള്‍ ഓര്‍ത്തെടുക്കുന്നത്.

‘ടെസ്റ്റ് വളരെ ബോറിങ്ങായിരുന്നു. പിച്ച് ബൗളര്‍മാരെ ഒട്ടും തുണച്ചില്ല. അപ്പോഴാണ് സ്‌റ്റേഡിയത്തില്‍ ഒരു ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. ആ സമയത്ത് എല്ലാവരുടേയും ശ്രദ്ധ അതിലേക്ക് മാത്രമായി.

ആ സമയം ഞാന്‍ ഷോയ്ബ് മാലിക്കിനോട് പിച്ചില്‍ പാച്ച് ഉണ്ടാക്കുന്നത് നല്ലതാണെന്ന് എനിക്ക് തോന്നുന്നു എന്ന് പറഞ്ഞു. ആരും കാണുന്നില്ല ചെയ്യ്, എന്നായിരുന്നു മാലിക്കിന്റെ മറുപടി.

ഞാന്‍ പിച്ചില്‍ പോറല്‍ വീഴ്ത്തി, പിന്നെ നടന്നത് ചരിത്രം,’ അഫ്രിദി പറയുന്നു.

 

ആരും കാണില്ല എന്ന് കരുതി ചെയ്ത ആ പ്രവര്‍ത്തി പിടിക്കപ്പെടുക തന്നെ ചെയ്തു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് തുടര്‍ന്ന് ഷാഹിദിന് അന്ന് ഒരു ടെസ്റ്റിലും രണ്ട് ഏകദിനത്തിലും വിലക്കും നേരിടേണ്ടി വന്നിരുന്നു.

എന്നാല്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ തെറ്റാണെന്നും ഒരു താരവും ഇത്തരം പ്രവര്‍ത്തികള്‍ക്ക് മുതിരരുത് എന്നുമാണ് സജീവ ക്രിക്കറ്റില്‍ നിന്നും വിരമിച്ച് നാല് വര്‍ഷത്തിന് ശേഷം അഫ്രിദിക്ക് പറയാനുള്ളത്.

 

 

Content Highlight: Shahid Afridi recalls his pitch tampering incident back in 2005