Entertainment
ജോസഫ് ഞാൻ സംവിധാനം ചെയ്യേണ്ടതായിരുന്നു, ആ ദിലീഷ് പോത്തൻ ചിത്രം കാരണമാണ് ഉപേക്ഷിച്ചത്: ഷാഹി കബീർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 23, 08:21 am
Sunday, 23rd February 2025, 1:51 pm

ഒട്ടും ഹൈപ്പില്ലാതെ വന്ന് ബമ്പർ ഹിറ്റായ ചിത്രമായിരുന്നു 2018ൽ പുറത്തിറങ്ങിയ ജോസഫ്. യഥാർത്ഥ ജീവിതത്തിലെ കഥകൾ കോർത്തിണക്കിയ ചിത്രത്തിന്റെ നട്ടെല്ല് എന്ന് പറയുന്നത് സിനിമയുടെ തിരക്കഥ തന്നെയായിരുന്നു. ഷാഹി കബീർ എന്ന രചയിതാവിന്റെ ഉത്ഭവം കൂടിയായിരുന്നു ജോസഫ്. പിന്നീട് നായാട്ട് എന്ന സിനിമയിലൂടെ തന്റെ മികവ് ഒന്നുകൂടെ തെളിയിച്ച ഷാഹി ഇലവീഴാ പൂഞ്ചിറ എന്ന സിനിമയിലൂടെ തന്റെ സംവിധാന മികവും തളിയിച്ചു.

ഓഫീസർ ഓൺ ഡ്യൂട്ടി എന്ന പുതിയ സിനിമയിലൂടെ വീണ്ടും കയ്യടി നേടുകയാണ് അദ്ദേഹം. ഓഫീസർ ഓൺ ഡ്യൂട്ടിയുടെ സംവിധാകൻ ജിത്തു അഷ്‌റഫിനെ കുറിച്ചും ജോസഫ് എന്ന സിനിമയെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് ഷാഹി കബീർ. മലയാള മനോരമ ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഏറെക്കാലമായി സിനിമയിൽ സഹ സംവിധായകനായി ജോലി ചെയ്യുന്നയാളാണ് ജിത്തു അഷ്റഫ്. ഞാൻ ആദ്യമായി ഒരു സിനിമയുടെ കഥ പറയുന്നത് ജിത്തുവിനോടാണ്. കഥ കേട്ടയുടൻ അദ്ദേഹം എനിക്ക് ജോജു ജോർജിനെ പരിചയപ്പെടുത്തി.

‘ജോസഫ്’ എന്ന ആദ്യചിത്രം രൂപപ്പെടുന്നത് അങ്ങനെയാണ്. അതുകഴിഞ്ഞ് മാർട്ടിൻ പ്രക്കാട്ടുമായി ചേർന്ന് ‘നായാട്ട്’ ചെയ്യുമ്പോൾ ജിത്തു ആ സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായിരുന്നു.

പിന്നെയൊരിക്കൽ മാർട്ടിൻ ചേട്ടനോട് ഒരു ചെറിയ ത്രെഡ് പറഞ്ഞു. അദ്ദേഹം നിർമിക്കാമെന്നേറ്റു. സംവിധായകനായി ജിത്തു വരട്ടെ എന്നും തീരുമാനിച്ചു. അതാണ് ഓഫിസർ ഓൺ ഡ്യൂട്ടി. ജോസഫ് ഞാൻ തന്നെ സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ്. പക്ഷേ, ജോസഫിൻ്റെ എഴുത്ത് നടക്കുന്ന സമയത്താണ് ദിലീഷ് പോത്തന്റെ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന പടത്തിൽ അസിസ്റ്റൻ്റാകാൻ അവസരം കിട്ടിയത്.

അതോടെ നേരെ കയറി സംവിധായകനാവുക എന്ന പദ്ധതി ഉപേക്ഷിച്ചു. നായാട്ട് കഴിഞ്ഞ് നിൽക്കുമ്പോഴാണ് എന്റെ ദീർഘകാല സുഹൃത്തുക്കളായ നിധീഷ്.ജിയും ഷാജി മാറാടും കൂടി ഒരു തിരക്കഥയുമായി വരുന്നത്. എനിക്കത് സംവിധാനം ചെയ്യാൻ താത്പര്യം തോന്നി. അവർക്കും അതു സമ്മതമായി. അതാണ് “ഇലവീഴാപ്പുഞ്ചിറ’. ഇപ്പോൾ ദിലീഷ് പോത്തൻ, റോഷൻ മാത്യു എന്നിവരെ പ്രധാന കഥാ പാത്രങ്ങളാക്കി ‘റോന്ത്’ എന്ന പുതിയൊരു സിനിമ സംവിധാനം ചെയ്യുന്നതിൻ്റെ തിരക്കിലാണ് ഞാൻ,’ഷാഹി കബീർ പറയുന്നു.

 

Content Highlight: Shahi Kabeer About Joseph Movie And His Films