ചരിത്രം കാത്തിരിക്കുന്നത് വെറും ഒമ്പത് വിക്കറ്റ് അകലെ; ആദ്യ പാകിസ്ഥാനിയാകാന്‍ ഷഹീന്‍ ഷാ അഫ്രിദി
Sports News
ചരിത്രം കാത്തിരിക്കുന്നത് വെറും ഒമ്പത് വിക്കറ്റ് അകലെ; ആദ്യ പാകിസ്ഥാനിയാകാന്‍ ഷഹീന്‍ ഷാ അഫ്രിദി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 16th August 2024, 8:18 pm

ബംഗ്ലാദേശിന്റെ പാകിസ്ഥാന്‍ പര്യടനത്തിനാണ് കളമൊരുങ്ങുന്നത്. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരക്കായാണ് ബംഗ്ലാദേശ് പാകിസ്ഥാനിലെത്തിയിരിക്കുന്നത്.

ഷാന്‍ മസൂദിന്റെ നേതൃത്വത്തിലാണ് പാകിസ്ഥാന്‍ കളത്തിലിറങ്ങുന്നത്. നജ്മുല്‍ ഹൊസൈന്‍ ഷാന്റോയാണ് ബംഗ്ലാ കടുവകളുടെ നായകന്‍.

ഈ പരമ്പരയില്‍ പാക് എക്‌സ്പ്രസ് പേസര്‍ ഷഹീന്‍ ഷാ അഫ്രിദിയെ ഒരു ചരിത്ര നേട്ടം കാത്തിരിക്കുന്നുണ്ട്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 100 വിക്കറ്റ് എന്ന നേട്ടത്തിലേക്കാണ് പാക് സ്പീഡ്സ്റ്റര്‍ കണ്ണുവെക്കുന്നത്.

 

ഇതിനായി ഒമ്പത് വിക്കറ്റുകള്‍ കൂടിയാണ് ഷഹീനിന് ആവശ്യമായുള്ളത്. ബംഗ്ലാദേശിനെതിരെ ഈ നേട്ടം സ്വന്തമാക്കിയാല്‍ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ വിക്കറ്റ് വീഴ്ത്തി സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ആദ്യ പാക് താരമെന്ന നേട്ടവും ബാബറിന്റെ പേരില്‍ കുറിക്കപ്പെടും.

2019 മുതല്‍ പാകിസ്ഥാനായി പന്തെറിഞ്ഞ 24 മത്സരത്തിലെ 41 ഇന്നിങ്‌സില്‍ നിന്നുമാണ് ഷഹീന്‍ 91 വിക്കറ്റ് നേടിയത്. 171 മെയ്ഡന്‍ അടക്കം 805.4 ഓവറാണ് താരം എറിഞ്ഞുതീര്‍ത്തത്. വഴങ്ങിയതാകട്ടെ 2478 റണ്‍സും.

27.33 ശാശരിയിലും 3.07 എക്കോണമിയിലും പന്തെറിയുന്ന ഷഹീനിന്റെ സ്‌ട്രൈക്ക് റേറ്റ് 53.12 ആണ്.

ഡബ്ല്യൂ.ടി.സിയില്‍ ഒമ്പത് തവണ ഫോര്‍ഫര്‍ നേടിയ ഷഹീന്‍ അഞ്ച് വിക്കറ്റ് നേട്ടം മൂന്ന് തവണയും നേടിയിട്ടുണ്ട്. 6/51 ആണ് മികച്ച ബൗളിങ് ഫിഗര്‍.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പാകിസ്ഥാന് വേണ്ടി ഏറ്റവുമധികം വിക്കറ്റ് നേടിയ താരങ്ങള്‍

(താരം – വിക്കറ്റ് എന്നീ ക്രമത്തില്‍)

ഷഹീന്‍ അഫ്രിദി – 91

നസീം ഷാ – 51

യാസിര്‍ ഷാ – 41

നൗമാന്‍ അലി – 39

അബ്രാര്‍ അഹമ്മദ് – 30

ഓഗസ്റ്റ് 21നാണ് പരമ്പരയിലെ ആദ്യ മത്സരം. റാവല്‍പിണ്ടി ക്രിക്കറ്റ് ഗ്രൗണ്ടാണ് വേദി. ഓഗസ്റ്റ് 30ന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് കറാച്ചിയാണ് വേദിയാകുന്നത്.

പാകിസ്ഥാന്‍ സ്‌ക്വാഡ്

അബ്ദുള്ള ഷഫീഖ്, ബാബര്‍ അസം, മുഹമ്മദ് ഹുറാറിയ, സയീം അയ്യൂബ്, സൗദ് ഷക്കീല്‍, ഷാന്‍ മസൂദ് (ക്യാപ്റ്റന്‍), ആമിര്‍ ജമാല്‍, സല്‍മാന്‍ അലി ആഘ, കമ്രാന്‍ ഗുലാം, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), സര്‍ഫാറാസ് അഹമ്മദ് (വിക്കറ്റ് കീപ്പര്‍), അബ്രാര്‍ അഹമ്മദ്, ഖുറാം ഷഹസാദ്, മിര്‍ ഹംസ, മൊഹമ്മദ് അലി, നസീം ഷാ, ഷഹീന്‍ അഫ്രിദി.

ബംഗ്ലാദേശ് സ്‌ക്വാഡ്

മഹ്‌മുദുള്‍ ഹസന്‍ ജോയ്, മോയിന്‍നുല്‍ ഹഖ്, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), ഷാദ്മാന്‍ ഇസ്‌ലാം, മെഹ്ദി ഹസന്‍ മിറാസ്, നയീം ഹസന്‍, ഷാകിബ് അല്‍ ഹസന്‍, ലിട്ടണ്‍ ദാസ് (വിക്കറ്റ് കീപ്പര്‍), മുഷ്ഫിഖര്‍ റഹീം (വിക്കറ്റ് കീപ്പര്‍), സാക്കിര്‍ ഹസന്‍ (വിക്കറ്റ് കീപ്പര്‍), ഹസന്‍ മഹ്‌മൂദ്, ഖാലേദ് അഹമ്മദ്, നാഹിദ് റാണ, ഷോരിഫുള്‍ ഇസ്‌ലാം, തൈജുല്‍ ഇസ്‌ലാം, താസ്‌കിന്‍ അഹമ്മദ്.

 

Content highlight: Shaheen Shah Afridi need 9 wickets to complete 100 wicket in World Test Championship