| Saturday, 14th March 2020, 11:58 am

'സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ മാനിക്കുന്നു, പക്ഷേ ഞങ്ങള്‍ക്കിത് അതിജീവനത്തിന്റെ പ്രതിഷേധമാണ്'; കൊവിഡ് ഭീതിയിലും പ്രതിഷേധം തുടര്‍ന്ന് ഷാഹീന്‍ബാഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യമാകെ കൊവിഡ് വൈറസ് ബാധയില്‍ ഭയന്നിരിക്കുമ്പോഴും പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധം തുടര്‍ന്ന് ഷാഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍. ആവശ്യമായ ആരോഗ്യ മുന്‍കരുതലുകളോടെ തങ്ങള്‍ പ്രതിഷേധം തുടരുമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ 200 ല്‍ അധികം ആള്‍ക്കാര്‍ കൂട്ടംകൂടാന്‍ പാടില്ലെന്ന് ദല്‍ഹി സര്‍ക്കാര്‍ അറിയിച്ചിരുന്നു. പൊതുയോഗങ്ങള്‍ ഒഴിവാക്കാനും സാമൂഹികമായി അകലം പാലിക്കാനും മന്ത്രി മനീഷ് സിസോദിയ ആവശ്യപ്പെട്ടിരുന്നു.

നിലവില്‍ ഷഹീന്‍ബാഗില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ക്കും ഇത് ബാധകമാണോ എന്ന ചോദ്യത്തിന്  പ്രതിഷേധക്കാരെ നീക്കം ചെയ്യേണ്ടത് കേന്ദ്രസര്‍ക്കാറാണെന്നാണ് സിസോദിയ പറഞ്ഞത്.
പൊതു ആരോഗ്യത്തിനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം സമരം തുടരാന്‍ തന്നെയാണ് പ്രതിഷേധക്കാരുടെ തീരുമാനം.

” സിനിമ ഹാളുകള്‍ക്കും ഐ.പി.എല്ലിനും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനത്തെ ഞങ്ങള്‍ മാനിക്കുന്നു. പക്ഷേ അതോക്കെ വിനോദോപാധികള്‍ മാത്രമാണ്, ഞങ്ങളുടേത് അങ്ങനെയൊന്നല്ല. ഞങ്ങളുടെ പ്രതിഷേധം അതിജീവനത്തിന് വേണ്ടിയുള്ളതാണ്. ഇതും അതും തമ്മില്‍ താരതമ്യം ചെയ്യാന്‍ പറ്റില്ല,” ഷാഹീന്‍ ബാഗ് പ്രതിഷേധത്തിന്റെ മീഡിയ കോര്‍ഡിനേറ്റര്‍ ഖാസി ഇമാദ് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ 90 ദിവസത്തിലധികമായി ഷാഹീന്‍ബാഗില്‍ പ്രതിഷേധം തുടരുകയാണ്.

ഡിസംബര്‍ 14 മുതല്‍ ഷാഹീന്‍ ബാഗില്‍ സ്ത്രീകളും കുട്ടികളും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചു കൊണ്ടിരിക്കുകയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more