| Wednesday, 28th September 2022, 9:02 am

അവനെ പോലൊരാൾ ഇല്ലാത്തതാണ് പാകിസ്ഥാന്റെ നഷ്ടം; ഇന്ത്യൻ താരത്തെ പുകഴ്ത്തി ഷാഹിദ് അഫ്രീദി

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഹൈദരാബാദില്‍ നടന്ന മൂന്നാമത്തെ മത്സരത്തില്‍ ഓസ്‌ട്രേലിയയെ കീഴ്‌പ്പെടുത്തി പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. വിരാട് കോഹ്‌ലി പഴയ ഫോമിലേക്ക് തിരിച്ചെത്തിയതും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും സൂര്യകുമാര്‍ യാദവിന്റെയും ദിനേശ് കാര്‍ത്തിക്കിന്റെയും മിന്നുന്ന പ്രകടനവും വലിയ പ്രതീക്ഷയാണ് ഇന്ത്യക്ക് നല്‍കുന്നത്.

ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിന്റെ പ്രകടനവും ഇന്ത്യക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. അതേസമയം കെ.എല്‍. രാഹുലും റിഷബ് പന്തും ഫോമിലേക്ക് ഉയര്‍ന്നു വരാനുണ്ട്.

ഹൈദരാബാദില്‍ ഓസീസിനെതിരെയും ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെയും വെടിക്കെട്ട് പ്രകടനം കാഴ്ച വെച്ച ഹാര്‍ദിക് പാണ്ഡ്യയും വലിയ പതീക്ഷ നല്‍കുന്നു. ഏഷ്യാ കപ്പില്‍ പാകിനെതിരെയുള്ള ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ നാല് പന്തില്‍ ആറ് റണ്‍സ് വേണമെന്നിരിക്കെ ദിനേശ് കാര്‍ത്തിക്കിനോട് സമാധാനമായിരിക്കാന്‍ ആംഗ്യം കാണിച്ച് തൊട്ടടുത്ത പന്തില്‍ സിക്‌സ് നേടി മത്സരം ഫിനിഷ് ചെയ്ത ഹര്‍ദിക്കിന്റെ പ്രകടനം ജനശ്രദ്ധ നേടിയിരുന്നു.

താരത്തിന്റെ ഫിനിഷിങ്ങിലെ മികവിനെ പ്രശംസിച്ച് നിരവധി ആരാധകരാണ് രംഗത്തെത്തിയത്. പാകിസ്ഥാനില്‍ ഹര്‍ദിക് പാണ്ഡ്യയെ പോലൊരു ഫിനിഷറുടെ കുറവുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ പാക് താരം ഷാഹിദ് അഫ്രീദി. 2022 ഐ.പി.എല്ലിന് ശേഷം താരം മികച്ച ഫോമില്‍ തുടരുകയാണെന്നാണ് അഫ്രീദി പറഞ്ഞത്.

സമാ ടി.വിക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് അഫ്രീദി ഹര്‍ദിക്കിനെ കുറിച്ച് സംസാരിച്ചത്. ഹര്‍ദിക്കിനെ പോലൊരു താരത്തെ പാകിസ്ഥാന്‍ കണ്ടെത്തണമെന്നും ആസിഫ് അലി, ഖുഷ്ദില്‍ ഷാ എന്നിവരുമായി നടത്തിയ പരീക്ഷണങ്ങള്‍ പരാജയപ്പെട്ടെന്നും അഫ്രീദി പറഞ്ഞു.

”പാണ്ഡ്യ നല്ലൊരു ഫിനിഷറാണ്, പാകിസ്ഥാനില്‍ അതുപോലൊരു കളിക്കാരന്‍ ഇല്ല. ആസിഫ് അലി, ഖുഷ്ദില്‍, നവാസ്, ഷദാബ് എന്നിവര്‍ മത്സരത്തില്‍ സ്ഥിരത പുലര്‍ത്തിയില്ല. ഞങ്ങള്‍ ഇപ്പോള്‍ കളിക്കുന്ന തരത്തിലുള്ള മത്സരത്തില്‍ ഞങ്ങള്‍ക്ക് രണ്ട് യഥാര്‍ത്ഥ ഫാസ്റ്റ് ബൗളര്‍മാരും ഒരു ഓള്‍റൗണ്ടറും ആവശ്യമാണ്,’ അഫ്രീദി വ്യക്തമാക്കി.

ലോകകപ്പ് കിരീടമാണ് പാകിസ്ഥാന്‍ സ്വപ്നം കാണുന്നതെങ്കില്‍ ബൗളിങ്ങിലെയും ബാറ്റിങ്ങിലെയും പ്രശ്നങ്ങള്‍ക്ക് നന്നായി രിഹരിക്കേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content Highlights: Shahid Afridi praises Indian Cricket Player

We use cookies to give you the best possible experience. Learn more