| Sunday, 9th February 2020, 4:00 pm

'മാപ്പുപറയാതെ തൂക്കുമരത്തിലേക്ക് നടന്നു നീങ്ങിയ ഭഗത്‌സിങ്ങിന്റെ പിന്‍മുറക്കാരാണ് ഞങ്ങള്‍' ; എന്തുകൊണ്ട് ഷഹീന്‍ബാഗിലെത്തിയെന്ന് സിഖ് സംഘത്തലവന്‍ മോട്ടു സിംങ് ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു

ഷഫീഖ് താമരശ്ശേരി

പൗരത്വഭേദഗതി നിയമത്തിനെതിരായി രാജ്യത്ത് നടക്കുന്ന സമരങ്ങളില്‍ ഏറ്റവും ശ്രദ്ധേയവും നിര്‍ണായകവുമായതാണ് ദല്‍ഹിയിലെ ഷഹീന്‍ബാഗില്‍ ദിവസങ്ങളായി സ്ത്രീകള്‍ നടത്തിവരുന്ന രാപ്പകല്‍ സമരം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖരടക്കമുള്ള അനേകം വ്യക്തികളും കൂട്ടായ്മകളുമാണ് ദിനം പ്രതി ഷഹീന്‍ബാഗിലെത്തി സമരത്തിന് ഐക്യദാര്‍ഢ്യം അറിയിക്കുന്നത്. ഇത്തരത്തില്‍ ഷഹീന്‍ബാഗിലെത്തിയ പഞ്ചാബില്‍ നിന്നുള്ള അഞ്ഞൂറോളം പേരടങ്ങിയ സിഖ് സംഘത്തിന്റെ സാന്നിധ്യം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

എന്നാല്‍ സമരത്തിന് ബഹുമുഖ സ്വഭാവം ലഭിക്കാന്‍ വേണ്ടി സിഖ് സംഘത്തെ ഷഹീന്‍ബാഗ് സമരക്കാര്‍ പണം നല്‍കി വരുത്തിയതാണെന്നാണ് ബി.ജെ.പി നേതാക്കള്‍ പ്രതികരിച്ചത്. അഞ്ച് ദിവസമായി ഷഹീന്‍ബാഗ് സമരത്തില്‍ പങ്കെടുത്തുവരുന്ന സിഖ് സംഘത്തിന്റെ നേതാവ് മോട്ടു സിങ് ഡൂള്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലേക്ക്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങള്‍ എവിടെ നിന്നുളളവരാണ്?, എന്തുകൊണ്ടാണ് ഷഹീന്‍ബാഗിലേക്ക് പുറപ്പെടാന്‍ തീരുമാനിച്ചത്?

പഞ്ചാബിലെ സംഗരൂര്‍ ജില്ലയിലെ മലേര്‍ക്കോട്ട്ലയില്‍ നിന്നുള്ളവരാണ് ഞങ്ങളുടെ സംഘത്തില്‍ പ്രധാനമായും ഉള്ളത്. 480 ഓളം പേരാണ് ഇവിടെ എത്തിയിട്ടുള്ളത്. അതില്‍ മിക്കവരും കര്‍ഷകരാണ്. തുടര്‍ച്ചയായി നുണകള്‍ പറഞ്ഞ് രാജ്യത്തെ ജനങ്ങളെ വഞ്ചിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പി സര്‍ക്കാറിനോടുള്ള പ്രതിഷേധമാണ് ഗ്രാമീണരായ ഞങ്ങളെ രാജ്യതലസ്ഥാനത്ത് നടക്കുന്ന ഈ സമരത്തിലെത്തിച്ചത്.

എന്നുവെച്ചാല്‍, ബി.ജെ.പി സര്‍ക്കാറിനോടുള്ള പൊതുവിലുള്ള വിയോജിപ്പാണോ നിങ്ങളെ ഈ സമരത്തിലേക്കെത്തിച്ചത്?

