വിരാടിന് ഉപദേശം നല്‍കിയിട്ട് എനിക്കെന്ത് കിട്ടാനാണ് ; ചോദ്യവുമായി ഷാഹിദ് അഫ്രീദി
Cricket
വിരാടിന് ഉപദേശം നല്‍കിയിട്ട് എനിക്കെന്ത് കിട്ടാനാണ് ; ചോദ്യവുമായി ഷാഹിദ് അഫ്രീദി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 29th July 2022, 7:56 pm

 

ക്രിക്കറ്റ് ലോകത്തെ എക്കാലത്തെയും മികച്ച ബാറ്ററാണ് വിരാട് കോഹ്‌ലി. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി അദ്ദേഹത്തിന്റെ ഫോമിന്റെ നിഴല്‍പോലുമാകാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. അദ്ദേഹത്തെ പിന്തുണച്ചും തള്ളി പറഞ്ഞും ഒരുപാട് താരങ്ങള്‍ രംഗത്തെത്തിയരുന്നു.

പാകിസ്ഥാന്റെ നിലവിലെ നായകന്‍ ബാബര്‍ അസമിന്റെ വിരാടിനെ സപ്പോര്‍ട്ട് ചെയ്തുകൊണ്ടുള്ള ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തന്നെ സപ്പോര്‍ട്ട് ചെയ്തവരോടെല്ലാം വിരാട് പ്രതികരിച്ചിരുന്നു.

മുന്‍ പാകിസ്ഥാന്‍ വെടിക്കെട്ട് ബാറ്റര്‍ ഷാഹിദ് അഫ്രീദിയോടും വിരാടിന്റെ ഫോമിനെ കുറിച്ച് ചോദ്യങ്ങള്‍ വന്നിരുന്നു. ആരേയും കൂസാതെ ഉത്തരം പറയുന്ന അഫ്രീദി ഈ ചോദ്യത്തിനും അത്തരത്തിലുള്ള ഉത്തരമാണ് നല്‍കിയത്.

വിരാടിന് എന്തിനാണ് തന്റെ ഉപദേശമെന്നാണ് അദ്ദേഹം ചോദിച്ചത്. സ്‌പോര്‍ട്സ് പാക് ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്തിനാണ് അവന്‍ എന്റെ ഉപദേശം ശ്രദ്ധിക്കുന്നത്? വിരാടില്‍ നിന്നുള്ള പ്രതീക്ഷകള്‍ വളരെ കൂടുതലായതിനാല്‍ അദ്ദേഹത്തിന് മികച്ച പ്രകടനം നടത്തേണ്ടതുണ്ട്. വളരെക്കാലമായി,സ്വയം സെറ്റ് ചെയിതിട്ടുള്ള സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് ഒരു പ്രകടനവും അദ്ദേഹത്തില്‍ നിന്ന് ഈയടുത്ത് നിന്ന് ഉണ്ടായിട്ടില്ല,’ അഫ്രീദി പറഞ്ഞു.

നിലവില്‍ വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന പരമ്പരയില്‍ നിന്നും റെസ്റ്റ് എടുത്തിരിക്കുകയാണ് വിരാട് കോഹ്‌ലി. അതിന് ശേഷമുള്ള സിംബാബ്‌വെ പരമ്പരയിലോ ഏഷ്യ കപ്പിലോ അദ്ദേഹം ടീമിനൊപ്പം ചേരുമെന്നാണ് ഒടുവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ട്വന്റി-20 ലോകകപ്പിലേക്കുളള ടീമില്‍ ഇടം ലഭിക്കണമെങ്കില്‍ അദ്ദേഹത്തിന് മികച്ച പ്രകടനം നടത്തേണ്ടി വരും.

മൂന്ന് വര്‍ഷമായി സെഞ്ച്വറി നേടാത്ത വിരാട് ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ മോശമല്ലാത്ത പ്രകടനമാണ് നടത്തിയത്. എന്നാല്‍ ഉണ്ടാക്കിയ ഇംപാക്റ്റ് അദ്ദേഹത്തിന് ഇപ്പോള്‍ നടത്താന്‍ സാധിക്കുന്നില്ല. വിരാടിന് ടീമില്‍ ആവശ്യമായ സപ്പോര്‍ട്ട് നല്‍കുമെന്ന് നായകന്‍ രോഹിത് ശര്‍മ അറിയിച്ചിരുന്നു.

 

Content Highlights: Shahid Afridi asks why Virat Kohli care about his suggestion