| Wednesday, 30th December 2020, 5:39 pm

ഷാഹീന്‍ ബാഗില്‍ പൗരത്വ പ്രക്ഷോഭകര്‍ക്ക് നേരെ വെടിയുതിര്‍ത്ത കപില്‍ ഗുജ്ജാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയില്‍ പൗരത്വ പ്രതിഷേധം നടക്കുന്നതിനിടെ പ്രതിഷേധക്കാര്‍ക്ക് നടുവിലേക്ക് വെടിയുതിര്‍ത്ത കപില്‍ ഗുജ്ജാര്‍ ബി.ജെ.പിയില്‍ അംഗമായി. ഇയാള്‍ ഔദ്യോഗികമായി ബി.ജെ.പിയില്‍ ചേര്‍ന്നതായി ടൈംസ് നൗ ആണ് റിപ്പോര്‍ട്ട് ചെയ്തത്.

ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ നിന്നാണ് ബി.ജെ.പിയില്‍ അംഗത്വമെടുത്തത്. പാര്‍ട്ടി ഹിന്ദുത്വയ്ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് എന്നത് കൊണ്ടാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന് അംഗത്വമെടുത്തതിന് ശേഷം ഗുജ്ജാര്‍ പറഞ്ഞു.

ഫെബ്രുവരി 1നാണ് പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ ദല്‍ഹിയില്‍ പ്രതിഷേധിച്ച് കൊണ്ടിരുന്ന പ്രതിഷേധക്കാര്‍ക്ക് നേരെ ഗുജ്ജാര്‍ വെടിയുതിര്‍ത്തത്.

ജയ്ശ്രീറാം വിളിച്ചുകൊണ്ടും ഈ രാജ്യത്ത് ഹിന്ദുക്കള്‍ മാത്രം മതി, മറ്റാരും വേണ്ട എന്ന് ആക്രോശിച്ചും കൊണ്ടായിരുന്നു പ്രതിഷേധക്കാര്‍ക്ക് നേരെ ഇയാള്‍ വെടിയുതിര്‍ത്തത്.

2019 ഡിസംബര്‍ 14നായിരുന്നു ദല്‍ഹിയില്‍ പ്രതിഷേധ സമരം ആരംഭിച്ചത്. 2020 മാര്‍ച്ച് 24 വരെ ദല്‍ഹിയില്‍ പ്രതിഷേധ സമരം തുടര്‍ന്നു. രാജ്യത്ത് കൊവിഡ് ഭീതിയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സമരം അവസാനിപ്പിച്ചത്.

രാജ്യദ്രോഹികളെ വെടിവെക്കണമെന്ന കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിന്റെ ആഹ്വാനത്തിന് പിന്നാലെയാണ് ദല്‍ഹിയില്‍ വെടിവെയ്പ്പുകള്‍ നടന്നത്. ഗുജ്ജാര്‍ വെടിയുതിര്‍ക്കുന്നതിന് രണ്ട് ദിവസം മുമ്പ് തോക്കുധാരിയായ മറ്റൊരാളും ജാമിയ മിലിയ ഇസ് ലാമിയയ്ക്ക് സമീപം ഒരു വിദ്യാര്‍ത്ഥിക്ക് നേരെ വെടിവെച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Shaheen Bagh shooter Kapil Gujjar joins BJP in Ghaziabad

We use cookies to give you the best possible experience. Learn more