| Tuesday, 11th May 2021, 10:39 am

നായാട്ടിന്റെ കഥ ആദ്യം പറഞ്ഞത് ജോജുവിനോട്; മുന്‍കൂര്‍ എഴുതിക്കൊടുത്തിട്ട് കഥകളുടെ പിറകേ പോകാറില്ലെന്ന് തിരക്കഥാകൃത്ത് ഷാഹി കബീര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീര്‍ തിരക്കഥയൊരുക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രമാണ് നായാട്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു സംഭവം മറ്റൊരു രീതിയില്‍ സിനിമയാക്കുകയായിരുന്നുവെന്നാണ് തിരക്കഥയെപ്പറ്റി ഷാഹി പറയുന്നത്.

നായാട്ടിന്റെ കഥ ഏകദേശം പൂര്‍ത്തിയായപ്പോള്‍ ആദ്യം പറഞ്ഞത് നടന്‍ ജോജുവിനോടായിരുന്നുവെന്നും ഷാഹി പറഞ്ഞു. ബിഹൈന്‍ഡ് ദി വുഡ്‌സ്‌ന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷാഹി മനസ്സുതുറന്നത്.

‘ജോസഫിന്റെ കാര്യമാണെങ്കില്‍, ഞാനാദ്യം എഴുതുന്നതിന് മുമ്പ് ജോജുവിനോടാണ് സംസാരിച്ചത്. ജോജു കഥ കേട്ടിട്ടാണ് ഞാന്‍ എഴുതാന്‍ തുടങ്ങുന്നത്. അതുപോലെ തന്നെ നായാട്ടിന്റെ ആദ്യ കഥയും കേട്ടത് ജോജുവാണ്. താല്‍പ്പര്യമുണ്ടെന്ന് ജോജുവിന് തോന്നുന്ന പോയിന്റിലാണ് കഥ ബാക്കിയെഴുതുന്നത്. അല്ലാതെ മുന്‍കൂര്‍ എഴുതിക്കൊടുത്തിട്ട് കഥകളുടെ പിറകെ പോകാറില്ല’, ഷാഹി പറഞ്ഞു.

നിമിഷ സജയന്‍, കുഞ്ചാക്കോ ബോബന്‍, ജോജു വര്‍ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നായാട്ട് ഏറെ ജനശ്രദ്ധ നേടിയിരുന്നു.

പൊലീസിന്റെ ദൈനംദിന പ്രവൃത്തികളും വ്യക്തി ജീവിതവും മുതല്‍ ടെന്‍ഷന്‍ നിറഞ്ഞ ജോലികള്‍ സൃഷ്ടിക്കുന്ന മാനസിക സമ്മര്‍ദവും രാഷ്ട്രീയക്കാരുടെ വെറും കളിപ്പാവകളായി മാറേണ്ടി വരുന്ന അവസ്ഥയുമെല്ലാം ചിത്രത്തില്‍ പറയുന്നുണ്ട്. അതുപോലെ തന്നെ പൊലീസ് നടത്തുന്ന നിയമവിരുദ്ധമായ അറസ്റ്റുകള്‍ മുതലുള്ള പ്രവൃത്തികളും ചിത്രത്തിലുണ്ട്.

നായാട്ട് മാര്‍ട്ടിന്‍ പ്രകാട്ടിന്റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് കുഞ്ചാക്കോ ബോബന്‍ നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിലെ തന്റെ വേഷമായ മൈക്കിള്‍ പ്രവീണ്‍ ആവാന്‍ കുറച്ചധികം ശ്രമം വേണ്ടിവന്നെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞിരുന്നു.

നേരത്തെ നായാട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത് പൃഥ്വിരാജായിരുന്നു. മലയാള സിനിമ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രത്തില്‍ ഒന്നായിരിക്കും നായാട്ട് എന്നാണ് പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Shahi Kabir About Nayattu Movie

Latest Stories

We use cookies to give you the best possible experience. Learn more