പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിന് ഇപ്പോള്‍ അത്ര നല്ല കാലമല്ല. ലോകകപ്പിലെ മൂന്ന് മത്സരത്തില്‍ നിന്നും കേവലം എട്ട് റണ്‍സ് മാത്രമാണ് താരം നേടിയത്.
ഇന്ത്യക്കെതിരായ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായ ബാബര്‍ സിംബാബ്‌വേക്കും നെതര്‍ലന്‍ഡ്‌സിനുമെതിരെ നാല് റണ്‍സ് മാത്രം നേടി പുറത്താവുകയായിരുന്നു.
താരത്തിന്റെ മോശം പ്രകടനവും അതിനേക്കാളുപരി മോശം ക്യാപ്റ്റന്‍സിയും വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴി വെച്ചിരിക്കുന്നത്. ബാബര്‍ അസമിന്റെ ക്യാപ്റ്റന്‍സിക്കെതിരെ മുന്‍ താരങ്ങളും രംഗത്ത് വന്നിരുന്നു. അദ്ദേഹം ക്യാപ്റ്റന്‍ ആകാന്‍ യോഗ്യനല്ല എന്നടക്കം സൂപ്പര്‍ താരങ്ങള്‍ വിമര്‍ശനമുന്നയിച്ചിരുന്നു.
കുഞ്ഞന്‍ ടീമുകള്‍ക്കെതിരെ പോലും ബാബറിന് സ്‌കോര്‍ ചെയ്യാന്‍ സാധിക്കുന്നില്ല. ലോകത്തിലെ മോസ്റ്റ് ഡിസ്ട്രക്ടീവ് ഓപ്പണിങ് ഡുവോ ആയ ബാബര്‍ അസം – മുഹമ്മദ് റിസ്വാന്‍ കോംബോ പോലും ലോകകപ്പില്‍ വര്‍ക്കായിരുന്നില്ല.
ഇതിന് പിന്നാലെ ബാബറിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ അമിത് മിശ്ര രംഗത്തെത്തിയിരുന്നു.
മുമ്പ് ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലി ഫോം ഔട്ടിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നപ്പോള്‍ ബാബര്‍ അസം വിരാടിനെ പിന്തുണച്ചിരുന്നു. ഈ സമയവും കടന്നുപോകും എന്നായിരുന്നു ബാബര്‍ ട്വീറ്റ് ചെയ്തത്.
വിരാടിനെ പിന്തുണച്ച് ബാബര്‍ പങ്കുവെച്ച ട്വീറ്റിന് സമാനമായ ട്വീറ്റാണ് അമിത് മിശ്രയും പങ്കുവെച്ചത്. എന്നാല്‍ ബാബറിനെ പരിഹസിക്കാനാണ് അമിത് മിശ്ര മുതിര്‍ന്നതെന്നായിരുന്നു മുന്‍ സൂപ്പര്‍ താരം ഷാഹിദ് അഫ്രിദി പറയുന്നത്.
പാകിസ്ഥാനിലെ സമാ ടി.വിയിലൂടെയായിരുന്നു അഫ്രിദിയുടെ പരാമര്‍ശം.
നിങ്ങള്‍ ഇപ്പോള്‍ പറഞ്ഞ അമിത് മിശ്ര, ആരാണയാള്‍? ഇന്ത്യക്കായി എപ്പോഴെങ്കിലും ഇയാള്‍ കളിച്ചിട്ടുണ്ടോ? ഇയാള്‍ ബാറ്ററായിരുന്നോ അതോ സ്പിന്നറോ?’ എന്നായിരുന്നു അഫ്രിദി ചോദിച്ചത്.
അവതാരകന്‍ അമിത് മിശ്ര ഇന്ത്യക്കായി പല മത്സരങ്ങളും കളിച്ചിട്ടുണ്ടെന്നും സ്പിന്നര്‍ ആണെന്നും പറഞ്ഞപ്പോള്‍, ‘ഒരു കുഴപ്പവുമില്ല, നമുക്ക് മുന്നോട്ട് പോകാം, ഇതും കടന്നുപോകും,’ എന്നായിരുന്നു അഫ്രിദി മറുപടി പറഞ്ഞത്.
Content Highlight: Shahid Afridi asks who is Amit Mishra, has he played for India or not?