അങ്ങനെയല്ല, പൊതുവില്‍ ബി.ജെ.പിയോടുള്ള വിയോജിപ്പുകള്‍ തുടരുന്നുവെങ്കിലും സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്ന പൗരത്വഭേദഗതി നിയമത്തോടുള്ള എതിര്‍പ്പ് തന്നെയാണ് ഈ സാഹചര്യത്തില്‍ ഞങ്ങളെ ഇവിടെ എത്തിച്ചത്. ബി.ജെ.പി ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്ന ഈ ഭീകരനിയമം പ്രധാനമായും മുസ്‌ലിങ്ങളെ ലക്ഷ്യം വെക്കുന്നതാണ്. നാളെ അവര്‍ സിഖുകാരെയും ലക്ഷ്യം വെക്കും എന്നത് തീര്‍ച്ചയാണ്.
സംഘപരിവാറിന്റെ ദേശസങ്കല്‍പ്പത്തിന് പുറത്തുള്ളവരെയെല്ലാം രാജ്യത്തില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമം അവര്‍ നടത്തും. അതിനാല്‍ ഇപ്പോള്‍ നടക്കുന്ന എല്ലാ പ്രതിഷേധങ്ങളിലും ഭാഗമാകേണ്ടത് ഞങ്ങളുടെ ബാധ്യത കൂടിയാണ്.

ഷഹീന്‍ബാഗ് സമരത്തിന്റെ പിറകിലുള്ളവര്‍ നിങ്ങളെ പണം നല്‍കി ഇവിടേക്ക് എത്തിച്ചതാണെന്ന തരത്തിലുള്ള ആരോപണങ്ങള്‍ ബി.ജെ.പി ഉയര്‍ത്തുന്നുണ്ടല്ലോ?

അങ്ങനെ പണം കൊണ്ട് വിലയ്ക്കെടുക്കാന്‍ കഴിയുന്നതാണോ സിഖ് ജനതയുടെ ആത്മാഭിമാനം എന്നത് ഞങ്ങളുടെ ചരിത്രം അറിയുന്നവര്‍ക്ക് മനസ്സിലാകും. ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ മുട്ടുമടക്കാനോ മാപ്പ് പറയാനോ തയ്യാറല്ലാത്തതിനാല്‍ തൂക്കുമരത്തിലേക്ക് സധൈര്യം നടന്നുനീങ്ങിയ ഭഗത് സിങ്ങിന്റെ നാട്ടുകാരും പിന്‍മുറക്കാരുമാണ് ഞങ്ങള്‍. ഈ സമരത്തിലും ഞങ്ങളെ നയിക്കുന്നത് ഭഗത് സിങ്ങിന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ തന്നെയാണ്.

ഷഹീന്‍ബാഗ് സമരത്തില്‍ നിന്നും സഹായങ്ങള്‍ വാങ്ങിയല്ല, പകരം സമരത്തെ അങ്ങോട്ട് സഹായിക്കാനാണ് ഞങ്ങള്‍ ഇവിടെ വന്നിട്ടുള്ളത്.
ഇവിടെയെത്താനുള്ള യാത്രാചിലവടക്കം രണ്ട് ലക്ഷം രൂപയോളം ഞങ്ങള്‍ക്ക് ചിലവായിട്ടുണ്ട്. ആ പണം സ്വരൂപിച്ചത് ഞങ്ങളുടെ ഗ്രാമങ്ങളിലെ സാധാരണക്കാരായ ആളുകളില്‍ നിന്നും സംഭാവനകള്‍ സ്വീകരിച്ചുകൊണ്ടാണ്. പൗരത്വ ഭേദഗതി സമരവുമായി ബന്ധപ്പെട്ട പ്രചരണവുമായി കഴിഞ്ഞ ഫെബ്രുവരി ഒന്നിന് ഞങ്ങളുടെ സംഘം പ്രദേശത്തെ മുഴുവന്‍ വീടുകളും കയറിയിറങ്ങിയിരുന്നു. ഏതാണ്ട് 4500 ഓളം മുസ്‌ലിം കുടുംബങ്ങളും ഞങ്ങളുടെ നാട്ടിലുണ്ട്. ഇവിടുന്നെല്ലാം ലഭിച്ച ചെറിയ തുകയും പഞ്ചസാര, ഗോതമ്പ്, പരിപ്പ്, അരി തുടങ്ങിയ ഭക്ഷ്യവസ്തുക്കളും ഒപ്പം ഞങ്ങളുടെ വീടുകളിലുള്ള റേഷന്‍ വിഹിതവും എല്ലാം ശേഖരിച്ചാണ് ഇവിടേയ്ക്ക് പുറപ്പെട്ടത്. ഞങ്ങള്‍ ഇവിടെ ഒരുക്കിയിരിക്കുന്ന ഭോജനശാല(ലംഗര്‍) ഒന്ന് വന്ന് പരിശോധിച്ചാല്‍ ആര്‍ക്കുമത് മനസ്സിലാകും.

