| Wednesday, 12th February 2020, 2:28 pm

ഒരു ബസ് സ്റ്റോപ്പിനെ ലൈബ്രറിയാക്കി മാറ്റിയ ഷാഹീന്‍ബാഗ്

ഷഫീഖ് താമരശ്ശേരി

ഇരമ്പുന്ന മുദ്രാവാക്യങ്ങള്‍, കവിതകള്‍, പലയിടങ്ങളായി നടക്കുന്ന കൊച്ചു കൊച്ചു പ്രകടനങ്ങള്‍, പല ഭാഷകളിലായി നടക്കുന്ന പ്രസംഗങ്ങള്‍, പാട്ടുകള്‍. പൗരത്വഭേദഗതി നിയമത്തിനെതിരായി സ്ത്രീകളുടെ മുന്‍കൈയില്‍ രണ്ടുമാസത്തോളമായി നടന്നുവരുന്ന രാപ്പകല്‍ സമരം ഷാഹീന്‍ബാഗ് എന്ന കൊച്ചുപ്രദേശത്തിന്റെ മുഖമാകെ മാറ്റിത്തീര്‍ത്തിരിക്കുകയാണ്.

പടുകൂറ്റന്‍ ബാനറുകളും ശില്പങ്ങളും ചുവര്‍ചിത്രങ്ങളുമെല്ലാം ഷാഹീന്‍ബാഗിന്റെ ചുറ്റിലുമുള്ള കാഴ്ചകളെ ഒരു പോരാട്ട ഭൂമിയുടേതാക്കി മാറ്റുന്നുണ്ട്. ദിവസവും സമരപ്പന്തലിലെത്തുന്ന നൂറുകണക്കിന് പേര്‍ക്ക് വ്യത്യസ്തമായ കാഴ്ചയും അനുഭവവുമൊരുക്കി ഒരു ലൈബ്രറിയും അവിടെ രൂപപ്പെട്ടിരിക്കുന്നു.

സമരത്തിലിരിക്കുന്ന ഷാഹീന്‍ബാഗിലെ കുടുംബങ്ങളിലെ കുട്ടികളും പുറത്തു നിന്നെത്തുന്നവരുമെല്ലാം വായിക്കുകയും പഠിക്കുകയും ചെയ്യുന്ന ഈ ലൈബ്രറിയുടെ പേര് ‘ഫാത്തിമ ഷെയ്ഖ് – സാവിത്രിബായി ഫൂലെ ലൈബ്രറി’ എന്നാണ്. ദല്‍ഹിയിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നും സമരത്തിന് പിന്തുണയുമായെത്തിയ ഏതാനും വിദ്യാര്‍ത്ഥികളാണ് സമരത്തെ കൂടുതല്‍ സര്‍ഗാത്മകമാക്കുക എന്ന ഉദ്ദേശത്തില്‍ സമീപത്തെ ബസ് സ്റ്റോപ്പിനെ ഒരു വായനശാലയാക്കി മാറ്റിയത്.

രാജ്യത്തെ വലിയൊരുവിഭാഗം നേരിടുന്ന വിവേചനങ്ങള്‍ക്കെതിരെ അനേകം അമ്മമാര്‍ രാവും പകലും സമരം ചെയ്യുമ്പോള്‍, അവരുടെ കുഞ്ഞുങ്ങള്‍ അതിനരികിലിരുന്ന് ഗാന്ധിയെയും അംബേദ്കറിനെയും നെഹ്റുവിനെയും ഭഗത്‌സിങ്ങിനെയും എല്ലാം വായിച്ചുകൊണ്ടിരിക്കുന്ന കാഴ്ച പ്രക്ഷോഭങ്ങള്‍ക്ക് കൂടുതല്‍ മാനങ്ങള്‍ നല്‍കുന്നു എന്നാണ് ‘ഫാത്തിമ ഷെയ്ഖ് – സാവിത്രിബായി ഫൂലെ ലൈബ്രറി’ യുടെ പ്രവര്‍ത്തനത്തെക്കുറിച്ച് വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ഖാലിദ് ഷാഹീന്‍ബാഗില്‍ വെച്ച് ഡൂള്‍ന്യൂസിനോട് പറഞ്ഞത്.

