ന്യൂദല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തെതുടര്‍ന്ന് 70 ദിവസമായി അടച്ചിട്ട ഷാഹീന്‍ബാഗിലെ റോഡുകള്‍ തുറന്നു.
ജാമിയയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ നോയിഡയിലേക്കും ഹരിയാനയിലെ ഫരീദാബാദിലേക്കും ഉള്ള റോഡാണ് ഷഹീന്‍ ബാഗ് പ്രതിഷേധക്കാര്‍ തുറന്നത്.
പ്രതിഷേധം ആരംഭിച്ചതു മുതല്‍ ഷഹീന്‍ ബാഗില്‍ വിന്യസിച്ചിരിക്കുന്ന ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥരാണ് നിലവില്‍ റോഡ് ഗതാഗതം നിയന്ത്രിക്കുന്നത്. എന്നാല്‍ റോഡ് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഷാഹീന്‍ബാഗ് പ്രതിഷേധക്കാര്‍ ദല്‍ഹി പൊലീസുമായി യാതൊരു സംഭാഷണവും നടത്തിയിട്ടില്ല. റോഡ് തുറക്കുന്നതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് യാതൊരു മുന്നറിയിപ്പും പ്രതിഷേധക്കാര്‍ നല്‍കിയിട്ടില്ലെന്ന് ദല്‍ഹി പൊലീസും പറഞ്ഞു.
‘കുറച്ച് നേരത്തെയാണ് 9ാം നമ്പര്‍ റോഡ് ഒരു കൂട്ടം പ്രതിഷേധക്കാര്‍ തുറന്നത്. എന്നാല്‍ പിന്നാലെ ഒരു സംഘം അത് അടച്ചു. എന്നാല്‍ വീണ്ടും ഒരു സംഘം വന്ന് അത് തുറന്നു. ഇപ്പോഴും അതില്‍ വ്യക്തത വന്നിട്ടില്ല.’ ദല്‍ഹി സൗത്ത് ഈസ്റ്റ് പൊലീസ് ഡി.സി.പി പറഞ്ഞു.
ഷാഹീന്‍ബാഗ് പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തുന്നതിന് സുപ്രീംകോടതി നിയോഗിച്ച രണ്ട് പേരുടെ മധ്യസ്ഥ സംഘം പ്രതിഷേധസ്ഥലത്തെത്തി ചര്‍ച്ച നടത്തിയിരുന്നു.
പൊതുവഴി ഉപരോധിച്ചുകൊണ്ടുള്ള സമരം പാടില്ലെന്നും പ്രതിഷേധം മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചതിന് പിന്നാലെയാണ് മധ്യസ്ഥ സംഘം പ്രതിഷേധ സ്ഥലത്തെത്തുന്നത്. മുതിര്‍ന്ന അഭിഭാഷകരായ സജ്ഞയ് ഹെഗ്ഡെ, സാഘന രാമചന്ദ്രന്‍ എന്നിവരായിരുന്നു പ്രതിഷേധ സ്ഥലത്തെത്തിയത്.