| Sunday, 15th October 2023, 6:42 pm

ഇന്ത്യക്ക് അഭിനന്ദനങ്ങള്‍, അടുത്ത തവണ ഏറ്റുമുട്ടും വരെ മാത്രം വിജയം ആഘോഷിച്ചോളൂ: പാക് ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിയ ഇന്ത്യന്‍ ടീമിന് അഭിനന്ദനങ്ങളുമായി മുന്‍ സൂപ്പര്‍ താരവും പാക് ഇതിഹാസവുമായ ഷാഹിദ് അഫ്രിദി. ക്രിക്കറ്റര്‍ എന്ന നിലയില്‍ സ്വന്തം രാജ്യത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കാനാണ് ആഗ്രഹിക്കുന്നതെന്നും എന്നാല്‍ അത്തരത്തിലൊരു പ്രകടനം കാഴ്ചവെക്കാന്‍ ടീമിന് സാധിക്കാതെ പോയെന്നും അഫ്രിദി പറഞ്ഞു.

എക്‌സിലെഴുതിയ കുറിപ്പിലാണ് ഇന്ത്യയെ അഭിനന്ദിച്ചുകൊണ്ട് അഫ്രിദി രംഗത്തെത്തിയത്.

‘ഒരു ക്രിക്കറ്റര്‍ എന്ന നിലയില്‍ രാജ്യത്തിന് വേണ്ടി മികച്ച പ്രകടനം നടത്താന്‍ എല്ലാ താരങ്ങളും കടപ്പെട്ടവരാണ്, എന്നാല്‍ അത് ഞങ്ങളുടെ കുട്ടികളിലുണ്ടായിരുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്. നമ്മുടേത് വളരെ മികച്ച ഒരു ടീമാണ്, എന്നാല്‍ അവര്‍ മികച്ച, ശക്തമായ പോരാട്ടം പുറത്തെടുക്കേണ്ടതുണ്ട്.

മത്സരത്തിന്റെ എല്ലാ മേഖലകളിലും മികവ് പുലര്‍ത്തിയ ഇന്ത്യന്‍ ടീമിന് അഭിനന്ദനങ്ങള്‍. നമ്മള്‍ വീണ്ടും ഏറ്റുമുട്ടുന്നത് വരെ വിജയം ആഘോഷിച്ചുകൊള്ളുക,’ എന്നാണ് അഫ്രിദി പോസ്റ്റില്‍ എഴുതിയത്.

കഴിഞ്ഞ ദിവസം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിലായിരുന്നു ഇന്ത്യ പാകിസ്ഥാനെ 50 ഓവര്‍ ലോകകപ്പില്‍ വീണ്ടും പരാജയപ്പെടുത്തിയത്. ഇതോടെ 1992 മുതല്‍ 2023 വരെയുള്ള എട്ട് മത്സരങ്ങളിലും പാകിസ്ഥാന് മേല്‍ ഇന്ത്യക്ക് വിജയം കണ്ടെത്താനുമായി.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇമാം ഉള്‍ ഹഖും യുവതാരം അബ്ദുള്ള ഷഫീഖും ചേര്‍ന്ന് മോശമല്ലാത്ത തുടക്കം നല്‍കിയെങ്കിലും പിന്നാലെയെത്തിയവര്‍ക്ക് അത് മുതലാക്കാന്‍ സാധിച്ചില്ല. ബാബര്‍ അസമിന്റെയും മുഹമ്മദ് റിസ്വാന്റെയും ചെറുത്ത് നില്‍പാണ് പാകിസ്ഥാനെ വമ്പന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.

ബാബര്‍ 58 പന്തില്‍ 50 റണ്‍സ് നേടി പുറത്തായപ്പോള്‍ അര്‍ധ സെഞ്ച്വറിക്ക് ഒരു റണ്‍സകലെയാണ് റിസ്വാന്‍ കാലിടറി വീണത്. ഒരുവേള 155 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയില്‍ തുടരവെയാണ് പാകിസ്ഥാന്‍ 191ന് ഓള്‍ ഔട്ടായത്.

ഇന്ത്യക്കായി ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, ഹര്‍ദിക് പാണ്ഡ്യ, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റും 117 പന്തും കയ്യിലിരിക്കെ വിജയം സ്വന്തമാക്കുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും ശ്രേയസ് അയ്യരിന്റെയും അര്‍ധ സെഞ്ച്വറിയാണ് ഇന്ത്യക്ക് അനായാസ ജയം നേടിക്കൊടുത്തത്.

ഒക്ടോബര്‍ 20നാണ് പാകിസ്ഥാന്റെ അടുത്ത മത്സരം. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ ആണ് എതിരാളികള്‍.

Content highlight: Shahid Afridi congratulate India on defeating Pakistan

Latest Stories

We use cookies to give you the best possible experience. Learn more