”ഷാഹീന്‍ബാഗ് സമരത്തിന്റെ ആദ്യ ദിവസങ്ങള്‍ മുതല്‍ തന്നെ ഞങ്ങള്‍ ഇവിടെ വരാറുണ്ടായിരുന്നു. സമരപ്പന്തലിലുള്ള കുഞ്ഞുങ്ങളെ പഠിക്കാന്‍ സഹായിച്ചുകൊണ്ടായിരുന്നു അന്ന് ഞങ്ങള്‍ ഇവിടെ ചിലവഴിച്ചിരുന്നത്.

കുട്ടികളെ പഠിപ്പിക്കാനായി സമരസ്ഥലത്ത് തന്നെ ഒരിടം പ്രത്യേകമായി കണ്ടെത്തിയാല്‍ കുറേകൂടി ഫലപ്രദമാകുമെന്നും കുട്ടികള്‍ക്ക് കൂടുതല്‍ പുസ്തകങ്ങള്‍ എത്തിച്ചു നല്‍കാമെന്നും തോന്നിയപ്പോഴാണ് അടുത്തുണ്ടായിരുന്ന ബസ്സ്റ്റോപ്പിനെ ഈ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചത്.

ആദ്യം ഞങ്ങളുടെ കയ്യിലുണ്ടായിരുന്നത് ഏതാണ്ട് അമ്പതോളം പുസ്തകങ്ങള്‍ മാത്രമായിരുന്നു. സോഷ്യല്‍ മീഡിയ വഴി ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ആവശ്യപ്പെട്ട് ഞങ്ങള്‍ ഒരു അഭ്യര്‍ത്ഥന നടത്തിയതോടെ പിന്നീടുള്ള ദിവസങ്ങളില്‍ ഷാഹീന്‍ബാഗിലെത്തിയവര്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍കൊണ്ടുവന്ന് നല്‍കി.

ഇപ്പോള്‍ ആയിരത്തോളം പുസ്തകങ്ങള്‍ ഇവിടെയുണ്ട്. ഷാഹീന്‍ബാഗിലെ സമരം അവസാനിച്ചാലും ഈ സമരത്തിന്റെ ഓര്‍മയ്ക്കായി ഇതേ പേരില്‍ തന്നെ സ്ഥിരമായ ഒരിടത്ത് ലൈബ്രറി തുടരാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്.” ലൈബ്രറിയുടെ മുഖ്യ സൂത്രധാരന്‍മാരിലൊരാളായ മുഹമ്മദ് ആസിഫ് ഡൂള്‍ന്യൂസിനോട് വിശദീകരിച്ചു.

 മുഹമ്മദ് ആസിഫ്

ഷാഹീന്‍ബാഗ് സമരപ്പന്തലിലെ കുട്ടികളെ പഠനത്തിന് സഹായിക്കാനായി വേണ്ടി ആരംഭിച്ച വായനശാല സമാന്തരമായ മറ്റൊരു സമരവേദി ആയി മാറുന്ന കാഴ്ചയാണ് ഈ ദിവസങ്ങളില്‍ കാണുന്നത്. എല്ലാ ദിവസവും വൈകീട്ട് ഒരു വിശിഷ്ടാതിഥിയുടെ പ്രസംഗവും അവിടെ നടന്നുവരുന്നുണ്ട്.

അനേകം പേരാണ് ആ സമയത്ത് ലൈബ്രറിയുടെ മുന്നില്‍ തടിച്ചുകൂടുന്നത്. എഴുത്തകാരനും ആക്ടിവിസ്റ്റുമായ ഹര്‍ഷ് മന്ദര്‍, സാമൂഹ്യപ്രവര്‍ത്തക കവിത കൃഷ്ണ, സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഴാങ് ദ്രസ്, എഴുത്തുകാരന്‍ അശോക് കുമാര്‍ പാണ്ഡേ, ചലച്ചിത്ര നിര്‍മാതാവ് സമീന മിശ്ര, ചരിത്രകാരനായ സുഹൈല്‍ ഹാഷ്മി, കവിയും ശാസ്ത്രകാരനുമായ ഗൗഹര്‍ റാസ തുടങ്ങിയ അനേകം പേര്‍ പല ദിവസങ്ങളിലായി ലൈബ്രറിയില്‍ വന്ന് പ്രസംഗിച്ചിട്ടുണ്ട്.

