മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിന്റെ പ്രസ്താവനയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം. സൗഹൃദങ്ങള്‍ കളത്തിന് പുറത്ത് മതിയെന്നും ബൗണ്ടറി ലൈനിനിപ്പുറത്തേക്ക് ആ സൗഹൃദങ്ങളെ കൊണ്ടുവരരുതെന്നുമായിരുന്നു ഗംഭീര്‍ പറഞ്ഞത്.
ഇപ്പോള്‍ വിഷയത്തില്‍ പ്രതികരിക്കുകയാണ് മുന്‍ പാക് സൂപ്പര്‍ താരമായ ഷാഹിദ് അഫ്രിദി. ഗംഭീറിന്റെ ചിന്താഗതിയില്‍ നിന്നും വ്യത്യസ്തമായാണ് താന്‍ ഈ വിഷയത്തെ നോക്കിക്കാണുന്നതെന്നും ഗ്രൗണ്ടിനുള്ളില്‍ അഗ്രഷന്‍ മാത്രമല്ല ജീവിതവുമുണ്ടെന്നായിരുന്നു അഫ്രിദിയുടെ മറുപടി.
ഒരു പാക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അഫ്രിദി ഇക്കാര്യം പറഞ്ഞത്.
‘അത് ഗംഭീറിന്റെ ചിന്താഗതിയണ്. എന്നാല്‍ ഞാന്‍ മറ്റൊരു തരത്തിലാണ് ചിന്തിക്കുന്നത്. നമ്മള്‍ ക്രിക്കറ്റ് താരങ്ങള്‍ മാത്രമല്ല, അംബാസഡര്‍മാര്‍ കൂടിയാണ്. ലോകത്തെമ്പാടും നമുക്ക് ആരാധകരുണ്ട്. അതുകൊണ്ടുതന്നെ സ്‌നേഹത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും സന്ദേശമായിരിക്കണം നമ്മള്‍ നല്‍കേണ്ടത്. അതെ കളിക്കളത്തില്‍ നമുക്ക് അഗ്രഷനുണ്ടായിരിക്കാം, എന്നാല്‍ അതിനുമപ്പുറത്ത് പലതും ഗ്രൗണ്ടിനുള്ളില്‍ തന്നെയുണ്ട്,’ അഫ്രിദി പറഞ്ഞു.
അഫ്രിദിയുടെ വാക്കുകള്‍ക്ക് പിന്നാലെ താരത്തെ അഭിനന്ദിച്ചുകൊണ്ട് ആരാധകരെത്തിയിരിക്കുകയാണ്.
ഇന്ത്യ-പാകിസ്ഥാന്‍ ഏഷ്യാ കപ്പ് മത്സരത്തിനിടെയായിരുന്നു ഗംഭീര്‍ ഇക്കാര്യം പറഞ്ഞത്. മത്സരം മഴമൂലം തടസപ്പെട്ടപ്പോള്‍ നടന്ന മിഡ് ഗെയിം ഷോയിലാണ് ഗംഭീര്‍ വിവാദ പരാമര്‍ശം നടത്തിയത്.
‘ഇപ്പോള്‍ കളിക്കളത്തില്‍ താരങ്ങള്‍ തമ്മില്‍ ഫ്രണ്ട്ലി പഞ്ചുകള്‍ നല്‍കുകയാണ്. അവന്‍ പഞ്ച് ചെയ്യുന്നു, തിരിച്ച് പഞ്ച് ചെയ്യുന്നു. ഇതൊന്നും ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. ഫ്രാഞ്ചൈസി ക്രിക്കറ്റുകള്‍ കാരണമാണ് ഇത് സംഭവിക്കുന്നത്. ഇതോടെ താരങ്ങളുടെ കണ്ണില്‍ തീവ്രതയില്ലാതെയായി. ഞാന്‍ കളിക്കുമ്പോഴൊന്നും എതിരാളികളുമായി ഇത്തരത്തിലുള്ള ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഗ്രൗണ്ടില്‍ സൗഹാര്‍ദപരമായി സംസാരിക്കുന്നതിന് ഞാനെതിരല്ല, പക്ഷേ അപ്പോഴും നിങ്ങള്‍ രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നത് എന്നും അപ്പോള്‍ അവര്‍ ഒരിക്കലും നിങ്ങളുടെ സുഹൃത്തുക്കളല്ല എന്നതും മറക്കരുത്. ഇത് മത്സരമാണ്, സുഹൃദ്ബന്ധങ്ങളെല്ലാം പുറത്ത് നിര്‍ത്തണം.
മത്സരം അവസാനിച്ചതിന് ശേഷമായിരിക്കണം അവര്‍ ഫ്രണ്ട്ഷിപ്പ് പ്രകടിപ്പിക്കേണ്ടത്. ക്രിക്കറ്റിലെ ആ ആറോ ഏഴോ മണിക്കൂറുകള്‍ അത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്നതാണ്, കാരണം നിങ്ങള്‍ നിങ്ങളുടെ രാജ്യത്തെ 140 കോടി ആളുകളെയാണ് പ്രതിനിധീകരിക്കുന്നത്. മുന്‍കാലങ്ങളിലൊന്നും ഇത്തരത്തിലൊന്ന് സംഭവിച്ചിരുന്നില്ല, എന്നാലിപ്പോള്‍ ഇരു ടീമിലെയും താരങ്ങള്‍ പരസ്പരം തമാശ പറയുകയാണ്. ഇത്തരത്തില്‍ നിങ്ങള്‍ ഒരു ഫ്രണ്ട്‌ലി മാച്ചാണ് കളിക്കുന്നത് എന്ന് തോന്നുന്നു,’ എന്നായിരുന്നു ഗംഭീര്‍ പറഞ്ഞത്.
ഗംഭീറിന്റെ പരാമര്‍ശത്തിന് പിന്നാലെ വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തിയിരുന്നു. കളിക്കളത്തിലെ സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിനെ കുറിച്ച് ഗംഭീര്‍ മറക്കരുതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.
അതേസമയം, ഇന്ത്യ-പാകിസ്ഥാന്‍ സൂപ്പര്‍ ഫോര്‍ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ഏഷ്യാ കപ്പിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യത്തില്‍ സൂപ്പര്‍ ഫോറിലെ ഈ പോരാട്ടത്തിന് കാത്തിരിക്കുന്നവരേറെയാണ്.
സെപ്റ്റംബര്‍ പത്തിനാണ് ഇന്ത്യ – പാകിസ്ഥാന്‍ സൂപ്പര്‍ ഫോര്‍ പോരാട്ടം. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയമാണ് വേദി.
Content highlight: Shahid Afridi on Gambhir’s controversial statement