ന്യൂദല്‍ഹി: ദല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകളെ അപമാനിച്ച ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യയ്‌ക്കെതിരെ ഒരു കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു.
പ്രതിഷേധക്കാരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചതിനെതിരെയാണ് കേസ് ഫയല്‍ ചെയ്തത്.
‘പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ 500 മുതല്‍ 700 വരെ രൂപ വാങ്ങിയെന്ന് കാണിച്ച് ട്വിറ്ററില്‍ നിങ്ങള്‍ പോസ്റ്റ് ചെയ്ത വീഡിയോ വിവിധ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു,’ നോട്ടീസില്‍ പറയുന്നു.
ഇത്തരം പ്രസ്താവനകള്‍ തെറ്റാണെന്നും പ്രതിഷേധക്കാരെ അപകീര്‍ത്തിപ്പെടുത്താനുള്ളതാണെന്നും നോട്ടീസില്‍ പറയുന്നു.
മാളവ്യ പോസ്റ്റ് ചെയ്ത വീഡിയോ നിരവധി വരുന്ന ജനങ്ങളെ തെറ്റിധരിപ്പിക്കാനാണ് ഉപകാരപ്പെട്ടിട്ടുണ്ടാവുകയെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്.
പ്രതിഷേധക്കാരെ അപകീര്‍ത്തിപ്പെടുത്തിയതിനാല്‍ മാളവ്യ ഒരു കോടി രൂപ നഷ്ട പരിഹാരമായി നല്‍കണമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരു മാസത്തിലേറെയായി ഷഹീന്‍ ബാഗില്‍ ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും പ്രതിഷേധിക്കുന്നു. ഇവര്‍ക്ക് പിന്തുണയുമായി ജാമിഅ മില്ലിയയിലെ വിദ്യാര്‍ത്ഥികളും പ്രതിഷേധിക്കുന്നവര്‍ക്കിടയിലുണ്ട്.