‘നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തെ വളച്ചൊടിച്ചുകൊണ്ടും വിഡ്ഡിത്തം നിറഞ്ഞ കാര്യങ്ങള്‍ പാഠ്യപദ്ധതികളില്‍ ഉള്‍പ്പെടുത്തിയും തന്ത്രങ്ങള്‍ മെനയുന്ന ഫാസിസ്റ്റുകള്‍ക്കെതിരായാണ് ഇപ്പോള്‍ രാജ്യമാസകലം നടക്കുന്ന സമരങ്ങള്‍. അതുകൊണ്ട് തന്നെ അറിവിനെയും വിജ്ഞാനത്തെയും ചരിത്രത്തെയുമെല്ലാം സമരായുധമാക്കി മാറ്റുക എന്നത് തന്നെയാണ് വഴി. ഷാഹീന്‍ബാഗ് അതിന്റെ ഉത്തമ മാതൃകയാവുകയാണ്. സാമ്പത്തിക ശാസ്ത്രജ്ഞനായ ഴാങ് ദ്രസ് ഷാഹീന്‍ബാഗില്‍ വെച്ച് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ബംഗാളി, ഉറുദു, ഹിന്ദി, പഞ്ചാബി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെല്ലാമുള്ള പുസ്തകങ്ങള്‍ ലൈബ്രറിയിലുണ്ട്. കവിതകളും കഥകളും നോവലുകളും ലേഖനസമാഹാരങ്ങളും ശാസ്ത്രപുസ്തകങ്ങളുമെല്ലാം. ഒപ്പം ഭരണഘടനയുടെ നിരവധി കോപ്പികളും.

ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടതിനെതിരെ ഒരു ജനത നടത്തുന്ന സമരസ്ഥലത്ത് തന്നെ ഭരണഘടന വായിച്ചുകൊണ്ട് സമരത്തില്‍പങ്കെടുക്കുന്നവരെ നമുക്കവിടെ കാണാം.

ഭരണഘടനാ മൂല്യങ്ങളെ തിരിച്ചുപിടിക്കാനുള്ള സമരമാണിത് എന്നതിനാല്‍ തന്നെയാണ് ഭരണഘടനയുടെ വിവിധ ഭാഷകളിലുള്ള അനേകം കോപ്പികള്‍ ഞങ്ങള്‍ ഇവിടെ എത്തിച്ചത് എന്ന് ലൈബ്രറിയുടെ സംഘാടകരിലൊരാളായ ‘മുഹമ്മദ് നൂര്‍ ആലം’ഡൂള്‍ന്യൂസിനോട് പറഞ്ഞു.

”എന്റെ ജീവിതത്തില്‍ ആദ്യമായാണ് ഇത്രയും മുസ്‌ലിം സ്ത്രീകള്‍ ഇത്രയധികം ദിവസം സമരം ചെയ്യുന്നത് ഞാന്‍ കാണുന്നത്. ഇത് സ്ത്രീകളുടെ സമരമാണ് എന്നതിനാലാണ് ലൈബ്രറിയ്ക്ക് ഞങ്ങള്‍ ഫാത്തിമ ഷെയ്ക്കിന്റെയും സാവിത്രിബായി ഫൂലെ യുടെയും പേര് നല്‍കിയത്.

ദളിത് മുസ്‌ലിം വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്, പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി അനേകം ത്യാഗങ്ങള്‍ സഹിച്ച് ജീവിച്ചവരാണവര്‍. അവരുടെ ഓര്‍മയിലുള്ള ഈ ലൈബ്രറി ഷാഹീന്‍ബാഗിലെ കുഞ്ഞുങ്ങള്‍ക്ക് കാവലും കരുത്തും തന്നെയാണ്” മുഹമ്മദ് നൂര്‍ ആലം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more