പൗരത്വ ഭേഗദഗതി നിയമം ബി.ജെ.പി അനുകൂല വിഭാഗങ്ങള്‍ക്ക് പുറത്തുള്ളവരില്‍ കൂടുതല്‍ യോജിപ്പുകള്‍ സൃഷ്ടിക്കുന്നുണ്ടോ?

തീര്‍ച്ചയായും. ഷഹീന്‍ബാഗ് തന്നെയും അതിന്റെ ഉദാഹരണമാണ്. മുസ്‌ലിങ്ങളാണ് സമരത്തിന് മുന്നിലെങ്കിലും എല്ലാ വിഭാഗക്കാരുടെയും പിന്തുണ അവര്‍ക്കുണ്ട്. ഞങ്ങളുടെ നാടായ പഞ്ചാബില്‍ ഈയിടെ നടന്ന നിരവധി പ്രതിഷേധങ്ങളിലെ വ്യത്യസ്ത വിഭാഗങ്ങളുടെ സമരത്തിനോടുള്ള യോജിപ്പ് ഏറെ പ്രതീക്ഷയുളവാക്കുന്നതാണ്.

വരും ദിവസങ്ങളിലും നിങ്ങള്‍ ഷഹീന്‍ബാഗില്‍ തുടരുമോ?

ഇല്ല, ഷഹീന്‍ബാഗ് സമരത്തിനുള്ള ഞങ്ങളുടെ പിന്തുണ അറിയിക്കാനാണ് ഞങ്ങള്‍ വന്നത്. അല്ലാതെ സ്ഥിരമായി സമരത്തിന്റെ ഭാഗമാകാന്‍ വേണ്ടിയല്ല. ഞങ്ങള്‍ സമരം ചെയ്യേണ്ടത് ഞങ്ങളുടെ സ്വന്തം നാട്ടിലാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഈ വരുന്ന ഫെബ്രുവരി 16ന് പഞ്ചാബിലെ മലേര്‍ക്കോട്ട്ലയില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ഒരു വലിയ പ്രതിഷേധ സമ്മേളനം പതിനാറോളം സംഘടനകളുടെ മുന്‍കൈയില്‍ ഞങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. അതിനാല്‍ ഞങ്ങള്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങും. പൗരത്വഭേദഗതി നിയമത്തിനെതിരായ സിഖ് ജനതയുടെ ശക്തമായ താക്കീത് കൂടിയായിരിക്കും മലേര്‍ക്കോട്ട്ലയില്‍ നടക്കാന്‍ പോകുന്ന സമ്മേളനം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പഞ്ചാബില്‍ ശക്തമായി സമരങ്ങള്‍ തുടരാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. ബി.ജെ.പി യെ ഒരിക്കലും വിശ്വസിക്കാന്‍ സാധിക്കില്ല എന്നതിന് നമുക്ക് കുറേ മുന്‍ അനുഭവങ്ങളുണ്ട്. കര്‍ഷകരായ ഞങ്ങള്‍ക്ക് പ്രത്യേകിച്ചും. സംഘപരിവാര്‍ ഈ രാജ്യത്ത് നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്ന എല്ലാ വിഭാഗങ്ങളെയും ഒന്നിച്ച് ചേര്‍ത്തുനിര്‍ത്തി സാഹോദര്യത്തിന്റെയും യോജിപ്പിന്റെയും ഐക്യത്തിന്റെയും സന്ദേശം രാഷ്ട്രത്തിന് പകര്‍ന്നുനല്‍കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.

ചിത്രങ്ങള്‍ ഷഫീഖ് താമരശ്ശേരി

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more