കഴിഞ്ഞ ദിവസം നടന്ന ടി-20 ലോകകപ്പ് ഫൈനലില്‍ പാകിസ്ഥാന്റെ തോല്‍വിക്ക് പിന്നാലെ ട്വിറ്ററില്‍ പുതിയ വാക്‌പോരിനും വഴിയൊരുങ്ങിയിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ താരം മുഹമ്മദ് ഷമിയും പാക് സ്പീഡ്സ്റ്റര്‍ ഷോയിബ് അക്തറും തമ്മിലായിരുന്നു പുതിയ പോരിന് തുടക്കമിട്ടത്.
ലോകകപ്പിന്റെ ഫൈനല്‍ മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു പാകിസ്ഥാന്റെ പരാജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സായിരുന്നു സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 19 ഓവറില്‍ അഞ്ച് വിക്കറ്റ് കയ്യിലിരിക്കെ വിജയം പിടിച്ചടക്കുകയായിരുന്നു.
പാകിസ്ഥാന്റെ തോല്‍വിക്ക് പിന്നാലെയായിരുന്നു കഴിഞ്ഞ ദിവസം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മുഹമ്മദ് ഷമിയുടെ ‘കര്‍മ’ ട്വീറ്റുമെത്തിയത്.
അക്തറിന്റെ ഹാര്‍ട്ട് ബ്രോക്കണ്‍ ഇമോജിക്ക് മറുപടിയായ് ‘സോറി ബ്രദര്‍, ഇറ്റ്‌സ് കോള്‍ഡ് കര്‍മ, (Sorry Brother, Its called Karma)’ എന്നായിരുന്നു ഷമിയുടെ ട്വീറ്റ്.
ഇതിന് മറുപടിയായി ഫൈനല്‍ മത്സരത്തില്‍ ഹര്‍ഷ ഭോഗ്ലെ പാക് ബൗളര്‍മാരെ അഭിനന്ദിച്ചതായിരുന്നു അക്തറിന്റെ ട്വീറ്റ്. ട്വിറ്ററില്‍ ഈ വിഷയം കത്തിപ്പടരുമ്പോള്‍, ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം പറയുകയാണ് മുന്‍ പാക് സൂപ്പര്‍ താരം ഷാഹിദ് അഫ്രിദി.
സമാ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അഫ്രിദി ഇക്കാര്യം പറഞ്ഞത്.
‘നമ്മള്‍ ക്രിക്കറ്റിന്റെ അംബാസഡര്‍മാരാണ്, പോരാത്തതിന് തൊട്ടയല്‍പ്പക്കത്തുള്ളവരുമാണ്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകാനേ പാടില്ലാത്തതാണ്. നമ്മള്‍ ഇങ്ങനെയാണ് പെരുമാറുന്നതെങ്കില്‍ ഒരു സാധാരണക്കാരനില്‍ നിന്ന് നമുക്കെന്താണ് പ്രതീക്ഷിക്കാന്‍ സാധിക്കുക,’ അഫ്രിദി പറഞ്ഞു.
‘സ്‌പോര്‍ട്‌സ് നമ്മളെ നല്ല മനുഷ്യരാക്കണം. ഇന്ത്യ പാകിസ്ഥാനിലെത്തി മാച്ച് കളിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. നിങ്ങള്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ച ആളാണെങ്കില്‍ കൂടിയും മറ്റൊരാളെ പരിഹസിക്കാന്‍ പാടില്ല. ഷമി അത്തരത്തിലുള്ള പരാമര്‍ശം ഒഴിവാക്കണമായിരുന്നു,’ അഫ്രിദി പറഞ്ഞു.
അതേസമയം, അഫ്രിദിയെ വിമര്‍ശിച്ചും പിന്തുണച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമാവുകയാണ്.
Content Highlight: Shahid Afridi criticize Mohammed Shami after the Karma reference